ഊരാളുങ്കലിനു അധിക പലിശയില്‍ ഒരു വര്‍ഷം കൂടി നിക്ഷേപം സ്വീകരിക്കാം
കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിനു ( യു.എല്‍.സി.സി.എസ് ) പ്രവര്‍ത്തന മൂലധനം സ്വരൂപിക്കാന്‍ ഒരു ശതമാനം അധിക പലിശനിരക്കില്‍ സ്ഥിരനിക്ഷേപം സ്വീകരിക്കാന്‍ നല്‍കിയ അനുമതിയുടെ കാലാവധി സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. നേരത്തേ നല്‍കിയ അനുമതിയുടെ കാലാവധി 2022 മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു കാലാവധി 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കാലാവധി നീട്ടണമെന്നഭ്യര്‍ഥിച്ച് ഊരാളുങ്കല്‍ സംഘം ഭരണ സമിതി കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മുഖാന്തരം അപേക്ഷ നല്‍കിയിരുന്നു. സംഘത്തിന്റെ നിയമാവലി വ്യവസ്ഥ ( 16 ) പ്രകാരം നിക്ഷേപം സ്വീകരിക്കാന്‍ വ്യവസ്ഥയുണ്ടെന്നും തങ്ങള്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും നാഷണല്‍ ഹൈവേ അതോറിറ്റി, പി.ഡബ്ല്യൂ.ഡി. എന്നിവയുടെയും നിര്‍മാണപ്പണികള്‍ ഏറ്റെടുത്തു നടത്തിവരുന്നുണ്ടെന്നും ഊരാളുങ്കല്‍ സംഘത്തിന്റെ അപേക്ഷയില്‍ പറയുന്നു. തങ്ങള്‍ ഏറ്റെടുത്ത 3725 കോടി രൂപയുടെ പണികള്‍ സമയത്തിനു തീര്‍ക്കാന്‍ ഫണ്ട് അത്യാവശ്യമാണെന്നും പൊതുജനങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിച്ചാല്‍ മാത്രമേ ഇതു സാധ്യമാവൂ എന്നും സംഘം അറിയിച്ചു.
ഊരാളുങ്കല്‍ സംഘത്തിനു ഒരു ശതമാനം അധികനിരക്കില്‍ സ്ഥിരനിക്ഷേപം സ്വീകരിക്കാന്‍ ഒരു വര്‍ഷത്തേക്കുകൂടി അനുമതി നല്‍കാമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തതിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ കാലാവധി നീട്ടിക്കൊടുത്തത്.
[mbzshare]