‘കരുതല്‍ധനം’ നിക്ഷേപദ്ധതിയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സും മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പും

moonamvazhi

‘കുടുംബത്തിന് ഒരു കരുതല്‍ധനം’ എന്ന പേരില്‍ സഹകരണ വകുപ്പ് നടപ്പാക്കുന്ന പുതിയ നിക്ഷേപപദ്ധതിയില്‍ നിക്ഷേപകന് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കും. മാത്രവുമല്ല, നിക്ഷേപകന്റെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനും അര്‍ഹതയുണ്ടാകും. 36 തവണകളായി ഇഷ്ടമുള്ള വിഹിതം അടച്ച് ചേരാവുന്ന നിക്ഷേപ പദ്ധതിയാണിത്. പ്രതിസന്ധിഘട്ടങ്ങളില്‍ ഒരു കുടുംബത്തിന് ഒരു തുക ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. ഒന്നിച്ചോ തവണകളായോ ഓരോ കുടുംബം നിശ്ചയിക്കുന്ന സംഖ്യ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ കരുതല്‍ ധനമായി നിക്ഷേപിക്കാവുന്നതാണ്. പൈലറ്റ് അടിസ്ഥാനത്തില്‍ പാലക്കാട് പദ്ധതി നടപ്പാക്കി തുടങ്ങി.

 

ഈ പദ്ധതിയില്‍ ചുരുങ്ങിയ നിക്ഷേപം 25000 രൂപയും പരമാവധി നിക്ഷേപം മൂന്നുലക്ഷം രൂപയുമാണ്. ഇത് പ്രകാരം ഓരോ കുടുംബത്തിനും നിശ്ചയിക്കുന്ന സംഖ്യ പ്രത്യേകമായി 36 മാസത്തിനകം ഓരോ നിക്ഷേപകന്റേയും സൗകര്യപ്രകാരം ഒരുമിച്ചോ തവണകളായോ പരമാവധി 36 മാസത്തിനകം സംഘങ്ങളില്‍ നിക്ഷേപിക്കേണ്ടതാണ്. തവണകള്‍ക്ക് നിശ്ചിത സംഖ്യയോ കാലയളവോ ഇല്ല. 36 മാസത്തിനകം നിശ്ചയിച്ച തുക അടച്ചു തീര്‍ക്കണം. പദ്ധതിയില്‍ അടയ്ക്കാനുദ്ദേശിക്കുന്ന സംഖ്യ മുന്‍കൂട്ടി നിശ്ചയിക്കേണ്ടതാണ്.

പണം ഒരു സീറോ ബാലന്‍സ് സ്പെഷ്യല്‍ എസ്.ബി അക്കൗണ്ടില്‍ സ്വീകരിച്ച് അതിലേക്ക് അടവാക്കേണ്ടതാണ്. നിശ്ചയിച്ച കരുതല്‍ധന നിക്ഷേപം പൂര്‍ത്തിയാക്കുന്നതുവരെ ഇപ്രകാരം നിക്ഷേപിക്കുന്ന തുകയ്ക്ക് സേവിംഗ്സ് ബാങ്ക് നിരക്കിലുള്ള പലിശ അനുവദിക്കുന്നതാണ്. ഇപ്രകാരം തവണകളായി നിക്ഷേപിക്കുന്ന സംഖ്യ പിന്‍വലിക്കാവുന്നതല്ല. നിശ്ചിയിച്ച കരുതല്‍ധനം പൂര്‍ത്തിയാകുന്ന മുറക്ക് ഈ അക്കൗണ്ടിലെ തുക പദ്ധതി പ്രകാരമുള്ള നിക്ഷേപമാക്കി മാറ്റേണ്ടതാണ്.

ഈ നിക്ഷേപ പദ്ധതിയില്‍ ചേരുന്നതിന് ഉയര്‍ന്ന പ്രായപരിധിയില്ല. എന്നാല്‍ പദ്ധതി ഗൃഹനാഥയുടെ പേരില്‍ ഭര്‍ത്താവ്, മകന്‍, മകള്‍ തുടങ്ങിയ അടുത്ത ബന്ധുക്കളില്‍ ഒരാളെ കൂടി ഉള്‍പ്പെടുത്തി ജോയിന്റ് അക്കൗണ്ട് നിക്ഷേപമായിട്ടാണ് ആരംഭിക്കേണ്ടത്. ഈ പദ്ധതി പ്രകാരമുള്ള എല്ലാ നിക്ഷേപങ്ങളും അക്കൗണ്ടുകള്‍ മാത്രമായിരിക്കും. ഈ നിക്ഷേപ പദ്ധതിയുടെ ചുരുങ്ങിയ കാലാവധി 5 വര്‍ഷവും കൂടിയ കാലാവധി 10 വര്‍ഷവുമാണ്. ആവശ്യമാണെങ്കില്‍ കാലാവധിക്ക് ശേഷവും ഈ പദ്ധതിയില്‍ പുനര്‍നിക്ഷേപം നടത്താവുന്നതാണ്. ഇപ്രകാരമുള്ള നിക്ഷേപങ്ങള്‍ക്ക് കൂട്ടുപലിശ കണക്കാക്കി താരതമ്യേന ഉയര്‍ന്ന പലിശ നിരക്കില്‍ പലിശ നല്‍കുന്നതാണ്. നിലവില്‍ ഇപ്രകാരം നിക്ഷേപങ്ങളുടെ പലിശ നിരക്ക് 9 ശതമാനമായിരിക്കും.

പ്രകൃതി ദുരന്തം, പകര്‍ച്ചവ്യാധി സാഹചര്യങ്ങളിലും മരണം-വിവാഹം തുടങ്ങിയ അത്യാവശ്യ സന്ദര്‍ഭങ്ങളിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്കുമാീയുളള നിക്ഷേപ പദ്ധതിയാണിത്. എന്നാല്‍ പദ്ധതി പ്രകാരം നിശ്ചയിച്ച കരുതല്‍ധനം പൂര്‍ണമായി അടച്ചുതീര്‍ത്ത് പദ്ധതിയില്‍ അംഗമായതിനു ശേഷം മാത്രമേ ഈ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. നിക്ഷേപ പദ്ധതിയില്‍ അടവാക്കിയ സംഖ്യയുടെ അടിസ്ഥാനത്തില്‍ അടച്ച സംഖ്യയുടെ 2 മടങ്ങ് മുതല്‍ 7 മടങ്ങുവരെ ഭരണസമിതി നിശ്ചയിക്കുന്ന ഈട് നിബന്ധനകളുടെ അടിസ്ഥാനത്തില്‍ അടിയന്തര വായ്പാ സൗകര്യവും ലഭിക്കും.

Leave a Reply

Your email address will not be published.