ഓഡിറ്റ് സര്‍ക്കുലറില്‍ തിരുത്തലുണ്ടാകും; നിര്‍ദ്ദേശങ്ങള്‍ പരിഗണനയില്‍

moonamvazhi

സഹകരണ സംഘങ്ങളുടെ ഓഡിറ്റില്‍ കരുതല്‍ വെക്കുന്നത് സംബന്ധിച്ചുള്ള പുതിയ നിര്‍ദ്ദേശം ഭാഗികമായി മരവിപ്പിക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താനാണ് ധാരണ. ആഗസ്റ്റ് ഏഴിനാണ് പുതിയമാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി സഹകരണ സംഘം രജിസ്ട്രാര്‍ 29/2023 നമ്പറായി സര്‍ക്കുലര്‍ ഇറക്കിയത്. ഇത് പ്രായോഗികമായി നടപ്പാക്കാനാവില്ലെന്ന നിലപാടാണ് ഓഡിറ്റ് ഡയറക്ടര്‍ സ്വീകരിച്ചത്. ഇതോടെ സഹകരണ സംഘങ്ങളിലെ ഓഡിറ്റ് തന്നെ പ്രതിസന്ധിയിലായി.

രജിസ്ട്രാറുടെ സര്‍ക്കുലര്‍ ഇറങ്ങിയിട്ട് ഒരുമാസത്തിലേറെയായിട്ടും ഇത് നടപ്പാക്കാനായിട്ടില്ല. സപ്തംബര്‍ 30നകം സഹകരണ സംഘങ്ങളുടെ ഓഡിറ്റ് പൂര്‍ത്തിയാക്കേണ്ടതാണ്. എല്ലാ സംഘങ്ങള്‍ക്കും ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമെ, ആദായനികുതി റിട്ടേണ്‍ അടക്കം ഫയല്‍ ചെയ്യാനാകൂ. ആദായനികുതി വകുപ്പിലെ 80(പി) അനുസരിച്ച് നികുതി ഇളവ് ലഭിക്കണമെങ്കിലും കൃത്യസമയത്ത് റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഓഡിറ്റ് മാനദണ്ഡത്തിലെ തര്‍ക്കം കാരണം ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഓഡിറ്റര്‍മാരും സംഘങ്ങളും.

രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലറിലെ പ്രശ്‌നങ്ങളും പ്രായോഗിക നിര്‍ദ്ദേശങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് ഓഡിറ്റ് ഡയറക്ടര്‍ സഹകരണ വകുപ്പ് സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ രജിസ്ട്രാറുടെ സര്‍ക്കുലറില്‍ മാറ്റം വേണമെന്ന ധാരണയാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യത്തില്‍ പരിശോധിച്ച് അടിയന്തരമായ നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശം മന്ത്രി വി.എന്‍. വാസവനും നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കുലറിലെ നിര്‍ദ്ദേശം ഉടന്‍ പരിഷ്‌കരിക്കാനാണ് സാധ്യത.

2022-23 വര്‍ഷത്തില്‍ നഷ്ടത്തിലാകുന്ന ബാങ്കുകള്‍ക്കാണ് രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലറിലെ ഓഡിറ്റിലെ ഇളവ് ബാധകമാകുക. സഹകരണ സംഘങ്ങളിലെ ഓഡിറ്റിന് രണ്ടുരീതിയിലുള്ള മാനദണ്ഡം കൊണ്ടുവരുന്നതിലെ പ്രശ്‌നങ്ങള്‍ ഓഡിറ്റ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സര്‍ക്കാരും അംഗീകരിച്ചതായാണ് സൂചന. ഓഡിറ്റ് സര്‍ക്കുലറിലെ തര്‍ക്കം കാരണം സംഘങ്ങളുടെ ഓഡിറ്റ് വൈകുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന് ഓഡിറ്റേഴ്‌സ് ആന്‍ഡ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ യോഗവും ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published.