എൻ.സി.ഡി.സി എം.ഡി കേരളത്തിൽ:, വിവിധ സംഘങ്ങളിൽ സന്ദർശനം.
ഇന്റഗ്രേറ്റഡ് കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് പ്രോജക്റ്റിന്റെ ഭാഗമായി നാഷണൽ കോപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷൻ നിന്നും പദ്ധതികൾ വഴി പണം സ്വീകരിച്ചിട്ടുള്ള സംഘങ്ങളിലെ വിലയിരുത്തലിനുമായി എൻ.സി.ഡി.സി എം.ഡി സുധീപ് കുമാർ നായക് ഐ.എ.എസ് കേരളത്തിലെത്തി. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ എൻ.സി.ഡി.സി ,ഐ.സി. ഡി.പി ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക്, എം.വി.ആർ കാൻസർ സെന്റർ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, ഉള്ളേരി എൻജിനീയറിങ് കോളേജ്, തൃശ്ശൂർ അവിണിശ്ശേരി, അമ്മാടം, വെങ്ങിണിശ്ശേരി സർവീസ് സഹകരണ ബാങ്കുകൾ, കേരള കാർഷിക സർവ്വകലാശാല തുടങ്ങിയ ഇടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം ഞായറാഴ്ച മടങ്ങും. പ്രോജക്ടുകളെ സംബന്ധിച്ച വിലയിരുത്തലുകളാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഒപ്പം പുതിയ പ്രോജക്ടുകൾ സംബന്ധിച്ച ആശയവിനിമയവും. വ്യാഴാഴ്ച കാലിക്കറ്റ് സിറ്റി ബാങ്ക്, എം.വി.ആർ കാൻസർ സെന്റർ എന്നിവ സന്ദർശിച്ച ശേഷം തൃശ്ശൂരിലേക്ക് പോകും. വെള്ളിയാഴ്ച രാവിലെ തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ ഐ. സി.ഡി.പി പ്രോജക്ടുകൾ സംബന്ധിച്ച റിവ്യൂ മീറ്റിങ്ങിൽ പങ്കെടുക്കും. തുടർന്ന് ജില്ലയിലെ മൂന്ന് സർവീസ് സഹകരണ ബാങ്കുകളിലും തൃശൂർ ജില്ലാ ആയുർവേദ കോപ്പറേറ്റീവ് ഹോസ്പിറ്റലും സന്ദർശിക്കും. തൃശ്ശൂർ ജില്ലയിൽ 80 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിനകം 23 കോടി രൂപയുടെ അനുമതി ലഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് കാർഷികസർവകലാശാലയുടെ സെമിനാറിൽ പങ്കെടുക്കും. ശനി,ഞായർ ദിവസങ്ങളിൽ കോഴിക്കോട് ജില്ലയിലാണ് പരിപാടികൾ. സംഘങ്ങൾക്ക് പുതിയ പ്രൊജക്ടുകൾ നൽകാൻ അവസരം ഉണ്ടാകുമെന്നാണ് അറിയുന്നത്. സഹകരണസംഘങ്ങൾക്ക് എൻ.സി.ഡി.സി തുടയും ഐ.സി.ഡി. പിയുടെയും സഹകരണങ്ങൾ വലിയ ഗുണമാണ് ചെയ്യുന്നത്.