കയര്‍ സംഘങ്ങള്‍ സ്വയം പര്യാപ്തതയിലേക്ക്; ഉല്‍പാദനം കൂടി

Deepthi Vipin lal

കയര്‍ സഹകരണ സംഘങ്ങളുടെ ഉല്‍പാദനത്തിലും വരുമാനത്തിലും വര്‍ദ്ധനവ്. ചകിരിനാരിന്റെ ആഭ്യന്തര ഉല്‍പാദനം കൂടിയതും സഹകരണ സംഘങ്ങള്‍ക്ക് സഹായകമായിട്ടുണ്ട്. ചകിരിക്കായി തമിഴ്നാടിനെ ആശ്രയിക്കേണ്ട സ്ഥിതിക്ക് ഇപ്പോള്‍ കുറവുവന്നു. കയര്‍ഫെഡ് വഴിമാത്രം ചകിരിവാങ്ങണമെന്ന വ്യവസ്ഥയിലും ഇളവുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

തൊണ്ട് സംഭരണം മുതല്‍ കയര്‍ നിര്‍മ്മാണം വരെ കേരളത്തില്‍ത്തന്നെ നടപ്പാക്കാനായി 2017 മുതല്‍ ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയത് 132 സംരംഭങ്ങളാണ്. കയര്‍ മേഖലയിലെ വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലെല്ലാം കയര്‍ സംരംഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുതിയ സംരംഭങ്ങള്‍ വന്നതോടെ കേരളത്തിലെ ചകിരിനാര് ഉല്‍പാദനം 42 ശതമാനമായി വര്‍ദ്ധിച്ചു. നേരത്തേ ഇത് 10 ശതമാനത്തില്‍ താഴെയായിരുന്നു. അഞ്ചുവര്‍ഷത്തിനകം ഉപഭോഗത്തിന്റെ 100 ശതമാനം ഉല്‍പാദനവും കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. 25 യൂണിറ്റുകള്‍ കൂടി അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്.

ഓരോ യൂണിറ്റിനും കുറഞ്ഞ മുതല്‍മുടക്ക് 15 ലക്ഷം രൂപയാണ്. മുതല്‍മുടക്കിന്റെ 50 ശതമാനം സര്‍ക്കാര്‍ സബ്സിഡിയുണ്ട്. പരമാവധി 25 ലക്ഷം രൂപയാണ് സബ്സിഡിയായി ലഭിക്കുക. ഉല്‍പാദിപ്പിക്കുന്ന ചകിരിനാര് കിലോയ്ക്ക് 22 രൂപ നിരക്കില്‍ കയര്‍ഫെഡ് നേരിട്ട് വാങ്ങും. കയര്‍മേഖലയുടെ അഭിവൃദ്ധിക്കായുള്ള രണ്ടാം കയര്‍ പുനഃസംഘടനയുടെ പ്രധാന ലക്ഷ്യമാണ് ചകിരി ഉല്‍്പാദനത്തിലെ സ്വയംപര്യാപ്തത. അഞ്ചുവര്‍ഷത്തിനകം ഇത്തരം 200 യൂണിറ്റുകള്‍ തുടങ്ങുകയാണ് ലക്ഷ്യം.

പ്രതിവര്‍ഷം 50,000 മുതല്‍ 60,000 ടണ്‍വരെ ചകിരിയാണ് കയര്‍നിര്‍മ്മാണത്തിനായി കേരളത്തിലെ കയര്‍ഫാക്ടറികള്‍ക്ക് ആവശ്യം. നേരത്തേ 90 ശതമാനവും ഇറക്കുമതിയായിരുന്നു. ഇപ്പോള്‍ കേരളത്തിലെ ഉല്‍പാദനം 42 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പൊള്ളാച്ചിയില്‍ നിന്നുള്ള ചകിരിയെ ആശ്രയിച്ചാണ് പ്രധാനമായും കേരളത്തിലെ കയര്‍ ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ കേരളത്തിലെ പുതിയ യൂണിറ്റുകളില്‍ നിന്നുകൂടി ചകിരി കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നുവെന്ന നേട്ടമുണ്ട്. പൊള്ളാച്ചിയില്‍നിന്നുള്ള ചകിരിനാര് 24 രൂപ വില ഈടാക്കുമ്പോള്‍, 21 രൂപയ്ക്ക് കേരളത്തില്‍ത്തന്നെ ലഭിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇത് കയര്‍ സഹകരണ സംഘങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണ്.

പരമ്പരാഗത വ്യവസായമായ കയര്‍മേഖലയും അതില്‍ രൂപംകൊണ്ട സഹകരണ സംഘങ്ങളും ഏറെക്കാലമായി പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. പല സംഘങ്ങളും അടച്ചുപൂട്ടി. ചിലതില്‍ തൊഴിലാളികള്‍ക്ക് കൂലിനല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയിലെത്തി. രണ്ടാം കയര്‍ പുന:സംഘടന പാക്കേജും സര്‍ക്കാര്‍ സഹായവും വന്നതോടെയാണ് സഹകരണ സംഘങ്ങള്‍ക്ക് ജീവന്‍വെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News