എന്‍.സി.സി.എഫ്. 15 ദിവസത്തിനകം വിറ്റത് 560 ടണ്‍ തക്കാളി

moonamvazhi

തക്കാളിയുടെ റോക്കറ്റ്‌വില പിടിച്ചുനിര്‍ത്താനുള്ള ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ( എന്‍.സി.സി.എഫ് ) യുടെ ശ്രമം കുറെയൊക്കെ ഫലം കണ്ടു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ മൂന്നു സംസ്ഥാനങ്ങളിലായി ഈ സംഘടന കുറഞ്ഞ നിരക്കില്‍ വിറ്റത് 560 ടണ്‍ തക്കാളിയാണ്. മാര്‍ക്കറ്റില്‍ തക്കാളി കിലോവിനു 200 രൂപയ്ക്കടുത്ത് ഉള്ളപ്പോഴാണ് 70 രൂപയ്ക്കു വിറ്റ് എന്‍.സി.സി.എഫ് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നത്. നാഫെഡും ( ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷന്‍ ഓഫ് ഇന്ത്യ ) കുറഞ്ഞ വിലയ്ക്കു തക്കാളി വില്‍ക്കുന്നുണ്ട്. പക്ഷേ, ഇതിന്റെ കണക്ക് പുറത്തുവിട്ടിട്ടില്ല.

ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് എന്‍.സി.സി.എഫും നാഫെഡും സബ്‌സിഡിനിരക്കില്‍ തക്കാളി വിറ്റത്. തക്കാളി കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുന്നതിനാല്‍ സബ്‌സിഡി നിരക്കിലുള്ള വില്‍പ്പന തുടരേണ്ടിവരും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചു എന്‍.സി.സി.എഫും നാഫെഡും ജൂലായ് പതിനാലിനാണു തക്കാളി സംഭരിക്കാന്‍ തുടങ്ങിയത്. തുടക്കത്തില്‍ കിലോവിനു 90 രൂപയ്ക്കാണു വിറ്റിരുന്നത്. പിന്നീട് 80 രൂപയ്ക്കും 70 രൂപയ്ക്കും വില്‍പ്പന നടത്തി. ഒരാഴ്ചയായി 70 രൂപയ്ക്കാണു വില്‍പ്പന. ജൂലായ് 28 വരെ തങ്ങള്‍ 560 ടണ്‍ തക്കാളിയാണു സബ്‌സിഡി നിരക്കില്‍ വിറ്റതെന്ന് എന്‍.സി.സി.എഫ് മാനേജിങ് ഡയറക്ടര്‍ അനീസ് ജോസഫ് ചന്ദ്ര അറിയിച്ചു. സഞ്ചരിക്കുന്ന വാനുകളിലും കേന്ദ്രീയ ഭണ്ഡാറിന്റെ തിരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലറ്റുകളിലൂടെയുമാണു തക്കാളി വില്‍ക്കുന്നത്. ഓണ്‍ലൈനിലൂടെയുള്ള വില്‍പ്പന കൂട്ടാനും ഉദ്ദേശിക്കുന്നുണ്ട്. ചാര്‍ജൊന്നും ഈടാക്കാതെയാണു ഓണ്‍െൈലന്‍വില്‍പ്പന. ഒരാള്‍ക്കു പരമാവധി രണ്ടു കിലോ തക്കാളിയാണു കൊടുക്കുന്നത് – അവര്‍ പറഞ്ഞു.

കര്‍ണാടക, ആന്ധപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നാണ് എന്‍.സി.സി.എഫ്. തക്കാളി സംഭരിക്കുന്നത്. ജൂലായ് 29 ന്റെ കണക്കനുസരിച്ചു ഡല്‍ഹിയില്‍ കിലോവിനു 167 രൂപയും മുംബൈയില്‍ 155 രൂപയും ചെന്നൈയില്‍ 133 രൂപയുമാണു പൊതുവിപണിയിലെ വില. ആഗസ്റ്റ് പകുതിയാകുമ്പോഴേക്കും തക്കാളിവില കുറയുമെന്നാണു കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published.