ഓണത്തിന് “ഒരു മുറം പച്ചക്കറി” കൊടിയത്തൂർ ബാങ്ക് കൃഷി ആരംഭിച്ചു.
കേരള സർക്കാരിന്റെ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പന്നിക്കോട് – വേപ്പിലങ്ങലുള്ള ബാങ്കിന്റെ സ്വന്തം സ്ഥലത്തു നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ നടീൽ ഉൽഘാടനം ബാങ്ക് പ്രസിഡന്റ് ഇ.രമേശ് ബാബു നിർവഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് വി.വസീഫ് അധ്യക്ഷത വഹിച്ചു. ഒന്നര ഏക്കർ സ്ഥലത്താണ് കൃഷി. കർഷക സേവന കേന്ദ്രത്തിലെ ഗ്രീൻ ആർമി പ്രവർത്തകരാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. ഓണത്തിന് വിളവെടുക്കുന്ന പച്ചക്കറി, ബാങ്കിന്റെ പച്ചക്കറി മാർക്കറ്റിലൂടെ മിതമായ വിലയിൽ വിപണനം നടത്തും.
ചീര, വെണ്ട, പാവൽ, പയർ തുടങ്ങി ഒട്ടുമിക്ക പച്ചക്കറിയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ചടങ്ങിൽ ഡയറക്ടർമാരായ നാസർ കൊളായി, സന്തോഷ് സെബാസ്റ്റ്യൻ, വി.കെ.അബൂബക്കർ, സിന്ധു രാജൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.ബാബുരാജ് സ്വാഗതവും, കർഷക സേവന കേന്ദ്രം മാനേജർ ഡെന്നി ജോസ് നന്ദിയും പറഞ്ഞു.