ഐടി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ സഹകരണ സ്ഥാപനങ്ങൾ മുന്നോട്ടുവരണം.

[mbzauthor]

ഐടി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ സഹകരണ സ്ഥാപനങ്ങൾ മുന്നോട്ടുവരണം. നിലവിലുള്ള കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തി പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സഹകരണ സ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ സാധിക്കും.കേരളത്തിൻറെ അതിജീവനം സഹകരണ പ്രസ്ഥാനത്തിലൂടെ.. ഡോക്ടർ എം.രാമനുണ്ണിയുടെ ലേഖനം-27

നമ്മുടെ സംസ്ഥാനത്ത് ഐടി മേഖലയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ചില സംരംഭ സാധ്യതകളെക്കുറിച്ച് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ കുറേക്കൂടി കൃത്യമായ നിർദ്ദേശങ്ങൾ ഇന്നത്തെ മാധ്യമങ്ങളിൽ ലഭ്യമായിട്ടുണ്ട്. അത് ഇതോടൊപ്പം ചേർക്കുന്നു .ഇതൊരു അവസരമാണ് . ഇതിനെ സഹകരണ മേഖല ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട് . ഇത് സൂചിപ്പിക്കാനാണ് ഒരിക്കൽ കൂടി ഇക്കാര്യങ്ങൾ ഇവിടെ പ്രതിപാദിക്കുന്നത്.

നമ്മുടെ സംസ്ഥാനത്തുനിന്നും ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടനവധി പേർ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട് ,കർണാടക എന്നിവിടങ്ങളിലും ആന്ധ്ര , തെലുങ്കാന, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും താമസിക്കുന്നുണ്ട്. ഇവർക്ക് ആ പ്രദേശങ്ങളോട് ഉള്ള വൈകാരികമായ അടുപ്പം അല്ല അവരെ അങ്ങോട്ട് ആകർഷിച്ചത്. തങ്ങളുടെ ജോലി നിർവഹിക്കുന്നതിന് ആവശ്യമായ സൗകര്യം ഓഫീസിലായാലും, വീട്ടിലായാലും ലഭ്യമാണ് എന്നതുതന്നെയാണ് . കൊറോണയുടെ വ്യാപനം ശക്തമായതോടെ ഈ പ്രദേശങ്ങൾ ഒന്നുംതന്നെ സുരക്ഷിതമല്ല എന്ന ബോധ്യം നമ്മെ ബാധിച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചു വരണം എന്ന അവരുടെ ആഗ്രഹം ശക്തമായിരിക്കുന്നു. ഇതുതന്നെയാണ് വിദേശത്ത് ഐടി മേഖലയിൽ തൊഴിലെടുക്കുന്ന നമ്മുടെ സഹോദരങ്ങളുടെ സ്ഥിതിയും .

ഇന്ന് ലോകത്ത് ഒരുപക്ഷേ ആരോഗ്യമേഖലയിൽ ഏറ്റവും സുരക്ഷിതമായ സംവിധാനങ്ങളുള്ള പ്രദേശം, കേരളമാണെന്ന് മിക്കവാറും പേർ തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു കാലഘട്ടത്തിൽ നാമെല്ലാം വിശ്വസിച്ചിരുന്നത് , ആരോഗ്യമേഖലയിൽ ആണെങ്കിലും, വിദ്യാഭ്യാസ മേഖലയിൽ ആണെങ്കിലും സുരക്ഷിതമായ കേന്ദ്രങ്ങൾ വിദേശരാജ്യങ്ങൾ ആണെന്നാണ് . ഇംഗ്ലണ്ട് , അമേരിക്ക, സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവയെല്ലാം ഇക്കാര്യത്തിൽ മുൻപന്തിയിൽ ആയിരുന്നു. അല്പം അഹങ്കാരത്തോടെ ആ രാജ്യത്തെ കുറിച്ച് സംസാരിക്കുകയും, നമ്മുടെ സംസ്ഥാനത്തെ കുറിച്ച് അവമതിപ്പോടെ സംസാരിക്കുകയും ചെയ്യുന്നത് സമൂഹത്തിലെ പ്രധാനികളായ ചിലരുടെയെങ്കിലും ഇഷ്ട വിനോദമായിരുന്നു. എന്നാൽ കൊറോണ കാര്യങ്ങൾ കീഴ്മേൽ മറിച്ചിരിക്കുന്നു. എങ്ങനെയെങ്കിലും കേരളത്തിൽ എത്തിപ്പെട്ടാൽ മതി എന്ന സ്ഥിതിയിലാണ് മിക്കവാറും പേരും.

ഇതൊരു സാധ്യതയാണ്. അവരെ നമ്മുടെ സംസ്ഥാനത്ത് നിലനിർത്താൻ കഴിഞ്ഞാൽ, അവരിലൂടെ തൊഴിലവസരം വർധിപ്പിക്കാൻ കഴിഞ്ഞാൽ, നമ്മുടെ സംസ്ഥാനത്തെ വികസന സാധ്യതകൾ വർദ്ധിക്കും. കേരളത്തിലെ ചില പ്രത്യേക നഗരങ്ങളിൽ കേന്ദ്രീകൃതമായി ആരംഭിക്കേണ്ടത് അല്ല ഇൻഫോപാർക്ക് കൾ എന്ന വസ്തുത നേരത്തെ തന്നെ നാം തിരിച്ചറിഞ്ഞതാണ്. എന്നാൽ കണക്റ്റിവിറ്റി പ്രശ്നവും, ഡാറ്റയുടെ വേഗതയും എല്ലാം ഒരു പ്രശ്നമായിരുന്നു . ഇന്ന് അതിന് പരിഹാരമെന്ന നിലയിലാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത് .കെ ഫോൺ പദ്ധതി ഈ പ്രവർത്തനത്തിന് ഏറെ ഗതിവേഗം വർദ്ധിപ്പിക്കും.

നമ്മുടെ സംസ്ഥാനത്ത് ഒപ്റ്റിക്കൽ ഫൈബർ കേബിൾ വിന്യാസം ഏതാണ്ട് നല്ല നിലയിൽ പുരോഗമിച്ചിട്ടുണ്ട് .ഈ സാധ്യതകൾ ഏകോപിപ്പിക്കുന്നതിന് സഹകരണ സ്ഥാപനങ്ങൾക്ക് ശ്രമിക്കാവുന്നതാണ്. പത്രമാധ്യമങ്ങളിൽ നിന്നും, സർക്കാർ കേന്ദ്രങ്ങളിൽ നിന്നും അറിയുന്നത് ,5000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഒരു കെട്ടിടം ആവശ്യമായിവരും എന്നതാണ്. ഇതിലേക്ക് ആവശ്യമായ ഡിസൈൻ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ഈ കേന്ദ്രത്തിൽ തന്നെ വീഡിയോ കോൺഫറൻസിങ് സംവിധാനവും ,ഡാറ്റാ സൂക്ഷിക്കാനുള്ള സൗകര്യവും , ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സൗകര്യവുമാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ആദ്യഘട്ടത്തിൽ നൂറോളം കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്. ഇതിൻറെ നല്ലൊരു ഭാഗവും ഏറ്റെടുക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിയേണ്ടതാണ്. നിലവിലുള്ള ഓഡിറ്റോറിയങ്ങൾ, കല്യാണമണ്ഡപങ്ങൾ , ഷോപ്പിംഗ് കോംപ്ലക്സുകൾ, എന്നിവയെല്ലാം അൽപ്പം രൂപ മാറ്റം വരുത്തിയാൽ ഇക്കാര്യം സാധ്യമാകും. പഞ്ചായത്ത് ഓഡിറ്റോറിയം, കല്യാണമണ്ഡപം, എന്നിവ ഉണ്ടെങ്കിൽ അത് വാടകക്കെടുത്തു ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. അടുത്തകാലത്തൊന്നും നമ്മുടെ സംസ്ഥാനത്ത് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന മീറ്റിംഗ്, യോഗങ്ങൾ, വിവാഹങ്ങൾ എന്നിവ നടക്കാൻ സാധ്യതയില്ല എന്നതിനാൽ ഇത്തരമൊരു നിർദ്ദേശം നടപ്പിലാക്കാൻ ബുദ്ധിമുട്ട് വരില്ല.

ഈ സാധ്യതകളെ പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ, നമ്മുടെ സംസ്ഥാനത്തിൻറെ വികസന കുതിപ്പിന് ആക്കം കൂട്ടാൻ കഴിയും. ഒരു കാലഘട്ടത്തിൽ ബാങ്കിംഗ് മേഖലയിൽ മുൻകൈ ഉണ്ടായിരുന്ന സഹകരണ സ്ഥാപനങ്ങൾ പിന്നോട്ടു പോയത് ഐടി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ കാണിച്ച വിമുഖതയാണ് . ഈ അവസരം നഷ്ടപ്പെടുത്താതെ ഉപയോഗപ്പെടുത്താവുന്നതാണ്. അതുകൊണ്ടാണ് ഒരിക്കൽ കൂടി പത്രവാർത്തയുടെ പ്രസക്തമായ ഭാഗത്തോട് ഒപ്പം ഇവിടെ അവതരിപ്പിക്കുന്നത്.

ഡോ. എം രാമനുണ്ണി.

[mbzshare]

Leave a Reply

Your email address will not be published.