ഒടുവില്‍ കുറുവ സംഘത്തിന് സര്‍ക്കാരിന്റെ പണം കിട്ടി; 11.38ലക്ഷം
വരുമാനവും അംഗങ്ങള്‍ക്ക് തൊഴിലുമുറപ്പാക്കി സ്വയം പര്യാപ്തതയിലേക്ക് നീങ്ങാന്‍ കുറുവ പട്ടികജാതി സര്‍വീസ് സഹകരണ സംഘത്തിന്റെ പദ്ധതിക്ക് സര്‍ക്കാര്‍ സഹായം കിട്ടും. പ്ലാന്റ് നേഴ്‌സറി തുടങ്ങുന്നതിന് പുനര്‍ജനി പദ്ധതി പ്രകാരം സര്‍ക്കാര്‍ 11.38ലക്ഷം രൂപ അനുവദിച്ചു. കുറുവ സംഘത്തിന് പണം അനുവദിക്കാന്‍ ഫിബ്രവരിയില്‍ സര്‍ക്കാര്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പണം അനുവദിച്ചിരുന്നില്ല.
സംഘത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുന്ന പദ്ധതിയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതിനാല്‍, പണം കൈമാറുന്നതിന് നടപടി സ്വീകരിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് ഇപ്പോള്‍ ഉത്തരവിറക്കിയിട്ടുള്ളത്.
ഓഹരി, സബ്‌സിഡി എന്നീ വിഭാഗങ്ങളായാണ് സര്‍ക്കാര്‍ പണം കൈമാറുന്നത്. ഓഹരിയായി 4.68 ലക്ഷവും സബ്‌സിഡിയായി 6.69ലക്ഷവുമാണ് നല്‍കുന്നത്. പട്ടികജാതി-പട്ടിക വര്‍ഗ സഹകരണ സംഘങ്ങളെ സ്വയംപര്യാപ്തമായ നിലയിലേക്ക് മാറ്റുന്നതിനാണ് സര്‍ക്കാര്‍ പുനര്‍ജനി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പട്ടിക വിഭാഗം സംഘങ്ങളെ സംരംഭകരാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ സംഘങ്ങളും അവയുടെ പ്രവര്‍ത്തനമേഖലയില്‍ വരുമാനം ലഭ്യമാകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് സഹകരണ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്.
ഇങ്ങനെ തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. സംഘങ്ങള്‍ നല്‍കുന്ന പദ്ധതികള്‍ക്ക് 85 ശതമാനം സര്‍ക്കാര്‍ സഹായം ലഭിക്കും. ഇതില്‍ 50 ശതമാനം സബ്‌സിഡിയും 35 ശതമാനം ഓഹരിയായുമാണ് നല്‍കുക. 15 ശതമാനം സംഘത്തിന്റെ വിഹിതമായി ചെലവഴിക്കണം. കഴിഞ്ഞവര്‍ഷം 15 സംഘങ്ങള്‍ക്കും ഈ വര്‍ഷം എട്ട് സംഘങ്ങള്‍ക്കുമാണ് സഹായം നല്‍കിയിട്ടുള്ളത്. 2022-23 വര്‍ഷത്തിലാണ് പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക വിഭാഗം സംഘങ്ങള്‍ക്ക് സഹായം നല്‍കിത്തുടങ്ങിയത്.