എച്ച്.ഡി.സി.ക്ക് 245 അധികസീറ്റ് അനുവദിച്ച് സര്‍ക്കാര്‍; ജെ.ഡി.സി.ക്ക് 25
സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന എച്ച്.ഡി.സി. ആന്‍ഡ് ബി.എം. കോഴ്‌സിന് അധികസീറ്റ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അഞ്ച് സെന്ററുകളിലായി 245 സീറ്റുകളാണ് അധികം അനുവദിച്ചിട്ടുള്ളത്. ജെ.ഡി.സി.ക്ക് 25 സീറ്റുകളും അനുവദിച്ചിട്ടുണ്ട്.
അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് 2022-23 ഈ അധ്യയന വര്‍ഷം അധിക സീറ്റ് അനുവദിക്കണമെന്ന് കാണിച്ച് സഹകരണ .യൂണിയന്‍ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. മെയ് 18, ആഗസ്റ്റ് അഞ്ച് എന്നീ തീയതികളിലായി രണ്ട് കത്താണ് നല്‍കിയത്. എച്ച്.ഡി.സി. ആന്‍ഡ് ബി.എം., ജെ.ഡി.സി. എന്നീ കോഴ്‌സുകള്‍ക്ക് അധികം അപേക്ഷ ലഭിക്കുകയും വളരെ അധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം കിട്ടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു അപേക്ഷ സമര്‍പ്പിച്ചതെന്ന് സഹകരണ സംഘം രജിസ്ട്രാറും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുകൂല ഉത്തരവ് ഇറക്കിയത്.
തിരുവനന്തപുരം-65, തൃശൂര്‍-50, കാഞ്ഞങ്ങാട്-60, കോട്ടയം എന്‍.എസ്.എസ്. -60, ആറന്മുള-10 എന്നിങ്ങനെയാണ് വിവിധ സെന്ററുകളില്‍ അനുവദിച്ച എച്ച്.ഡി.സി. സീറ്റുകളുടെ എണ്ണം. കാസര്‍ക്കോട് മുന്നാണ് സഹകരണ പരിശീലന കേന്ദ്രത്തിലാണ് ജെ.ഡി.സി.ക്ക് 25 സീറ്റ് അധികമായി അനുവദിച്ചത്. അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത തരത്തിലും ക്ലാസ് നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയും അധിക സീറ്റില്‍ പ്രവേശനം നല്‍കണമെന്ന ഉപാധിയോടെയാണ് സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചത്.