എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ ഓണ്‍സൈറ്റ് ഓക്‌സിജന്‍ ജനറേറ്റര്‍ സ്ഥാപിച്ചു
കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ അന്തരീക്ഷത്തില്‍നിന്നു നേരിട്ട് ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാനായി പുതുതായി ഓണ്‍സൈറ്റ് ഓക്‌സിജന്‍ ജനറേറ്റര്‍ സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ നിര്‍വഹിച്ചു.
അന്തരീക്ഷവായുവില്‍നിന്നു ഓക്‌സിജന്‍മാത്രം വേര്‍തിരിച്ചു കംപ്രസ് ചെയ്ത് ആശുപത്രിയിലേക്കു പൈപ്പില്‍ക്കൂടി ആവശ്യമായ അളവിലും മര്‍ദത്തിലും വിതരണം ചെയ്യുന്നതാണ് ഈ സംവിധാനം. ഈ പ്ലാന്റിനു മണിക്കൂറില്‍ 12 ക്യുബിക് മീറ്റര്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഒരു ദിവസം 41 സിലിണ്ടറുകളില്‍ നിറയ്ക്കുന്നതിനാവശ്യമായ ഓക്‌സിജന്‍ നിര്‍മിക്കാനാവും.
ആശുപത്രിയിലേക്കാവശ്യമായ ഓക്‌സിജന്‍ ചേളാരിയിലെ സ്ഥാപനത്തില്‍നിന്നു സിലിണ്ടറുകളില്‍ നിറച്ച് ആശുപത്രിയിലെത്തിച്ചു ഗ്യാസ് പ്ലാന്റിലെ പൈപ്പുകളില്‍ കണക്ട് ചെയ്തു വിതരണം ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പുതിയ ജനറേറ്റര്‍ സ്ഥാപിച്ചതോടെ ആശുപത്രിയിലേക്കാവശ്യമായ ഓക്‌സിജന്‍ ഇവിടെത്തന്നെ നിര്‍മിക്കാന്‍കഴിയും.