എല്ലാ പ്രാഥമിക സംഘങ്ങള്‍ക്കും ആദായനികുതി ഇളവു നല്‍കണം

moonamvazhi

നിയമസഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു

ദായ നികുതി നിയമത്തിലെ വകുപ്പ് 80 ( പി ) പ്രകാരമുള്ള ആദായനികുതി ആനുകൂല്യം എല്ലാ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും അനുവദിക്കണമെന്നും ഒരു വര്‍ഷം ഒരു കോടി രൂപയിലധികം പിന്‍വലിച്ചാല്‍ സംഘങ്ങള്‍ രണ്ടു ശതമാനം നികുതി നല്‍കണമെന്ന നിയമം പിന്‍വലിക്കണമെന്നും കേരള നിയമസഭ ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി.

 

നിയമസഭ അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ രൂപം :

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരാത്ത എല്ലാ സഹകരണ സംഘങ്ങള്‍ക്കും 1961 ലെ ഇന്‍കം ടാക്‌സ് ആക്ടിലെ വകുപ്പ് 80 ( പി ) (2) പ്രകാരം ആദായനികുതി ഇളവ് അനുവദനീയമായിരുന്നു. 2007 ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വന്ന 2006 ലെ ഫിനാന്‍സ് ആക്ട് ഭേദഗതിയിലൂടെ ആദായനികുതി നിയമത്തിലെ വകുപ്പ് 80 ( പി ) ഭേദഗതി വരുത്തി ഉപവകുപ്പ് 4 കൂട്ടിച്ചേര്‍ത്തതോടെ 2007 – 08 സാമ്പത്തിക വര്‍ഷം മുതല്‍ ആദായനികുതി വകുപ്പ് മേല്‍നിയമത്തിലെ 80 (പി ) (2) പ്രകാരമുള്ള ആനുകൂല്യം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവയൊഴികെയുള്ള സഹകരണ സംഘങ്ങള്‍ക്ക് നിഷേധിക്കുകയുണ്ടായി. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് (PACS) ആദായനികുതി നിയമം വകുപ്പ് 80 (പി) (2) പ്രകാരമുള്ള ആദായനികുതി കിഴിവിന് തുടര്‍ന്നും അര്‍ഹതയുണ്ടെന്നിരിക്കെ ഇതിന് വിരുദ്ധമായി ആദായനികുതി വകുപ്പ് കേരളത്തിലെ ജഅഇട കള്‍ ബാങ്കുകള്‍ക്ക് സമാനമായ പ്രവര്‍ത്തനമാണ് നടത്തുന്നത് എന്നും കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ നടത്തി ലാഭമുണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി വലിയ തോതില്‍ ആദായനികുതി ചുമത്തിക്കൊണ്ടുള്ള അസസ്സ്‌മെന്റ് ഉത്തരവുകള്‍ നല്‍കി വരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പല തവണ പരിഹാരത്തിന് ശ്രമിച്ചെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല.

കൂടാതെ, കേന്ദ്ര ആദായനികുതി നിയമത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത വകുപ്പ് 194 എന്‍ 2019 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ ഒരു സാമ്പത്തിക വര്‍ഷം ഒരു കോടിയിലധികം രൂപ കറന്‍സിയായി ബാങ്കുകളില്‍ നിന്നു പിന്‍വലിക്കുന്ന പക്ഷം രണ്ടു ശതമാനം സ്രോതസില്‍ നികുതി ( TDS) ഈടാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ബാങ്കിംഗ് ബിസിനസ് നടത്തുന്ന സഹകരണ സംഘങ്ങളെ ഈ വകുപ്പിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ( പ്രാഥമിക സഹകരണ ബാങ്ക് ) ബാങ്കിംഗ് ബിസിനസ് അല്ല നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളടക്കമുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നടക്കമുള്ള ബാങ്കുകളില്‍ നിന്നു ഒരു കോടി രൂപയിലധികം ഒരു സാമ്പത്തിക വര്‍ഷം പണമായി പിന്‍വലിക്കുമ്പോള്‍ സ്രോതസില്‍ നികുതി ഈടാക്കണമെന്ന് കാണിച്ച് ബാങ്കുകള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേരള സഹകരണ നിയമം 1969 പ്രകാരം നിയന്ത്രിതമായി നിക്ഷേപ-വായ്പാ പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ( PACS) ബിസിനസിന്റെ ഭാഗമായി ഒരു സാമ്പത്തിക വര്‍ഷം ഒരു കോടിയിലധികം രൂപയുടെ പണമിടപാടുകള്‍ നടത്തി വരുന്നുണ്ട്. അപ്രകാരമുള്ള ഇടപാടുകള്‍ക്ക് രണ്ടു ശതമാനം ടി.ഡി.എസ് ഈടാക്കുന്നത് സംഘങ്ങളുടെ പ്രവര്‍ത്തന മൂലധനത്തെ സാരമായി ബാധിക്കുന്നതും വായ്‌പേതര സംഘങ്ങള്‍ക്ക് ഈ നിയമം അവരുടെ ദൈനംദിന ഇടപാടുകള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നതുമാണ്. സഹകരണ മേഖലയുടെ പ്രവര്‍ത്തനം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ജനങ്ങളുടെ വരുമാനം, തൊഴില്‍, അടിസ്ഥാന സൗകര്യ വികസനം, കൃഷി, വിപണനം തുടങ്ങി സമൂഹത്തിലെ സമസ്ത മേഖലകളെയും ശക്തിപ്പെടുത്തുന്നതിനുള്ള ചാലക ശക്തിയായി മാറിയിട്ടുള്ളതിനാല്‍ കേന്ദ്ര ആദായനികുതി നിയമത്തില്‍ കൊണ്ടുവന്നിട്ടുള്ള മേല്‍ നിയമ ഭേദഗതികളും നിയമ നിഷേധ നടപടികളും സംസ്ഥാന താല്‍പര്യങ്ങളെ ഹനിക്കുന്നതാണ്.

ഈ പശ്ചാത്തലത്തില്‍, പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് സ്വാതന്ത്ര്യാനന്തര കാലം മുതല്‍ ലഭിച്ചു വന്നിരുന്ന ആദായനികുതി ആനുകൂല്യം എടുത്തു കളഞ്ഞതും ജഅഇട കള്‍ക്ക് ആദായ നികുതി നിയമപ്രകാരം അനുവദനീയമായ 80 (പി ) ആനുകൂല്യം നിഷേധിക്കുന്നതും ആദായനികുതി നിയമത്തിലെ 194 എന്‍ എന്ന വകുപ്പിന്റെ പരിധിയില്‍ പ്രാഥമിക സഹകരണസംഘങ്ങളെ കൊണ്ടുവന്നിട്ടുള്ളതും കേരളത്തിലെ സഹകരണമേഖലയുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നതാണ് എന്ന് ഈ സഭ വിലയിരുത്തുന്നു. ആയതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും (കാര്‍ഷിക, കാര്‍ഷികേതര വ്യത്യാസം കൂടാതെ) ആദായനികുതി ഇളവ് ലഭ്യമാക്കാന്‍ കഴിയുന്ന വിധം കേന്ദ്ര ആദായ നികുതി നിയമത്തില്‍ മതിയായ മാറ്റം കൊണ്ടുവരണമെന്നും ജഅഇട കള്‍ക്ക് ആദായനികുതി 80 (പി ) പ്രകാരം അനുവദനീയമായ നികുതി കിഴിവ് ഉപാധിരഹിതമായി അനുവദിക്കണമെന്നും ആദായനികുതി നിയമത്തിലെ 194 എന്‍ എന്ന വകുപ്പിന്റെ പരിധിയില്‍ പ്രാഥമിക സഹകരണസംഘങ്ങളെ ഒഴിവാക്കണമെന്നും കേരള നിയമസഭ ഏകകണ്ഠമായി ഒരു പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Latest News