ഒരു പ്രദേശത്ത് സമാനസ്വഭാവമുള്ള മറ്റൊരു സംഘമുണ്ട് എന്നതുകൊണ്ടുമാത്രം പുതിയ രജിസ്‌ട്രേഷന്‍ നിരസിക്കാനാവില്ല – കര്‍ണാടക ഹൈക്കോടതി

moonamvazhi

ഒരു പ്രദേശത്തു സമാനരീതിയിലുള്ള മറ്റൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നു കരുതി പുതിയൊരു സംഘത്തിനു രജിസ്‌ട്രേഷന്‍ നിരസിക്കാന്‍ പാടില്ലെന്നു കര്‍ണാടക ഹൈക്കോടതി വിധിച്ചു. കര്‍ണാടക ഹൈക്കോടതിയുടെ ധര്‍വാഡ് ബെഞ്ച് മുമ്പാകെ വന്ന റിട്ട് ഹര്‍ജിയില്‍ ജസ്റ്റിസ് ഹേമന്ദ് ചന്ദന്‍ഗൗഡര്‍ ഫെബ്രുവരി ആറിനാണ് ഈ ഉത്തരവിട്ടത്.

ബലഗാവി ജില്ലയിലെ കുന്നൂര്‍ ഗ്രാമത്തിലെ ശ്രീഛത്രപതി പ്രാഥമിക ഗ്രാമീണ കൃഷി സഹകാര്‍ സംഘത്തിന്റെ പ്രമോട്ടറായ അശ്വിന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ഈ വിധി. ചിക്കോടി താലൂക്കിലെ സഹകരണസംഘം അസി. രജിസ്ട്രാറും ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്നു എതിര്‍കക്ഷികള്‍. 2023 ഡിസംബര്‍ 22 നു അസി. രജിസ്ട്രാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാണു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്.

1959 ലെ കര്‍ണാടക സഹകരണസംഘം നിയമപ്രകാരം പുതിയൊരു സഹകരണസംഘം രജിസ്റ്റര്‍ ചെയ്യാനായി അശ്വിന്‍ സമര്‍പ്പിച്ച അപേക്ഷയാണു അസി. രജിസ്ട്രാര്‍ തള്ളിയത്. അപേക്ഷ കിട്ടിയപ്പോള്‍ അസി. രജിസ്ട്രാര്‍ ഒരു റിപ്പോര്‍ട്ടയച്ചു. റിപ്പോര്‍ട്ട് കിട്ടിയ ഡെപ്യൂട്ടി രജിസ്ട്രാര്‍ ഹര്‍ജിക്കാരന്റെ അപേക്ഷയില്‍ തീരുമാനമെടുക്കണമെന്നു അസി. രജിസ്ട്രാറോടാവശ്യപ്പെട്ടു. തുടര്‍ന്നാണു ഹര്‍ജിക്കാരന്‍ പരാമര്‍ശിക്കുന്ന പ്രദേശത്തു സമാനലക്ഷ്യങ്ങളുമായി ഒരു സഹകരണസംഘം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി അസി. രജിസ്ട്രാര്‍ അപേക്ഷ തള്ളിയത്.

ഒരു പ്രദേശത്തു സമാനസ്വഭാവത്തിലുള്ള ഒരു സഹകരണസംഘമുണ്ട് എന്ന ഒറ്റക്കാരണത്താല്‍ പുതിയൊരു സഹകരണസംഘത്തിന്റെ രജിസ്‌ട്രേഷന്‍ തള്ളാന്‍ പാടില്ലെന്നു ജസ്റ്റിസ് ഹേമന്ദ് ചന്ദന്‍ഗൗഡര്‍ വ്യക്തമാക്കി. സഹകരണനിയമത്തിലെ 3 ബി ചട്ടവും സെക്ഷന്‍ ഏഴിലെ വ്യവസ്ഥയും അനുസരിച്ചു സഹകരണസംഘത്തിന്റെ രജിസ്‌ട്രേഷനുള്ള അപേക്ഷ പരിഗണിക്കണമെന്നു അദ്ദേഹം നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ അസി. രജിസ്ട്രാര്‍ പുറപ്പെടുവിച്ച ഉത്തരവ് സെക്ഷന്‍ ഏഴിലെ വ്യവസ്ഥക്കും 3 ബി ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്നു പറഞ്ഞുകൊണ്ട് കോടതി റദ്ദാക്കി. നേരത്തേയുള്ള ഒരു കേസില്‍ വ്യക്തമാക്കിയതുപോലെ ഒരു പ്രദേശത്തു രജിസ്റ്റര്‍ ചെയ്യാവുന്ന സഹകരണസംഘങ്ങളുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

തുടങ്ങാന്‍ പോകുന്ന സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനപരിധിയിലുള്ള ജനസംഖ്യ, പുതിയ സംഘം സാമ്പത്തികമായി വിജയിക്കാന്‍ സാധ്യതയുണ്ടോ, നിലവിലുള്ള സംഘങ്ങളുടെ പ്രവര്‍ത്തനപരിധിയിലേക്കു പുതിയ സംഘം കടന്നുകയറുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ രജിസ്ട്രാര്‍ പരിഗണിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. സമാനസ്വഭാവത്തിലുള്ള ഒരു സംഘം അവിടെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ പേരില്‍മാത്രം പുതിയൊരു സംഘത്തിന്റെ രജിസ്‌ട്രേഷന്‍ നിരാകരിക്കാന്‍ പാടില്ല. പകരം, സെക്ഷന്‍ ഏഴ്, ചട്ടം 3 ബി എന്നിവപ്രകാരം കാര്യം വിലയിരുത്തണം. ഒരു പ്രദേശത്തു രജിസ്റ്റര്‍ ചെയ്യാവുന്ന സംഘങ്ങളുടെ എണ്ണത്തില്‍ പരിധിയൊന്നുമില്ല- കോടതി അഭിപ്രായപ്പെട്ടു. നിലവിലെ നിയമത്തിലെ വ്യവസ്ഥകള്‍ക്കും ചട്ടങ്ങള്‍ക്കുമനുസരിച്ചു രണ്ടു മാസത്തിനകം അപേക്ഷ പുനപ്പരിശോധിക്കണമെന്നു കോടതി അസി. രജിസ്ട്രാറോട് നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published.