ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് ദേശീയ നിയന്ത്രണം വേണമെന്ന് നാഫെഡ്
സഹകരണ സംഘങ്ങളില്‍ നടപ്പാക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശവുമായി നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (നാഫെഡ്). കുടിശ്ശിക നിവാരണത്തിനായി ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ത രീതിയിലാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിന് ദേശീയതലത്തില്‍ നിയന്ത്രണം വേണമെന്നാണ് നാഫെഡ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്.
സഹകരണ സംഘങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെ ബാധിക്കുന്ന രീതിയിലാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ സ്‌കീം പല സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതെന്നാണ് നാഫെഡ് വിലയിരുത്തുന്നത്. കുടിശ്ശികക്കാരെ പുറത്താക്കുന്നതിന് സര്‍ക്കാരുകള്‍ വിവിധ നയങ്ങളും തീരുമാനങ്ങളുമാണ് സ്വീകരിക്കുന്നത്. സംഘത്തിന് ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടുകയും സംഘത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന വിധത്തിലേക്ക് ഇത്തരം സ്‌കീം മാറുന്നുണ്ട്. അതിനാല്‍, ഈ സ്‌കീമുകള്‍ക്ക് നിയന്ത്രണം അനിവാര്യമാണെന്ന് നാഫെഡ് ചൂണ്ടിക്കാട്ടുന്നു.
ദേശീയ സഹകരണ നയം തയ്യാറാക്കുന്നതിന്റെ ഭാഗമായി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളായിട്ടാണ് നാഫെഡ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സഹകരണ സംഘങ്ങളുടെ വരുമാനം ആരോഗ്യപരമായ പ്രവര്‍ത്തനത്തിലൂടെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് നാഫെഡ് ചൂണ്ടിക്കാട്ടുന്നത്. കുടിശ്ശിക ഇല്ലാതാക്കാനുള്ള ഇടപെടല്‍ പ്രവര്‍ത്തനത്തിലുടനീളം വേണ്ടതാണ്. ഇളവുകള്‍ പ്രഖ്യാപിച്ച് കുടിശ്ശിക നിവാരണം നടത്തുന്നത് ആരോഗ്യകരമായ പ്രവണതയാകില്ല. ഇത് ഉയര്‍ന്ന വരുമാന സാധ്യത ഇല്ലാതാക്കുന്നതാണെന്നാണ് ഇത്തരം ദേശീയ സഹകരണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നത്.
കുടിശ്ശിക പിരിച്ചെടുക്കാനുള്ള പ്രത്യേക ജുഡീഷ്യല്‍ സംവിധാനം വേണമെന്നാണ് മറ്റൊരുനിര്‍ദ്ദേശമായ കേന്ദ്ര സഹകരണ മന്ത്രാലയത്തിന് ലഭിച്ചിട്ടുള്ളത്. രാഷ്ട്രീയ ഇടപെടല്‍ കാരണം സംഘങ്ങള്‍ക്ക് കുടിശ്ശിക പിരിച്ചെടുക്കാന്‍ കഴിയുന്നില്ല. വകുപ്പ് ഉദ്യോഗസ്ഥരാണ് സംഘങ്ങള്‍ക്ക് വേണ്ടി കുടിശ്ശിക വസൂലാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്. രാഷ്ട്രീയ ഇടപെടല്‍ കാരണം ഉദ്യോഗസ്ഥര്‍ ഇതിന് മടിക്കുന്നത് സംഘങ്ങളുടെ കെട്ടുറപ്പിനെ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍ നടപടികള്‍ക്ക് നിയമപരമായ അനുമതി നല്‍കുന്നതിന് എല്ലാജില്ലകളിലും പ്രത്യേക ജുഡീഷല്‍ അതോറിറ്റി രൂപീകരിക്കണമെന്നാണ് നിര്‍ദ്ദേശം.