എന്‍.സി.ഡി.സി. വായ്പയില്‍ റെക്കോഡ്

moonamvazhi

2021-22 സാമ്പത്തികവര്‍ഷം ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) സംസ്ഥാനങ്ങളിലെ സഹകരണസ്ഥാപനങ്ങള്‍ക്കു വായ്പയായി നല്‍കിയത് 34,221 കോടി രൂപ. ഇതൊരു സര്‍വകാല റെക്കോഡാണ്. തൊട്ടുമുമ്പത്തെ സാമ്പത്തികവര്‍ഷം 24,733 കോടി രൂപയുടെ വായ്പയാണു നല്‍കിയത്.


ലോക്‌സഭയില്‍ ഒരു ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര സഹകരണമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സഹകരണമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.സി.ഡി.സി. സഹകരണസ്ഥാപനങ്ങള്‍ക്കു സാമ്പത്തിക-സാങ്കേതികസഹായം നല്‍കുന്ന ദേശീയ ഏജന്‍സിയാണ്. 2021-22 ല്‍ എന്‍.സി.ഡി.സി. കൂടുതല്‍ വായ്പ അനുവദിച്ചതു ഛത്തിസ്ഗഡിനാണ്. 16,901 കോടി രൂപ. മിസോറം, പഞ്ചാബ്, ത്രിപുര സംസ്ഥാനങ്ങള്‍ക്കു വായ്പയൊന്നും അനുവദിച്ചിട്ടില്ല. അനുവദിച്ച വായ്പ ഏറ്റവുമധികം എടുത്ത സംസ്ഥാനം ഹരിയാണയാണ്. 12,827 കോടി രൂപ.

രാജ്യത്താകെ ഇക്കൊല്ലം 71 മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങള്‍ ലിക്വിഡേഷനിലായിട്ടുണ്ടെന്നു സഹകരണമന്ത്രി അമിത് ഷാ രാജ്യസഭയില്‍ ഒരു ചോദ്യത്തിനു എഴുതിക്കൊടുത്ത മറുപടിയില്‍ അറിയിച്ചു. ഇവയില്‍ കൂടുതല്‍ സംഘങ്ങള്‍ രാജസ്ഥാന്‍, മഹാരാഷ്ട്ര, ഡല്‍ഹി, ഒഡിഷ എന്നിവിടങ്ങളിലാണ്. 2020 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 48,907 പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ ലാഭത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നു മന്ത്രി പറഞ്ഞു. എന്നാല്‍, 24,243 പ്രാഥമിക സംഘങ്ങള്‍ നഷ്ടത്തിലാണ്.

Leave a Reply

Your email address will not be published.