കരുവന്നൂര്‍ ബാങ്കിനെ സഹായിക്കാന്‍ സഹകരണ സംഘങ്ങള്‍ പത്തുലക്ഷം വരെ നല്‍കും

moonamvazhi

സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂര്‍ സഹകരണ ബാങ്കിനെ സഹായിക്കാന്‍ തൃശൂര്‍ ജില്ലയിലെ സഹകരണ സംഘങ്ങളും ബാങ്കുകളും പ്രത്യേക നിക്ഷേപം നടത്തുന്നു. കരുവന്നൂരിന് ആവശ്യമായ പണം ലഭിക്കാനാണ് ആ ബാങ്കില്‍ സഹകരണ സംഘങ്ങള്‍ നിക്ഷേപിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിക്ഷേപം നടത്താനുള്ള തീരുമാനമം ഉണ്ടായത്.

പത്തുലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങളാണ് സംഘങ്ങളില്‍നിന്ന് സ്വീകരിക്കുന്നത്. 20 കോടിരൂപ ഈ രീതിയില്‍ മറ്റുസഹകരണ സംഘങ്ങളുടെ നിക്ഷേപത്തിലൂടെ കണ്ടെത്താനാണ് സഹകരണ വകുപ്പ് തീരുമാനിച്ചത്. അടിയന്തരമായി ലഭ്യമാക്കാന്‍ നിശ്ചയിച്ച 50 കോടിരൂപയിലാണ് 20 കോടി മറ്റുസംഘങ്ങളുടെ നിക്ഷേപമായി കണക്കാക്കിയിട്ടുള്ളത്. ചാലക്കുടി, മുകുന്ദപുരം മേഖലയിലെ 50 സഹകരണസംഘങ്ങളുടെ പ്രസിഡന്റുമാരുടെ യോഗമാണ് കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്തത്.

200 കോടിയില്‍ കൂടുതല്‍ നിക്ഷേപമുള്ള ബാങ്കുകള്‍ 10 ലക്ഷവും 100 മുതല്‍ 200 കോടി വരെയുള്ള ബാങ്കുകള്‍ ഏഴരലക്ഷവും അതിനു താഴെ നിക്ഷേപമുള്ള ബാങ്കുകള്‍ അഞ്ചുലക്ഷവും നല്‍കണമെന്നാണ് യോഗത്തില്‍ സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ ആവശ്യപ്പെട്ടത്. പലഘട്ടമായി 50 ലക്ഷം വരെ നല്‍കണം. അതില്‍ ആദ്യഗഡുവായാണ് അഞ്ചുമുതല്‍ 10 ലക്ഷം വരെ നല്‍കേണ്ടത്. ജില്ലയില്‍ ലാഭകരമല്ലാത്ത 37 ബാങ്കുകളെ ഇതില്‍നിന്ന് ഒഴിവാക്കി.

കരുവന്നൂര്‍ ബാങ്കിലുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ സഹകരണ മേഖലയെ ആകെ പ്രതികൂട്ടില്‍നിര്‍ത്തുന്ന പ്രചരണമാണ് നടക്കുന്നതെന്ന ആശങ്ക സഹകാരികള്‍ പങ്കുവെക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കാന്‍ കരുവന്നൂരിലെ പ്രതിസന്ധി പരിഹരിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന വികാരമാണ് യോഗത്തില്‍ പങ്കെടുത്ത സഹകാരികള്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് സഹകരണമേഖലയുടെ മൊത്തമായ പുനരുദ്ധാരണം കണക്കെടുത്ത് എല്ലാ ബാങ്കുകളും നിക്ഷേപം കരുവന്നൂര്‍ ബാങ്കിന് നല്‍കാന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News