കയറ്റുമതിക്ക് നാളികേരത്തില്‍നിന്ന് പുതിയ ഉല്‍പന്നങ്ങള്‍; നന്ദിയോടിന് ഒരുകോടി സര്‍ക്കാര്‍ സഹായം
നാളികേരത്തില്‍നിന്ന് പുതിയ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കി കയറ്റുമതി ചെയ്യുന്നതിന് നന്ദിയോട് സര്‍വീസ് സഹകരണ ബാങ്കിന് സര്‍ക്കാര്‍ സഹായം. ഒരുകോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 50 ലക്ഷം രൂപ സബ്‌സിഡിയായാണ് നല്‍കുന്നത്. ബാക്കി തുക ഓഹരിയായും നല്‍കും. ജുലായ് 17ന് ചേര്‍ന്ന സഹകരമ വര്‍ക്കിങ് ഗ്രൂപ്പ് യോഗം നന്ദിയോടിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. യോഗത്തിന്റെ ശുപാര്‍ശ അനുസരിച്ചാണ് സര്‍ക്കാര്‍ ഒരു കോടിരൂപ അനുവദിച്ചത്.
സഹകരണ ഉല്‍പന്നങ്ങളുടെ ഉല്‍പാദനം വിപണനം കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍നിന്നാണ് പണം അനുവദിക്കുന്നത്. സംസ്ഥാനത്ത് കയറ്റുമതി സാധ്യത ഉപയോഗപ്പെടുത്തുന്ന സഹകരണ സ്ഥാപനമാണ് നന്ദിയോട് ബാങ്ക്. ഗ്രീന്‍ ഡ്യൂ എന്ന പേരില്‍ നന്ദിയോട് വിപണിയിലെത്തിക്കുന്ന വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇതിന് വിദേശ വിപണിയിലും ആവശ്യക്കാരുണ്ട്. ഈ സാധ്യത മെച്ചപ്പെട്ട രീതിയില്‍ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ സഹായം അനുവദിക്കുന്നത്.
നാളികേരത്തില്‍ കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനുള്ള പദ്ധതിയു നന്ദിയോടിന്റെ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഇതിനായി നിലവിലെ കോക്കനട്ട് കോംപ്ലക്‌സ് നവീകരിക്കും. ആഭ്യന്തര വിപണി ശക്തിപ്പെടുത്താന്‍ പുതിയ ഔട്‌ലറ്റുകള്‍ തുടങ്ങാനും സര്‍ക്കാര്‍ നല്‍കിയ സഹായത്തില്‍നിന്ന് പണം ഉപയോഗിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണ വെളിച്ചെണ്ണയ്ക്ക് പുറമെ വെര്‍ജിന്‍ കോക്കനട്ട് ഓയിലും നന്ദിയോട് ഉല്‍പാദിപ്പിക്കുന്നുണ്ട്. രാസവസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെയുള്ള നിര്‍മ്മാണമാണ് ഗ്രീന്‍ ഡ്യൂ ബ്രാന്‍ഡിനെ ജനപ്രീയമാക്കിയത്. ഡല്‍ഹിയില്‍ നടന്ന ദേശീയ വിപണന മേളയില്‍ ഗ്രീന്‍ ഡ്യൂ ഉല്‍പന്നങ്ങളാണ് ഏറെ ശ്രദ്ധയാകര്‍ഷിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഈ ഉല്‍പന്നങ്ങള്‍ക്ക് വിതരണക്കാരെ ഒരുക്കാനുള്ള ശ്രമവും സഹകരണ സംഘം രജിസ്ട്രാറുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ഫാര്‍മേഴ്‌സ് സര്‍വീസ് സെന്റര്‍, ഗ്രീന്‍നേഴ്‌സറി, ഇളനീര്‍ വിപണനം, ജൈവ പച്ചക്കറി, കര്‍ഷകര്‍ക്ക് ആവശ്യമായ വളവും കീടനാശിനകളും നല്‍കല്‍ എന്നിവയും ബാങ്കിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.