ഓഹരി കൈമാറ്റത്തിന് അവസരം നല്‍കി കേന്ദ്രത്തിന്റെ സഹകരണ പരീക്ഷണം
സഹകരണ സംഘങ്ങളിലെ ഓഹരി കൈമാറ്റം ചെയ്യാനുള്ള വ്യവസ്ഥ കൊണ്ടുവന്ന് കേന്ദ്രസര്‍ക്കാരിന്റെ സഹകരണ പരീക്ഷണം. ഇത്തരമൊരു വ്യവസ്ഥ ഇതുവരെയുള്ള ഒരു സഹകരണ നിയമത്തിലും ഉള്‍പ്പെട്ടിട്ടില്ല. പുതുതായി തുടങ്ങിയ കേന്ദ്ര മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന്റെ നിയമാവലിയിലാണ് അംഗങ്ങള്‍ക്ക് ഓഹരി പിന്‍വലിക്കുന്നതിനൊപ്പം കൈമാറ്റവും ചെയ്യാമെന്ന വ്യവസ്ഥ കൊണ്ടുവന്നിട്ടുള്ളത്. ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ പരിധിയിലുള്ള സഹകരണ ബാങ്കുകളുടെ ഓഹരി കൈമാറ്റം നടത്താമെന്ന റിസര്‍വ് ബാങ്ക് നേരത്തെ നിശ്ചയിച്ചിരുന്നു. ഇതിന് സമാനമായ മാറ്റമാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന്റെ നിയമാവലിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കേന്ദ്ര-സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഏത് സഹകരണ സംഘത്തിനും കേന്ദ്രസര്‍ക്കാര്‍ പുതുതായി തുടങ്ങിയ മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘത്തില്‍ അംഗത്വമെടുക്കാമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. 1000 രൂപയാണ് ഒരു ഓഹരിയുടെ വില. 500 രൂപയാണ് അംഗത്വ ഫീസ്. അഞ്ചുവര്‍ഷം കഴിഞ്ഞ് മാത്രമാണ് അംഗത്വം പിന്‍വലിക്കാനാകും. ഇതിന് മുന്ന് മാസം മുമ്പ് നോട്ടീസ് നല്‍കണം.
ഈ സംഘത്തിലെ ഓഹരി കൈമാറ്റം ചെയ്യുന്നതിന് പ്രത്യേക വ്യവസ്ഥയാണ്. ഓഹരി പിന്‍വലിക്കുന്നതിന് അഞ്ചുവര്‍ഷമാണ് കാലാവധിയെങ്കില്‍ കൈമാറ്റത്തിന് ഒരുവര്‍ഷം കഴിഞ്ഞാല്‍ മതിയാകും. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന്റെ ഭരണസമിതിയുടെ അംഗീകാരത്തോടുകൂടി മാത്രമേ ഓഹരി കൈമാറ്റം സാധ്യമാകുകയുള്ളൂ. കൈമാറ്റം ചെയ്തുകഴിഞ്ഞാലും പുതിയ അംഗത്തെ ബോര്‍ഡ് അംഗീകരിച്ചാല്‍ മാത്രമാണ് അത് നിലവില്‍വരിക. ഇങ്ങനെ ഓഹരി കൈമാറി കിട്ടുന്നവര്‍ ഒരു ഓഹരിക്ക് 100 രൂപനിരക്കില്‍ പ്രത്യേക ഫീസ് നല്‍കേണ്ടതുണ്ട്.
കയറ്റുമതി ലക്ഷ്യമിട്ട് തുടങ്ങിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന്റെ അംഗീകൃത ഓഹരി മൂലധനം 500 കോടിരൂപയാണ്. ഒരു ഓഹരിക്ക് 1000 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഗുജറാത്ത് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍, നാഫെഡ്, എന്‍.സി.സി.എഫ്., എന്‍.സി.ഡി.സി., എന്‍.ഡി.ഡി.ബി. എന്നിവയെല്ലാം ഇതിലെ ക്ലാസ് വണ്‍ അംഗങ്ങളായിരിക്കും. 1000 രൂപവിലയുള്ള രണ്ടുലക്ഷം ഓഹരികളാണ് ഇത്തരം സ്ഥാപനങ്ങള്‍ എടുക്കേണ്ടത്. ഓരോ സംസ്ഥാനങ്ങളിലെയും അപ്പക്‌സ് സഹകരണ സ്ഥാപനങ്ങള്‍ക്കും ഈ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തില്‍ അംഗങ്ങളാകാം. 1000 രൂപവിലയുള്ള 1000 ഓഹരികളാണ് ഈ സ്ഥാപനങ്ങള്‍ എടുക്കേണ്ടത്. പ്രാഥമിക സംഘങ്ങളല്ലാത്തവയ്ക്ക് കുറഞ്ഞത് 100 ഓഹരികളും പ്രാഥമിക സംഘങ്ങള്‍ക്ക് 21 ഓഹരികളും അംഗത്വം ലഭിക്കുന്നത് ഉണ്ടാകണമെന്നും നിയമാവലിയില്‍ പറയുന്നു.
[mbzshare]