ഒഡിഷ സംസ്ഥാന ബാങ്കിന് 229 കോടി രൂപയുടെ റെക്കോഡ് അറ്റലാഭം
75 വര്‍ഷം പൂര്‍ത്തിയാക്കിയ ഒഡിഷ സംസ്ഥാന സഹകരണ ബാങ്ക് 2022-23 സാമ്പത്തികവര്‍ഷം ഇതുവരെയില്ലാത്ത റെക്കോഡ് ലാഭം നേടി. ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് ബാങ്കിന്റെ അറ്റലാഭം 229 കോടി രൂപയാണ്. ഇതിനുമുമ്പു 2021-22 ലാണ് ഏറ്റവും വലിയ ലാഭമുണ്ടായത്- 143 കോടി രൂപ.
2022-23 ല്‍ ഒഡിഷ ബാങ്കിന്റെ മൊത്തം ബിസിനസ് 25,309 കോടി രൂപയില്‍നിന്നു 3000 കോടി രൂപ വര്‍ധിച്ച് 28,388 കോടി രൂപയായിട്ടുണ്ട്. നിക്ഷേപത്തിലും വര്‍ധനയുണ്ട്. മുന്‍വര്‍ഷത്തെ 6,751 കോടി രൂപയില്‍നിന്നു നിക്ഷേപം 6,873 കോടി രൂപയായി വര്‍ധിച്ചു. വര്‍ധനനിരക്ക് രണ്ടു ശതമാനം. ഓഹരിമൂലധനം ഒമ്പതു ശതമാനം വര്‍ധിച്ച് 773 കോടി രൂപയില്‍നിന്നു 845 കോടിയായി. ബാങ്കിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം ജൂലായ് 28 ന് ഭുവനേശ്വറില്‍ നടന്നു.
ഹ്രസ്വകാല വായ്പാഘടനയുടെ അപക്‌സ് സ്ഥാപനമായ ഒഡിഷ സംസ്ഥാന സഹകരണ ബാങ്കില്‍ 17 ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളും 2710 പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളുമാണുള്ളത്. പ്രമുഖ സഹകാരിയായ പ്രസാദ് ദോറയാണു ബാങ്ക് ചെയര്‍മാന്‍.