ഉത്തരാഖണ്ഡ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിനു10.95 കോടിയുടെ അറ്റാദായം
- ഉത്തരാഖണ്ഡ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് 2020 – 21 ല്‍ 4,000 കോടിയിലധികം രൂപയുടെ ബിസിനസ് വിറ്റുവരവ് നേടി. കോവിഡ് -19 തീര്‍ത്ത പ്രതിസന്ധിക്കിടയിലും ബാങ്ക് 10.95 കോടി രൂപ അറ്റാദായം നേടി. 2021 മാര്‍ച്ച് 31 -ന് ബാങ്കിന്റെ മൊത്തം ബിസിനസ്സ് 3577 കോടിയില്‍ നിന്ന് 4,412 കോടി രൂപയായി ഉയര്‍ന്നു. നിക്ഷേപങ്ങള്‍ 2,042 കോടിയില്‍ നിന്ന് 2,159 കോടി രൂപയായി. വായ്പ 1,316 കോടിയില്‍ നിന്ന് 1,726 കോടി രൂപയിലെത്തി.
കോവിഡ് -19 കാരണം പ്രതികൂല വിപണന സാഹചര്യങ്ങളും വെല്ലുവിളികളും ഉയര്‍ന്നുവന്നിട്ടും എല്ലാ രംഗങ്ങളിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞുവെന്നു വാര്‍ഷിക പൊതുയോഗത്തിനു ശേഷം ബാങ്ക് ചെയര്‍മാന്‍ ഡാന്‍ സിംഗ് റാവത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ( 2019-20 ല്‍ ) ലാഭം 2.24 കോടി രൂപ മാത്രമായിരുന്നു. കിട്ടാക്കടങ്ങള്‍ വീണ്ടെടുക്കുന്നതിലും വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണു ഇക്കൊല്ലം മികച്ച നേട്ടമുണ്ടായതെന്നു ചെയര്‍മാന്‍ പറഞ്ഞു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും ഗുണം ചെയ്തു.2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 7.34 ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായി കുറഞ്ഞു.
ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനായി ഡെറാഡൂണില്‍ ലോകോത്തര പരിശീലന കേന്ദ്രവും ഗസ്റ്റ് ഹൗസും നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക്. ‘നിരവധി സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് സ്വന്തമായി സഹകരണ പരിശീലന കേന്ദ്രങ്ങള്‍ ഉള്ളതായി ഞങ്ങള്‍ കണ്ടിട്ടുണ്ട്, പക്ഷേ, സര്‍ക്കാര്‍ സ്ഥാപനമായ ഐ.സി.എം. ഒഴികെയുള്ള ഒരു കേന്ദ്രവും നമ്മുടെ സംസ്ഥാനത്തില്ല. കൂടാതെ, ഉത്തരാഖണ്ഡിലെ വേനല്‍ക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിട്ടുള്ള ഗൈര്‍സൈനില്‍ ഗസ്റ്റ് ഹൗസും ബ്രാഞ്ചുകളും തുറക്കാനും പദ്ധതിയുണ്ട് – ചെയര്‍മാന്‍ പറഞ്ഞു.
[mbzshare]