ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തിരിമറി; ജോയിന്റ് ഡയറക്ടറുടെ വീഴ്ച മനപ്പൂര്‍വമല്ലെന്ന് സര്‍ക്കാര്‍
സഹകരണ സംഘങ്ങളുടെ ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ മെച്ചപ്പെടുത്തുന്നതിന് രജിസ്ട്രാറുടെ മാനദണ്ഡം അട്ടിമിറിച്ചുവെന്ന പരാതിയില്‍ സഹകരണ വകുപ്പ് ഇടുക്കി മുന്‍ ജില്ലാജോയിന്റ് ഡയറക്ടര്‍ പി.സി.സാബുവിനെ കുറ്റവിമുക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സാബുവിന്റെ വിശദീകരണം പരിശോധിച്ചതില്‍നിന്ന് ജോയിന്റ് ഡയറക്ടറുടേത് മനപ്പൂര്‍വമായ വീഴ്ചയല്ലെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ നടപടി.
തൊടുപുഴ താലൂക്കിലെ 20 സംഘങ്ങളുടെ ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ നിശ്ചയിച്ചത് രജിസ്ട്രാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണെന്നായിരുന്നു പരാതി. 2014-ലാണ് സംഭവം. ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ നടത്തുന്നതിനുള്ള ഒന്നാമത്തെ മാനദണ്ഡമായ ‘ക്യാപ്പിറ്റല്‍ സ്ട്രക്ചര്‍’ തെറ്റായ രീതിയില്‍ കണക്കാക്കി ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്നാണ് രജിസ്ട്രാര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. ഇത് സംഘങ്ങളുടെ ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ മാറുന്നതിന് കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാരണത്താല്‍ ക്ലാസിഫിക്കേഷന്‍ മാറിയ നാല് സഹകരണ സംഘങ്ങളുടെ പേര് ഉള്‍പ്പെടുത്തിയായിരുന്നു രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. അതേസമയം, ഇടുക്കിയിലെ മറ്റ് താലൂക്കുകളില്‍ രജിസ്ട്രാര്‍ നല്‍കിയ മാനദണ്ഡം കൃത്യമായി പാലിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ഒരുനിര്‍ദ്ദേശവും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടില്ല. ഗുരുതരമായ ന്യൂനതകളും ന്യൂനത സംഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍, ജോയിന്റ് ഡയറക്ടറുടെത് ഔദ്യോഗിക കൃത്യ നിര്‍വഹണത്തിലെ ഗുരുതരമായ വീഴ്ചയാണന്നും രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചു. 2015 സപ്തംബറില്‍ സാബു സര്‍വീസില്‍നിന്ന് വിരമിച്ചു. അതിനാല്‍, ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 2021 ഏപ്രില്‍ 26ന് ഹിയറിങ് നടത്തി അദ്ദേഹത്തെ സര്‍ക്കാര്‍ നേരിട്ട് കേള്‍ക്കുകയും ചെയ്തു.
ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ നിശ്ചയിക്കുന്നതില്‍ രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയ രീതിയിലുള്ള ഒരു പിഴവ് തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് സാബു സര്‍ക്കാരിനെ അറിയിച്ചു. തൊടുപുഴ താലൂക്കില്‍ 25 ഓഡിറ്റര്‍മാര്‍ തൊടുപുഴ അസിസ്റ്റന്റ് രജിസ്ട്രാറുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അസിസ്റ്റന്റ് രജിസ്ട്രാര്‍മാരുടെ പ്രതിമാസ യോഗത്തിലൊന്നും ഇത്തരുമൊരുകാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല. മുന്‍വര്‍ഷങ്ങളിലും സമാനരീതിയിലാണ് തൊടുപുഴ താലൂക്കിലെ ഓഡിറ്റ് നടത്തിയിരുന്നത്. എപ്പോഴോ സംഭവിച്ച ഒരു തെറ്റിദ്ധാരണ കൊണ്ടാകാം ഈ വീഴ്ച വന്നത്.
ഓഡിറ്റര്‍മാര്‍ സംഘത്തില്‍ നേരിട്ട് പോയി പരിശോധിച്ചാണ് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഇത് അസിസ്റ്റന്റ് രജിസ്ട്രാറും ഒരു ഓഡിറ്ററും വീണ്ടും പരിശോധിച്ച് ന്യൂനതകള്‍ പരിഹരിച്ചാണ് റിപ്പോര്‍ട്ട് അംഗീകരിക്കുന്നത്. അങ്ങനെ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടുകളാണ് ജോയിന്റ് ഡയറക്ടര്‍ അംഗീകരിക്കുന്നത്. ‘ ഇന്ന വര്‍ഷത്തെ കണക്കുകള്‍, ഇന്ന് ഓഡിറ്റര്‍ ഓഡിറ്റ് ചെയ്തതുപ്രകാരം പാസാക്കിയിരിക്കുന്നു എന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു’- എന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തുന്നത്. മറ്റ് താലൂക്കിലൊന്നും ഇത്തരം വീഴ്ചയുണ്ടായിട്ടില്ലെന്ന് രജിസ്ട്രാര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍, ഇത് മനപ്പൂര്‍വമോ എന്തെങ്കിലും സാമ്പത്തിക ലാഭത്തിനോ ചെയ്തതല്ലെന്ന് വ്യക്തമാണെന്നും സാബു സര്‍ക്കാരിനെ അറിയിച്ചു. ഈ വിശദീകരണം അംഗീകരിച്ചാണ് സാബുവിനെതിരെയുള്ള അച്ചടക്ക നടപടി സര്‍ക്കാര്‍ തീര്‍പ്പാക്കി ഉത്തരവിറക്കിയത്.