കയര്‍ സംഘങ്ങള്‍ക്ക് ഇനി നേരിട്ടു ചകിരി വാങ്ങാം
കയര്‍ സഹകരണ സംഘങ്ങള്‍ ചകിരി കയര്‍ഫെഡില്‍നിന്ന് മാത്രമേ വാങ്ങാവൂവെന്ന വ്യവസ്ഥ സര്‍ക്കാര്‍ ഒഴിവാക്കി. കേരളത്തില്‍ ചകിരിയുടെ വില ഉയര്‍ന്ന ഘട്ടത്തില്‍ സംഘങ്ങള്‍ തമിഴ്‌നാട്ടില്‍നിന്ന് നേരിട്ടെത്തിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ഇത് സംസ്ഥാനത്തെ ചകിരിത്തൊ ഴിലാളികള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സഹകരണ സംഘങ്ങള്‍ നേരിട്ട് ചകിരി വാങ്ങുന്നത് സര്‍ക്കാര്‍ വിലക്കിയത്. ഇനി കയര്‍ഫെഡിനെ ആശ്രയിക്കാതെ കയര്‍ സംഘങ്ങള്‍ക്ക് നേരിട്ട് ചകിരി വാങ്ങാം. കയര്‍ഫെഡ് ടെന്‍ഡര്‍ നടപടികളിലൂടെ നിശ്ചയിക്കുന്നതോ അതില്‍ താഴെയോ വിലയ്ക്കു മാത്രമേ വാങ്ങാവൂ എന്നുമാത്രം.
പുതിയ തീരുമാനം കയര്‍ മേഖലയില്‍ പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും വാങ്ങുന്ന കയറിന് കയര്‍ഫെഡ് കൃത്യമായി പണം നല്‍കാത്തത് സംഘങ്ങള്‍ക്ക് വിനയാവുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്‍സെന്റീവ് തുകയും സംഘങ്ങള്‍ക്ക് നല്‍കുന്നില്ല. യന്ത്രവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ ഉപയോഗിക്കുമ്പോഴുള്ള വൈദ്യുതിനിരക്ക് ഉള്‍പ്പെടെ വര്‍ദ്ധിച്ച ചെലവുകള്‍ക്ക് പുറമേ, ചകിരികൂടി ഉയര്‍ന്ന വിലയ്ക്ക് വാങ്ങേണ്ടി വന്നത് സംഘങ്ങളെ കൂടുതല്‍ കടക്കെണിയിലാക്കിയിരുന്നു. ഇതോടെ പല സംഘങ്ങളും പ്രതിസന്ധിയിലായപ്പോഴാണ് ചകിരി നേരിട്ട് വാങ്ങാനുള്ള അനുമതി നല്‍കിയത്.
15 ലക്ഷം രൂപ വരെ കയര്‍ഫെഡില്‍ നിന്നു ലഭിക്കാനുള്ള സംഘങ്ങളുണ്ട്. സാമ്പത്തികമായി നല്ല അടിത്തറയുള്ള സംഘങ്ങള്‍ക്കു മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നതാണ് അവസ്ഥ. പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഇന്‍സെന്റീവ് എന്ന പേരില്‍ മുന്‍ വര്‍ഷത്തെ വില്പനയുടെ 10 ശതമാനം തുക സംഘങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കിയിരുന്നു. ഈ തുക കഴിഞ്ഞ വര്‍ഷം മുതല്‍ കിട്ടുന്നില്ല. ഇതുപയോഗിച്ചായിരുന്നു ഓണത്തിന് തൊഴിലാളികള്‍ക്ക് ബോണസ് നല്‍കിയിരുന്നത്. ഇന്‍സെന്റീവ് കിട്ടുമെന്ന പ്രതീക്ഷയില്‍ ബോണസ് നല്‍കിയ സംഘങ്ങള്‍ വെട്ടിലാവുകയും ചെയ്തു.
കേരളത്തില്‍ തൊണ്ടുകള്‍ ചകിരിയാക്കുന്ന ഫാക്ടറികള്‍ പരിമിതമാണെന്നതാണ് സംഘങ്ങള്‍ നേരിടുന്ന ഒരു പ്രതിസന്ധി. 1000 ചകിരി യൂണിറ്റുകള്‍ തുടങ്ങാന്‍ കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയെങ്കിലും അത് ലക്ഷ്യം കണ്ടിട്ടില്ല. എങ്കിലും, പുതിയ യൂണിറ്റുകള്‍ വന്നത് കയര്‍മേഖലയ്ക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ടെന്നത് വസ്തുതയാണ്. പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ യൂണിറ്റുകളുള്ളത്. ഇവിടത്തെ ചകിരിക്കു നിറം കുറവാണെന്നാണ് കയര്‍ സഹകരണ സംഘം പ്രതിനിധികളുടെ പരാതി. ഇത് ചകിരിക്ക് തമിഴ്‌നാടിനെ ആശ്രയിക്കാന്‍ കാരണമാകുന്നുവെന്നാണ് ഇവര്‍ പറയുന്നത്.