കരുവന്നൂര്‍ ബാങ്ക് : മറ്റുബാങ്കുകള്‍നിക്ഷേപം അടിസ്ഥാനമാക്കിവിഹിതം നല്‍കേണ്ടിവരും
കരുവന്നൂര്‍ സഹകരണ ബാങ്കിനെ സഹായിക്കാനുള്ള കണ്‍സോര്‍ഷ്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ സഹകരണ ബാങ്കുകളില്‍നിന്നു വിഹിതം സ്വീരിക്കാന്‍ സഹകരണ വകുപ്പ് ആലോചിക്കുന്നു. നിക്ഷേപം അടിസ്ഥാനമാക്കിയാണ് വിഹിതം നിശ്ചയിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. നിക്ഷേപത്തിനനുസരിച്ച് ഓരോ ബാങ്കും തരളധനം സൂക്ഷിക്കേണ്ടതുണ്ട്. ഇതിന്റെ നിശ്ചിത ശതമാനമായിരിക്കും കണ്‍സോര്‍ഷ്യത്തിലേക്ക് നല്‍കേണ്ടിവരിക.
ലാഭത്തിലുള്ള സഹകരണ ബാങ്കുകള്‍ തരളധനത്തിന്റെ ഒരു ശതമാനവും നഷ്ടത്തിലുള്ള ബാങ്കുകള്‍ അര ശതമാനവും നല്‍കണമെന്നാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. 150 കോടി രൂപ കണ്‍സോര്‍ഷ്യം വഴി ശേഖരിക്കാനും ഇത് കരുവന്നൂര്‍ ബാങ്കിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനും ഉപയോഗിക്കാമെന്നാണ് തീരുമാനം. കേരള ബാങ്കും കണ്‍സോര്‍ഷ്യത്തിലേക്ക് വിഹിതം നല്‍കും.
ജില്ലയിലെ ഓരോ താലൂക്കിലെയും അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ ബാങ്ക് പ്രസിഡന്റ്മാര്‍ക്ക് കത്ത് നല്‍കുന്നുണ്ട്. കണ്‍സോര്‍ഷ്യവുമായി പരമാവധി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കുന്നത്. ഓരോ താലൂക്കിലെയും ഒന്നാം ക്ലാസ് സൂപ്പര്‍ ഗ്രേഡ് സംഘങ്ങള്‍ ഒന്നരക്കോടി വീതവും ക്ലാസ് ഒന്ന് സ്പെഷ്യല്‍ ഗ്രേഡ് സംഘങ്ങള്‍ ഒരു കോടി വീതവും ക്ലാസ് ഒന്ന് സംഘങ്ങള്‍ 50 ലക്ഷം വീതവും നല്‍കണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റ് സംഘങ്ങള്‍ അവരുടെ ശേഷിക്കനുസരിച്ചും കണ്‍സോര്‍ഷ്യത്തിലേക്ക് ഫണ്ട് അനുവദിക്കണമെന്നും പറയുന്നു.
കണ്‍സോര്‍ഷ്യം മാനേജര്‍, സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് നല്‍കേണ്ട പലിശ നിരക്ക്, ആ പലിശയുടെ ബാധ്യത ആരാണ് വഹിക്കേണ്ടത് എന്നീ കാര്യങ്ങളിലൊന്നും വ്യക്തതയായിട്ടില്ല. തരളധനം നിര്‍ബന്ധമായി സൂക്ഷിക്കേണ്ടതാണ്. ഇതില്‍നിന്ന് നിശ്ചിത ശതമാനം മാറ്റുമ്പോള്‍ അത് സൂക്ഷിക്കേണ്ട വിഹിതത്തില്‍നിന്ന് കുറവു വരുത്താനാകുമോയെന്നതിലും വ്യക്തത വന്നിട്ടില്ല.
[mbzshare]