ഇറാനിലെ സഹകരണ പ്രസ്ഥാനം

moonamvazhi

പ്രചോദനം ഇസ്ലാമിക സാഹോദര്യം

വി.എന്‍. പ്രസന്നന്‍

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ പേര്‍ഷ്യ എന്നും വിളിക്കുന്നു. പേര്‍ഷ്യനാണ് ഔദ്യോഗിക ഭാഷ. 8.32 കോടി വരുന്ന ജനസംഖ്യയില്‍  93.5 ലക്ഷം പേര്‍ സഹകരണ സംഘങ്ങളില്‍ അംഗങ്ങളാണ്. 17.5 ലക്ഷം പേര്‍ സഹകരണ മേഖലയില്‍ ജോലി ചെയ്യുന്നു. ഇറാനില്‍ സഹകരണ പ്രസ്ഥാനത്തിനു രണ്ടു ഘട്ടങ്ങളുണ്ട് – 1979 ലെ ഇസ്ലാമിക വിപ്ലവത്തിനു മുമ്പും പിമ്പും. സഹകരണ പ്രസ്ഥാനം ഭരണഘടനയുടെ ഭാഗമായത് വിപ്ലവത്തിനു ശേഷമാണ്.

പുരാതന ഇറാനില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഉദാരമതികളായ സമ്പന്നരുണ്ടായിരുന്നു. അവര്‍ ജനങ്ങള്‍ക്കായി മോസ്‌ക്കുകളും റോഡുകളും പാലങ്ങളും ജലസംഭരണികളും നിര്‍മിച്ചു. വേതനം പറ്റാതെ അധ്വാനിച്ച് സാധാരണക്കാരും ഇതില്‍ സഹകരിച്ചു. ഇവിടെ തുടങ്ങുന്നു ഇറാനിലെ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം എന്നു ഖുര്‍ആനിലുണ്ട്. മതത്തില്‍ത്തന്നെ സഹകരണത്തിന് അനുകൂലമായ ദര്‍ശനമുള്ളത് സഹകരണ പ്രവര്‍ത്തനത്തിന് പ്രത്യേക പ്രചോദനമായി.

ഞാറു നടാനും ജലസേചനം നടത്താനും വിളവെടുക്കാനും ഇറാനിലെ കര്‍ഷകര്‍ പരസ്പരം സഹകരിച്ചിരുന്നു. സ്വത്തവകാശം നിലനിര്‍ത്തിയും വ്യക്തിപരമായി ലാഭമെടുത്തും തന്നെയായിരുന്നു ഈ സഹകരണം. സ്വാഭാവികമായ ഈ സഹകരണം ഇന്നും തുടരുന്നു. ഉന്നതമായ പങ്കാളിത്തമായിരുന്നു ആ സഹകരണത്തിന്റെ പ്രത്യേകത. ബോണേ ( Boneh ), ഹരാസേ ( Haraseh ), വാറെ (Wareh ) എന്നിങ്ങനെ പല പേരിലും അവ അറിയപ്പെട്ടു.

ആധുനിക കാലത്തു യന്ത്രവത്കരണം പരമ്പരാഗത രീതിയിലുള്ള സഹകരണത്തെ കുറെയൊക്കെ അപ്രസക്തമാക്കി. സഹകരണത്തിനു പുതിയ രൂപങ്ങള്‍ വന്നു. യന്ത്രങ്ങള്‍ വാങ്ങുന്നതിലും അറ്റകുറ്റപ്പണി നടത്തുന്നതിലും പങ്കുവയ്ക്കുന്നതിലുമാണ് ഇപ്പോള്‍ സഹകരണം.

1924 ല്‍ തുടക്കം

സഹകരണം പുരാതനകാലത്തേയുണ്ടെങ്കിലും, ഔപചാരിക രൂപത്തിലുള്ള സഹകരണ പ്രസ്ഥാനം ഇറാനില്‍ താരതമ്യേന പുതിയ പ്രതിഭാസമാണ്. 1924 ലെ വ്യാപാര നിയമത്തില്‍ ചില വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഔപചാരിക സഹകരണ സംഘങ്ങള്‍ തുടങ്ങിയത്. ഉല്‍പ്പാദക സഹകരണ സംഘങ്ങളും ഉപഭോക്തൃ സഹകരണ സംഘങ്ങളും രൂപവത്കരിക്കാനായിരുന്നു ഈ വകുപ്പുകള്‍. പിന്നീട്, 1932 ലെ വ്യാപാര നിയമത്തിലെ ചില വകുപ്പുകള്‍ ഉപഭോക്തൃ-ഉല്‍പ്പാദന സഹകരണക്കമ്പനികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു കൂട്ടം വ്യാപാരികള്‍ സ്ഥാപിക്കുന്ന കമ്പനിയാണു ഉല്‍പ്പാദക സഹകരണ സ്ഥാപനമെന്ന് ഇതിലെ 191-ാം വകുപ്പ് വ്യക്തമാക്കുന്നു. 192-ാം വകുപ്പ് ഉപഭോക്തൃ സഹകരണ സ്ഥാപനം എന്താണെന്നു പറയുന്നു. സഹകരണ സംഘാംഗങ്ങള്‍ ഉല്‍പ്പാദിപ്പിച്ചതോ വാങ്ങിയതോ ആയ പൊതു ഉപയോഗത്തിനുള്ള വസ്തുക്കളുടെ വില്‍പന, വാങ്ങലിന് ആനുപാതികമായി ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ വിതരണം എന്നീ കാര്യങ്ങള്‍ക്കായി രൂപവത്കരിക്കുന്ന കമ്പനിയാണ് ഉപഭോക്തൃ സഹകരണ സ്ഥാപനം എന്നാണ് അതിലെ നിര്‍വചനം. നിയമം ഏഴു തരം വ്യാപാരക്കമ്പനികളുടെ കൂട്ടത്തില്‍ ഉല്‍പ്പാദന സഹകരണ സ്ഥാപനങ്ങളെയും ഉപഭോക്തൃ സഹകരണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു.

1935 ലാണ് സഹകരണക്കമ്പനികള്‍ ആരംഭിച്ചത്. സര്‍ക്കാരാണ് മുന്‍കൈയെടുത്തത്. അങ്ങനെ ഗാംസര്‍ നഗരത്തില്‍ ദവൗദ്-അബാദില്‍ ഒരു കാര്‍ഷിക സഹകരണ സ്ഥാപനം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 1941 ല്‍ സഹകരണ സ്ഥാപനങ്ങളുടെ എണ്ണം മൂന്നായി. മൂന്നിലും കൂടി 1050 കര്‍ഷകര്‍ അംഗങ്ങളായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സഹകരണ തത്വങ്ങളും സാങ്കേതിക വിദ്യകളും ഇതിനു മുന്‍കൈയെടുത്തവര്‍ കരസ്ഥമാക്കിയിരുന്നു. പക്ഷേ, ജനങ്ങളുടെ നിരക്ഷരതയും പിന്നാക്കം വലിയാനുള്ള പ്രവണതയും വളര്‍ച്ചയ്ക്കു തടസ്സമായി. കാര്‍ഷിക പരിഷ്‌കരണമോ ഭൂവിതരണമോ നടന്നിരുന്നില്ല എന്നതും സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു വിഘാതമായി.

1941 ല്‍ അന്നത്തെ രാജാവ് റെസാ ഖാന്‍ പഹ്‌ലവി ഗ്രാമങ്ങളും നഗരങ്ങളും സന്ദര്‍ശിച്ച് സഹകരണ നിയമങ്ങളെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി തന്റെ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു പ്രതിനിധി സംഘത്തെ നിയോഗിച്ചു. സര്‍ക്കാര്‍ഫാക്ടറികളില്‍ നിര്‍മിച്ച കാര്‍ഷികോപകരണങ്ങള്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയവ ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ക്കു നല്‍കി. പക്ഷേ, രണ്ടാം ലോകയുദ്ധം ഇത്തരം പ്രവര്‍ത്തനങ്ങളുടെ പുരോഗതിക്കു വിഘാതമായി. യുദ്ധത്തിനുശേഷം പാശ്ചാത്യ സഹകരണ തത്വങ്ങള്‍ സ്വായത്തമാക്കിയ ചിലര്‍ നഗരങ്ങളില്‍ ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ സ്ഥാപിച്ചു. യുദ്ധാനന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുക എന്നതായിരുന്നു ലക്ഷ്യം. ഇതിനു ചില പാശ്ചാത്യ സ്ഥാപനങ്ങളും സഹായിച്ചു.

വിവിധ രാജ്യങ്ങളിലെ സഹകരണ പ്രതിനിധികള്‍ ഇറാന്‍ സന്ദര്‍ശിച്ചു. അമേരിക്കയില്‍ നിന്നായിരുന്നു കൂടുതലും. അവര്‍ സാങ്കേതിക സഹായം നല്‍കി. സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നതടക്കമുള്ള സാമൂഹിക, സാമ്പത്തിക പ്രവര്‍ത്തനങ്ങളും അവര്‍ നടത്തി. തൊഴില്‍ മന്ത്രാലയം, കാര്‍ഷിക ബാങ്ക്, സപ്തവത്സര പദ്ധതി സംഘടന എന്നിവയുടെ കൂട്ടായ പരിശ്രമഫലമായി പല സഹകരണ സംഘങ്ങളും ജന്‍മമെടുത്തു.

ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹകരണപ്രസ്ഥാനത്തിനു കഴിയുമെന്നു തൊഴില്‍ മന്ത്രാലയം മനസ്സിലാക്കി. ഇതിനായി ഐക്യരാഷ്ട്രസംഘടനയുടെ സാങ്കേതിക സഹായത്തിനുള്ള വിപുലപരിപാടി പ്രകാരം വിദഗ്ധരെ അയക്കണമെന്നു മന്ത്രാലയം അന്താരാഷ്ട്ര തൊഴില്‍സംഘടനയോട് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ അധികൃതരുമായി ചേര്‍ന്ന് സഹകരണ വികസന പരിപാടി ആരംഭിക്കുകയായിരുന്നു ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെയും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെയും പ്രതിനിധികള്‍ ഇറാനില്‍ സഹകരണ പ്രസ്ഥാനം വികസിപ്പിക്കാന്‍ സാങ്കേതിക സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. കാര്‍ഷിക സഹകരണ സംഘങ്ങളുടെയും ഉപഭോക്തൃ സഹകരണ സംഘങ്ങളുടെയും സംഘാടനത്തിലാണു പരിശീലനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയത്. സഹകരണ കാര്യങ്ങള്‍ പഠിക്കാന്‍ വിദേശത്തു പോകാന്‍ ഉദ്യോഗസ്ഥര്‍ക്കു ധനസഹായവും നല്‍കി.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഹാരി എസ്. ട്രൂമാന്‍ വികസ്വര രാജ്യങ്ങളുടെ വികസനത്തിനായി ആവിഷ്‌കരിച്ച ‘ ട്രൂമാന്‍ തത്വം ‘ അനുസരിച്ചുള്ള നടപടികള്‍ കൂടിയായിരുന്നു ഇവയൊക്കെ. 1951 ല്‍ ഇറാനില്‍ ആദ്യത്തെ സഹകരണക്കമ്മീഷന്‍ നിലവില്‍ വന്നു. ആ വര്‍ഷം സ്ഥാപിതമായ ‘ ഇറാനില്‍ സാമ്പത്തിക-വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള അമേരിക്കന്‍ ബോര്‍ഡ് ‘ സഹകരണ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കാന്‍ സാമ്പത്തികസഹായം നല്‍കി. ജീവനക്കാരുടെ ഉപഭോക്തൃ സഹകരണ സംഘങ്ങള്‍, ഗ്രാമീണ ഉപഭോക്തൃ സഹകരണ സംഘങ്ങള്‍, കാര്‍ഷിക സഹകരണസംഘങ്ങള്‍ എന്നിവ സ്ഥാപിക്കാനും അവര്‍ മുന്‍കൈയെടുത്തു. രാജാവിന്റെ അധീനതയിലുള്ള ഭൂമികള്‍ കര്‍ഷകര്‍ക്കു നല്‍കി വികസിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്.

സൈനിക സഹകരണ സംഘം

ഇറാന്‍കാരായ വിദഗ്ധര്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും സഹകരണ സംഘങ്ങള്‍ സ്ഥാപിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഫോര്‍ഡ് ഫൗണ്ടേഷന്‍, മധ്യപൂര്‍വ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളും സഹായിച്ചു. 50 സിവിലിയന്‍ ജീവനക്കാരെ സഹകരണ പരിശീലന കോഴ്‌സുകള്‍ പഠിക്കാന്‍ വിദേശത്തേക്ക് അയച്ചു. 1949ല്‍ ടെഹ്‌റാനില്‍ ഒരു സൈനിക സഹകരണ സംഘം ആരംഭിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളക്കാരായ ജീവനക്കാര്‍ക്കും വേണ്ടിയുള്ള സഹകരണസംഘങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു അത്. 1955 ആയപ്പോഴേക്കും ഇതില്‍ 4060 അംഗങ്ങളുണ്ടായിരുന്നു.

1952 ആഗസ്റ്റ് 11 നു മുഹമ്മദ് മൊസാദെക്കിന്റെ മന്ത്രിസഭ സഹകരണ സംഘങ്ങള്‍ക്കായി ഒരു നിയമം അംഗീകരിച്ചു. വ്യാപാര നിയമത്തിന്റെതില്‍നിന്നു വ്യത്യസ്തമായ ഒരു അസ്തിത്വം അത് സഹകരണ സ്ഥാപനങ്ങള്‍ക്കു കല്‍പിച്ചു. മൊസാദെക്ക് സര്‍ക്കാര്‍ പോയശേഷം, 1953 ആഗസ്റ്റില്‍ ഇറാനിലെ സഹകരണ നിയമത്തിനായുള്ള മറ്റൊരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ സഹകരണ നിയമത്തിനു സമാനമായ ഒന്നായിരുന്നു അത്. 1955 ല്‍ ഇതില്‍ ചില ഭേദഗതികള്‍ വരുത്തി. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പല സഹകരണക്കമ്പനികളും സ്ഥാപിതമായി. ഈ നിയമ പ്രകാരം സഹകരണ സ്ഥാപനങ്ങളുടെ ഭരണത്തിനായി സ്ഥിരം സഹകരണ കൗണ്‍സില്‍ സ്ഥാപിച്ചു. തൊഴില്‍, ധനം, ആഭ്യന്തരം, കൃഷി വകുപ്പുകളുടെ മന്ത്രിമാരും ആസൂത്രണ സംഘടനയുടെയും കാര്‍ഷിക ബാങ്കിന്റെയും മാനേജിങ്് ഡയരക്ടര്‍മാരും കൗണ്‍സിലില്‍ അംഗങ്ങളായിരുന്നു. നഗര സഹകരണ സ്ഥാപനങ്ങളുടെയും ഗ്രാമ സഹകരണ സ്ഥാപനങ്ങളുടെയും സഹകരണ ഫെഡറേഷനുകളുടെയും രൂപവത്കരണത്തിനുവേണ്ട നിയമപരമായ അടിത്തറ പാകിയത് ഈ നിയമമാണ്.

1955 ല്‍ 70 സംഘങ്ങള്‍

1955 ല്‍ ഇറാനില്‍ ഏകദേശം 70 സഹകരണ സംഘങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ 14 എണ്ണവും തലസ്ഥാനമായ ടെഹ്‌റാനിലായിരുന്നു. ടബ്രിസില്‍ അഞ്ചെണ്ണമുണ്ടായിരുന്നു. കാസ്പിയന്‍ തീരത്തെ പ്രവിശ്യകളില്‍ ഏഴെണ്ണവും ഇസ്പഹാനില്‍ ആറെണ്ണവും ഉണ്ടായിരുന്നു. ഖൊറാസ്സാന്‍, ഫാര്‍സ് തുടങ്ങിയ പ്രവിശ്യകളിലായിരുന്നു മറ്റുള്ളവ. 38 ഉപഭോക്തൃ സഹകരണ സംഘങ്ങളും ഒരു വ്യവസായ സഹകരണ സംഘവും 24 കാര്‍ഷിക സഹകരണ സംഘങ്ങളും ഏഴു കാര്‍ഷിക യന്ത്രസാമഗ്രി വാങ്ങല്‍ സഹകരണ സംഘങ്ങളുമാണ് ഉണ്ടായിരുന്നത്. ഉപഭോക്തൃ സഹകരണസംഘങ്ങള്‍ മിക്കവയും വാങ്ങല്‍ ഗ്രൂപ്പുകളുടെ രൂപത്തിലുള്ളവയായിരുന്നു. വിവിധ സ്ഥാപനങ്ങളിലും സൈനിക യൂണിറ്റുകളിലുമാണ് അവ സംഘടിപ്പിക്കപ്പെട്ടത്. സാധാരണ ജനങ്ങളില്‍ മിക്കവര്‍ക്കും അവയില്‍ അംഗത്വത്തിന് അര്‍ഹതയുണ്ടായിരുന്നില്ല. ശമ്പളക്കാരായ ജീവനക്കാരും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുമായിരുന്നു അത്തരം സംഘങ്ങളിലെ അംഗങ്ങള്‍.

1962 ല്‍ ഭൂപരിഷ്‌കരണം നടപ്പാക്കി. ഭൂമി കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടു. ഭൂപരിഷ്‌കരണത്തിന്റെ മുഖ്യശില്‍പി അന്നത്തെ കൃഷിമന്ത്രിസയ്യിദ് ഹസ്സന്‍ അര്‍സന്‍ജാനിയാണ്. ഭൂപരിഷ്‌കരണ നിയമ പ്രകാരം കൃഷിക്കു ഭൂമി ലഭിക്കുന്ന കര്‍ഷകര്‍ ഗ്രാമീണ സഹകരണ സംഘത്തില്‍ അംഗമായിരിക്കണമെന്ന് വ്യവസ്ഥ വന്നു. അതിനാല്‍ കുറച്ചുകാലത്തിനകം എണ്ണായിരത്തിലേറെ ഗ്രാമീണ സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. പക്ഷേ, പിന്നീട് ഇവയില്‍ പലതും ഇല്ലാതാവുകയും ചിലത് തമ്മില്‍ ലയിക്കുകയും ചെയ്തതോടെ എണ്ണം മൂവായിരത്തോളമായി. ഒരു കേന്ദ്ര സഹകരണ സംഘടന (Central Cooperative Organization – CCO) സ്ഥാപിച്ച് എല്ലാ സഹകരണക്കമ്പനികളെയും ഭരണപരമായി ഇതിന്റെ കീഴിലാക്കി. 20 സഹകരണ ഫെഡറേഷനുകളടക്കം 1340 സ്ഥാപനങ്ങള്‍ അന്ന് ഇതിനു കീഴിലുണ്ടായിരുന്നു. 1963 ല്‍ ഇറാനിലെ ഗ്രാമീണ സഹകരണ സംഘങ്ങള്‍ക്കായുള്ള കേന്ദ്ര സംഘടന രൂപവത്കരിക്കപ്പെട്ടു. ഗ്രാമീണ സഹകരണ സ്ഥാപനങ്ങളുടെ അധികൃതര്‍ക്കു സഹകരണ വിദ്യാഭ്യാസം നല്‍കുക, സഹകരണക്കമ്പനികള്‍ക്കു വായ്പ നല്‍കുക, കൃഷി, കന്നുകാലിവളര്‍ത്തല്‍, മീന്‍പിടിത്തം, വ്യവസായം, ഖനനം, ഭവനനിര്‍മാണം തുടങ്ങിയ മേഖലകളില്‍ വിപണന-വില്‍പന സഹായങ്ങള്‍ നല്‍കുക തുടങ്ങിയവയായിരുന്നു ഉദ്ദേശ്യങ്ങള്‍.

ഉല്‍പ്പാദക സംഘങ്ങള്‍ക്ക്  മുന്‍ഗണന

മൂന്നു വിഭാഗം സഹകരണ സ്ഥാപനങ്ങളെപ്പറ്റി സഹകരണ നിയമത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇവയില്‍ ഉല്‍പ്പാദക സഹകരണ സ്ഥാപനങ്ങള്‍ക്കു സാമ്പത്തികം അടക്കമുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ക്കു മുന്‍ഗണന ലഭിച്ചിരുന്നു. സ്ഥാപനത്തിലെ ജോലിക്കാര്‍ കൂടിയായ ആളുകളാണ് ഇത്തരം സ്ഥാപനങ്ങളിലെ അംഗങ്ങള്‍. മറ്റു രാജ്യങ്ങളിലെ തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കു സമാനമാണിവ. ഉല്‍പ്പാദക സഹകരണ സ്ഥാപനങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുകയോ അവരുടെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയോ ചെയ്യുന്ന സ്ഥാപനങ്ങളാണ് വിതരണ സഹകരണ സ്ഥാപനങ്ങള്‍ ( distributive co-operatives ). ഇതിലെ അംഗങ്ങള്‍ അവയില്‍ തൊഴിലെടുക്കുന്നവര്‍തന്നെ ആയിരിക്കണമെന്നില്ല. വിവിധോദ്ദേശ്യ സഹകരണ സ്ഥാപനങ്ങളായിരുന്നു മൂന്നാമത്തെ വിഭാഗം. ഗ്രാമങ്ങളിലാണ് ഇവ സ്ഥാപിച്ചിരുന്നത്. ഗ്രാമ വികസനമായിരുന്നു ലക്ഷ്യം. എല്ലാ ഗ്രാമവാസികളും ഇവയില്‍ അംഗങ്ങളാകാന്‍ അര്‍ഹരായിരുന്നു. അവര്‍ അതിലെ ജോലിക്കാര്‍ തന്നെയായിരിക്കണമെന്നു നിര്‍ബന്ധമില്ലായിരുന്നുവെന്ന് അര്‍ഥം.

പൊതു ഉപയോഗത്തിനുള്ള ഭൂമി എന്നൊരു സഹകരണ ഘടകവും ഇക്കാലത്തു നിലവില്‍ വന്നു. അഞ്ചു മുതല്‍ പത്തു വരെ കര്‍ഷകര്‍ അംഗങ്ങളായ ഗ്രൂപ്പുകള്‍ക്കു വിതരണം ചെയ്തിരുന്ന ഭൂമികളാണ് ഇങ്ങനെ അറിയപ്പെട്ടിരുന്നത്. കര്‍ഷകര്‍ ഭൂമിയില്‍ കൂട്ടായി ജോലി ചെയ്യുകയും ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിനു വില്‍ക്കുകയും ചെയ്യും. യന്ത്രസാമഗ്രികളും ഉപകരണങ്ങളുമൊക്കെ ഗ്രൂപ്പിന്റെ പൊതു ഉടമസ്ഥതയിലായിരിക്കും. ഇവയെ കൃത്യമായ അര്‍ഥത്തില്‍ സഹകരണ സ്ഥാപനങ്ങളായി കണക്കാക്കാനാവില്ലെന്നും ഇത് തൊഴില്‍ ക്രമീകരണം മാത്രമാണെന്നും വാദിക്കുന്നവരുണ്ട്.

1971 ല്‍ സഹകരണ സംഘം നിയമം വന്നു. 25 അധ്യായവും 149 വകുപ്പുമാണ് നിയമത്തിലുണ്ടായിരുന്നത്. രാജ്യത്തെ സഹകരണ സ്ഥാപനങ്ങള്‍ക്കു പൊതു മാര്‍ഗനിര്‍ദേശം നല്‍കേണ്ടതും മേല്‍നോട്ടം വഹിക്കേണ്ടതും സഹകരണ മന്ത്രാലയമാണെന്ന് അതില്‍ വ്യവസ്ഥ ചെയ്തു. സഹകരണ സ്ഥാപനങ്ങളുടെ ഏകോപനത്തിന് പരമോന്നത സമിതി രൂപവത്കരിക്കണമെന്നും നിര്‍ദേശിച്ചു. കാര്‍ഷിക, ഗ്രാമ, മീന്‍പിടിത്ത, ഉപഭോക്തൃ, ഭവന, വായ്പ, സ്‌കൂള്‍, തൊഴില്‍, കരകൗശല, കൈവേല, ചെറുകിട വ്യവസായ, വ്യാപാര, പ്രൊഫഷണല്‍ വിഭാഗങ്ങളില്‍പ്പെട്ട സഹകരണ സ്ഥാപനങ്ങളെ നിര്‍വചിക്കുകയും ചെയ്തു. ഈ നിയമത്തിന്റെ പല ഭാഗവും ഇപ്പോഴും പിന്തുടരുന്നുണ്ട്.

ഇസ്ലാമിക വിപ്ലവാനന്തര സഹകരണപ്രസ്ഥാനം

ഇറാനിലെ സഹകരണ പ്രസ്ഥാനത്തെ രണ്ടു ഘട്ടമായാണു വിഭജിക്കാറുള്ളത്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനു മുമ്പുള്ള വികാസങ്ങളാണ് ഒന്നാം ഘട്ടം. വിപ്ലവത്തിനുശേഷമുള്ളത് രണ്ടാം ഘട്ടവും. ഇസ്ലാമിക വിപ്ലവത്തിനുശേഷം പുതിയൊരു ഭരണഘടന നിലവില്‍ വന്നു. പൊതു ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ മാത്രമല്ല, സാമ്പത്തിക വികസനത്തിനും തൊഴില്‍ സൃഷ്ടിക്കാനുമുള്ള ഒരു പ്രമുഖ മേഖലയായിത്തന്നെ പുതിയ ഇസ്ലാമിക റിപ്പബ്ലിക് സഹകരണത്തെ കണക്കാക്കി. സഹകരണ പ്രസ്ഥാനം ഭരണഘടനയുടെ ഭാഗമായി. അതിന് ആത്മീയമായ മാനം കൂടി കൈവന്നു. സാമ്പത്തികനീതി യാഥാര്‍ഥ്യമാക്കാനുള്ള ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ശക്തമായ പ്രതിബദ്ധത അതില്‍ പ്രകടമായി. ഭരണഘടനയുടെ 43, 44 വകുപ്പുകള്‍ വഴി സഹകരണത്തെ ഒരു മുഖ്യ സാമ്പത്തിക മേഖലയായിത്തന്നെ മാറ്റി.

ജോലി ചെയ്യാനുള്ള കഴിവുണ്ടായിട്ടും ജോലിയില്ലാതെ നില്‍ക്കുന്നവര്‍ക്ക് സഹകരണ രംഗം വഴി പലിശരഹിത വായ്പയും മറ്റും ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥയാണ് 43-ാം വകുപ്പിലുള്ളത്. 44-ാം വകുപ്പ് സമ്പദ് വ്യവസ്ഥയെ പൊതുമേഖല, സ്വകാര്യ മേഖല, സഹകരണ മേഖല എന്നിങ്ങനെ മൂന്നു മേഖലകളായി തിരിക്കുന്നു. പൊതുമേഖലയുടെ പ്രവര്‍ത്തനത്തിന് ഇതില്‍ പരിധികള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. അതേസമയം, സ്വകാര്യ മേഖല പ്രവര്‍ത്തിക്കേണ്ടത് സഹകരണ മേഖലയ്ക്കും പൊതുമേഖലയ്ക്കും അനുപൂരകമായിട്ടായിരിക്കണം എന്നും നിര്‍ദേശിക്കുന്നു.

1991 ല്‍ സഹകരണ പ്രസ്ഥാനത്തിനു കൂടുതല്‍ പ്രാധാന്യം കല്‍പിക്കുന്ന ഒരു നിയമഭേദഗതി ഇറാനിലുണ്ടായി. സര്‍ക്കാരിന്റെ സബ്‌സിഡി ഇറാനില്‍ സഹകരണ പ്രസ്ഥാനത്തിനു കാര്യമായി ലഭിക്കുന്നുണ്ട്. സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ സഹകരണ സംഘത്തില്‍ അംഗത്വമെടുത്തിരിക്കണമെന്നു 91 ലെ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ ( ജി.ഡി.പി. ) 25 ശതമാനം സഹകരണ മേഖലയില്‍ നിന്നാവണം എന്ന ലക്ഷ്യത്തോടെയാണ് ഇറാന്റെ പ്രവര്‍ത്തനം. 2012 ല്‍ ഇറാനിലെ എണ്ണക്കുരു-സസ്യഎണ്ണ സംസ്‌കരണ സഹകരണ സ്ഥാപനമായ ഫര്‍ദയുടെ ( എമൃറമ ) മാനേജിങ് ഡയരക്ടറായ അബോല്‍ ഹസ്സന്‍ ഖലീലി ഗാര്‍ഡിയന്‍ പത്രത്തിന്റെ ലേഖകനായ സൈമണ്‍ ബിര്‍ച്ചിനോടു പറഞ്ഞത് 1800 കോടി ഡോളറിന്റെ മൂല്യമുള്ള മേഖലയാണ് ഇറാനിലെ സഹകരണ രംഗം എന്നാണ്. ഇറാന്റെ അന്നത്തെ ജി.ഡി.പി. യുടെ ഏകദേശം ആറു ശതമാനമായിരുന്നു അത്. 2006 ല്‍ ആരംഭിച്ച ഫര്‍ദയുടെ കീഴില്‍ 27 സസ്യഎണ്ണ സംസ്‌കരണ ഫാക്ടറികളുണ്ട്. ഇറാനില്‍ എല്ലായിടത്തുമായി പതിനായിരത്തോളം പേര്‍ ഫര്‍ദയില്‍ അംഗങ്ങളാണ്.

സഹകരണ സ്ഥാപനങ്ങളില്‍ 17 ലക്ഷം പേര്‍ക്ക് ജോലി

ഇറാന്‍ സഹകാരി ചേമ്പറിന്റെ കണക്കുപ്രകാരം 2013 സെപ്റ്റംബറില്‍ 1,91,077 സഹകരണ സ്ഥാപനങ്ങളുണ്ടായിരുന്നു. പിന്നീട് ഇതില്‍ 43 ശതമാനവും നിഷ്‌ക്രിയമാവുകയും ആറു ശതമാനത്തോളം അടച്ചുപൂട്ടുകയും ചെയ്തുവെന്നും സംഘടന പറയുന്നു. ഇറാന്‍ കേന്ദ്ര സഹകരണ ചേമ്പറിന്റെ 2016 ലെ കണക്കുപ്രകാരം 92,080 സഹകരണ സ്ഥാപനങ്ങളാണ് ഇറാനിലുള്ളത്. ഇവയിലെല്ലാം കൂടി 17,37,426 പേര്‍ ജോലി ചെയ്യുന്നു. എല്ലാ സഹകരണസ്ഥാപനങ്ങളിലും കൂടി 93,48,364 അംഗങ്ങളാണുള്ളത്. ഇറാന്‍ ജനസംഖ്യയുടെ 11.7 ശതമാനമാണിത്.

അമേരിക്കയുടെ ഉപരോധം മറ്റെല്ലാ രംഗത്തുമെന്ന പോലെ സഹകരണ സംരംഭങ്ങള്‍ക്കും തിരിച്ചടിയായിട്ടുണ്ട്. ഇപ്പോഴും ജി.ഡി.പി. യുടെ അഞ്ചോ ആറോ ശതമാനം സംഭാവന ചെയ്യാനേ സഹകരണ മേഖലയ്ക്കു കഴിയുന്നുള്ളൂ. ഇതിനു പല കാരണവും ചൂണ്ടിക്കാട്ടുന്നുണ്ട്. നല്ലൊരു ഭാഗം സഹകരണക്കമ്പനികള്‍ക്കും പരിമിതമായ അംഗസംഖ്യയേ ഉള്ളൂ എന്നതാണ് ഒരു കാരണം. മിക്കവാറും സംഘങ്ങളില്‍ ഏഴുപേരേ ഉള്ളൂ. ( കാരണം സഹകരണക്കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ ഏഴ് അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം എന്നാണു നിയമം). അതിനാല്‍, കുറഞ്ഞ പലിശയ്ക്കു വായ്പ ലഭിക്കുന്നതിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഏഴു പേര്‍ മാത്രം ചേര്‍ന്നു രൂപവത്കരിക്കുന്ന സഹകരണക്കമ്പനികള്‍ ധാരാളമുണ്ട്. സഹകരണസ്ഥാപനം എന്നു പേരുണ്ടെങ്കിലും ഇവ പലപ്പോഴും ജോയിന്റ് സ്‌റ്റോക്ക് കമ്പനികളെപ്പോലെയാണു പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ മുന്‍കൈയില്‍ സ്ഥാപിക്കപ്പെട്ടവ എന്നതിനെക്കാള്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു സ്ഥാപിച്ചവയാണു പല സഹകരണസംഘങ്ങളും എന്നൊരു പ്രത്യേകത ഇറാനിലെ സഹകരണ പ്രസ്ഥാനത്തിനുണ്ട്. ഇറാന്‍-ഇറാഖ് യുദ്ധകാലത്തു ഭക്ഷണത്തിനും മറ്റ് അടിസ്ഥാനവസ്തുക്കള്‍ക്കും ക്ഷാമമുണ്ടായി. 1980 കളില്‍ അതിനാല്‍ ഭക്ഷ്യവിതരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ധാരാളം സഹകരണ സ്ഥാപനങ്ങള്‍ നിലവില്‍ വന്നു.

കോവിഡിനെ നേരിടാന്‍ സഹകരണ മേഖലയും

ഇസ്ലാമിക വിപ്ലവത്തിന്റെ ആദ്യകാലത്തുനിന്ന് സ്വതന്ത്ര വിപണിക്കും നവ ഉദാരീകരണത്തിനും അനുകൂലമായി ചില മാറ്റങ്ങള്‍ വന്നതു സഹകരണ മേഖലയുടെ തളര്‍ച്ചയ്ക്കു കുറച്ചൊക്കെ കാരണമായിട്ടുണ്ട്. എങ്കിലും, പ്രശ്‌നങ്ങളെ നേരിടാന്‍ സഹകരണ പ്രസ്ഥാനം ഇറാന്‍ ജനതയെ സഹായിക്കുന്നു. ഏറ്റവും ഒടുവില്‍, കോവിഡ്- 19 മഹാമാരിയെ നേരിടുന്നതിലും ഇറാനിലെ സഹകരണ സംഘങ്ങള്‍ സജീവമാണ്. വ്യക്തിഗതസംരക്ഷണോപാധികളുടെ ( ജലൃീെിമഹ ുൃീലേരശേീി ലൂൗശുാലി േ) ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഈ സഹകരണ സംഘങ്ങള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. മുഖാവരണങ്ങള്‍, അണുനാശിനികള്‍, ഡിറ്റര്‍ജന്റുകള്‍, വസ്ത്രങ്ങള്‍ എന്നിവ നിര്‍മിക്കാനും ഇവയുടെ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കാനും അവ മുന്‍പന്തിയിലുണ്ട്. സഹകരണ സംഘങ്ങളുടെ ഇറാനിയന്‍ ചേമ്പര്‍ , ടെഹ്‌റാന്‍ പ്രവിശ്യയിലെ വിജ്ഞാനാധിഷ്ഠിത സഹകരണസംഘങ്ങളുടെ യൂണിയന്‍ , ഇറാനിലെ പെട്രോകെമിക്കല്‍ രംഗത്തെ സഹകരണ യൂണിയന്‍ , ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ സഹകരണ സംഘങ്ങള്‍, ഇഷ്‌റാഖ് ദിബാജ് ദാംഗന്‍ സഹകരണക്കമ്പനി , സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബെഹ്‌സിസ്റ്റ് ഗോണ്‍ബാദ് ഉല്‍പ്പാദന സഹകരണസംഘം എന്നിവ ഇതില്‍ സജീവമാണ്. സര്‍ക്കാരുമായും നഗരസഭകളുമായും സഹകരിച്ച് കോവിഡ് പ്രതിരോധോപാധികളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വ്യാപകമായി വിതരണം ചെയ്യാനും ഇവ ശ്രമിച്ചുവരുന്നു.

ഇനി വ്യത്യസ്ത തരം സംഘങ്ങളെപ്പറ്റി പരിശോധിക്കാം. ഗ്രാമീണ സഹകരണ സംഘങ്ങള്‍, ഉല്‍പ്പാദന സഹകരണ സംഘങ്ങള്‍, നഗര സഹകരണ സ്ഥാപനങ്ങള്‍, ജീവനക്കാരുടെ സഹകരണ സംഘങ്ങള്‍, ഗ്രാമീണ ഉല്‍പ്പാദക സഹകരണ സംഘങ്ങള്‍ തുടങ്ങിയവയാണവ.

ഗ്രാമീണ സഹകരണ സംഘങ്ങള്‍

1939 ല്‍ കാര്‍ഷിക ബാങ്ക് ഗ്രാമീണ ധനസംഘങ്ങളെ പ്രോത്സാഹിപ്പിച്ചു തുടങ്ങി. ചെറുകിട ഭൂവുടമകള്‍ക്കും മറ്റും കുറഞ്ഞ പലിശയ്ക്കു വായ്പ നല്‍കുകയായിരുന്നു ഉദ്ദേശ്യം. 1958 ല്‍ ഗ്രാമീണ ധനസംഘങ്ങള്‍ ഗ്രാമീണ സഹകരണ സംഘങ്ങളായി. രാജകീയഭൂമിയുടെ വിതരണ-വിപണനസംരംഭങ്ങള്‍ ആദ്യം തുടങ്ങിയതു വരാമിന്‍ എന്ന സ്ഥലത്താണ്. അവിടെ 12 ഗ്രാമങ്ങളെ ചേര്‍ത്ത് ഒരു വിവിധോദ്ദേശ്യ സഹകരണ സംഘം സ്ഥാപിച്ചു. അമേരിക്കന്‍ നാലിന പരിപാടിയുടെയും സമീപ പൂര്‍വദേശ ഫൗണ്ടേഷന്റെയും സാങ്കേതിക-സാമ്പത്തികസഹായങ്ങളോടെയായിരുന്നു അത്. ഇതു വിജയിച്ചെങ്കിലും വ്യാപിപ്പിക്കാനായില്ല. തുടര്‍ന്ന് 1952 ല്‍ സ്ഥാപിതമായ വികസന ബാങ്കിനെ രാജകീയ ഭൂമികളുടെ വിതരണത്തിനും ഭരണത്തിനുമുള്ള ചുമതല ഏല്‍പ്പിച്ചു. വികസന ബാങ്ക് ഗ്രാമീണ സഹകരണ സ്ഥാപനങ്ങള്‍ രൂപവത്കരിച്ചു. കര്‍ഷകര്‍ക്കും ഭൂമി ലഭിച്ച കുടിയാന്‍മാര്‍ക്കും സാങ്കേതിക-സാമ്പത്തിക സഹായങ്ങള്‍ നല്‍കി. സര്‍ക്കാര്‍ ഏജന്‍സികളെയും സഹകരണ സംഘങ്ങള്‍ സ്ഥാപിക്കാന്‍ പ്രോത്സാഹിപ്പിച്ചു. 1956 ആഗസ്റ്റില്‍ ഗ്രാമീണ വികസന ഏജന്‍സി സ്ഥാപിക്കാന്‍ നിയമം വന്നിരുന്നു. ഗ്രാമ കൗണ്‍സിലുകള്‍ക്കും ജില്ലാ കൗണ്‍സിലുകള്‍ക്കും ഗ്രാമീണ നിധികളും സഹകരണ സംഘങ്ങളും സ്ഥാപിക്കാമെന്ന് ആ നിയമത്തിലുണ്ടായിരുന്നു. കാര്‍ഷികബാങ്ക് ഗ്രാമീണ സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നതിലും സാമ്പത്തിക പിന്‍ബലമൊരുക്കുന്നതിലും മുഖ്യപങ്കു വഹിച്ചു. 1960 ആയപ്പോള്‍ 639 ഗ്രാമീണ സഹകരണ സംഘങ്ങളായി. 2,90,000 അംഗങ്ങളും.

1962 ല്‍ ഭൂപരിഷ്‌കരണ നിയമം ഗ്രാമത്തിലെ കാര്‍ഷിക കാര്യങ്ങളുടെ മേല്‍നോട്ടവും മാര്‍ഗ നിര്‍ദേശവും സഹകരണ സംഘത്തിന്റെ ചുമതലയാക്കി. ജലസേചന കനാലുകളുടെ സംരക്ഷണം, കാര്‍ഷിക യന്ത്രസാമഗ്രികളുടെ ഉപയോഗം, കീട നിയന്ത്രണം തുടങ്ങിയവയ്‌ക്കൊക്കെ സഹകരണ സംഘത്തിന് ഉത്തരവാദിത്തമുണ്ടായിരുന്നു. സര്‍ക്കാര്‍ കര്‍ഷകര്‍ക്കു ഭൂമി കൈമാറുന്ന എല്ലാ ഗ്രാമത്തിലും ഒരു സഹകരണ സംഘം സ്ഥാപിക്കണമെന്നു തത്വത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും കൃഷി ചെയ്യുന്ന ഭൂമിയുള്ള കര്‍ഷകര്‍ക്കും കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മാത്രമായി സഹകരണ സംഘാംഗത്വം പരിമിതപ്പെടുകയാണുണ്ടായത്. ഗ്രാമീണ ജനതയില്‍ 30 ശതമാനവും സഹകരണ സംവിധാനത്തില്‍പ്പെട്ടില്ല. 1971 ല്‍ ഈ വ്യവസ്ഥ മാറ്റുകയും ചെയ്തു.

തുടക്കത്തില്‍ ഭൂപരിഷ്‌കരണ ഉദ്യോഗസ്ഥരാണു സഹകരണ സംഘങ്ങള്‍ സ്ഥാപിച്ചത്. കാര്‍ഷിക വായ്പ-ഗ്രാമവികസന ബാങ്കിന്റെ മേല്‍നോട്ടത്തിലായിരുന്നു ഇത്. ഇതാണു പിന്നീടു കാര്‍ഷിക ബാങ്കായി മാറിയത്. 1963 ല്‍ ഗ്രാമീണ സഹകരണ സംഘങ്ങള്‍ക്കുള്ള കേന്ദ്ര സംഘടന സ്ഥാപിതമായി. ഇവിടെ ഗ്രാമീണ സഹകരണ സംഘങ്ങളുടെ കേന്ദ്ര സംഘടനയെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്.

ഗ്രാമീണ സഹകരണ സംഘങ്ങളുടെ കേന്ദ്രസംഘടന

കോര്‍ക്ക് ( ഗ്രാമീണ സഹകരണ സംഘങ്ങളുടെ കേന്ദ്ര സംഘടന ) സ്ഥാപിതമായതോടെ ഗ്രാമീണ സഹകരണ സംഘങ്ങള്‍ സ്ഥാപിക്കലും അവയ്ക്കു മേല്‍നോട്ടം വഹിക്കലും ഇതിന്റെ ചുമതലയായി. ജോയിന്റ് സ്‌റ്റോക്ക് കമ്പനിയായി സംഘടിപ്പിക്കപ്പെട്ട സ്വതന്ത്ര ്രകോര്‍പ്പറേഷനായിരുന്നു കോര്‍ക്ക്. 100 കോടി റിയാല്‍ ആയിരുന്നു അധികാരപ്പെടുത്തപ്പെട്ട മൂലധനം (മൗവേീൃശ്വലറ രമുശമേഹ). പൊതുസഭയാണ് അതിന്റെ ഭരണം നിര്‍വഹിച്ചത്. കൃഷി മന്ത്രി, കാര്‍ഷിക – വായ്പാ ബാങ്കിന്റെ മാനേജര്‍, ഓഹരിയുടമകള്‍ എന്നിവരടങ്ങിയതായിരുന്നു പൊതുസഭ. പൊതുസഭ ഒരു അഞ്ചംഗ ഭരണ കൗണ്‍സിലിനെ നിയോഗിച്ചിരുന്നു. ഡയരക്ടര്‍ ബോര്‍ഡിനെയും പൊതുസഭ തിരഞ്ഞെടുത്തിരുന്നു. ചെയര്‍മാനും രണ്ട് അംഗങ്ങളും ഒരു അക്കൗണ്ടന്റും അടങ്ങിയതായിരുന്നു ഡയരക്ടര്‍ ബോര്‍ഡ്. പ്രാദേശിക സഹകരണ കേന്ദ്രങ്ങളുടെ മേല്‍നോട്ടം, പരിശീലനം, ഭരണം തുടങ്ങിയവയാണ് അതു നിര്‍വഹിച്ചിരുന്നത്. പ്രവിശ്യാ ഫെഡറേഷനുകളും കൗണ്ടി ഫെഡറേഷനുകളും വഴിയാണ് ഈ ചുമതലകള്‍ അവര്‍ നിര്‍വഹിച്ചിരുന്നത്.

സഹകരണ കേന്ദ്രങ്ങളാണ് ഏറ്റവും താഴെത്തട്ടിലുള്ള സഹകരണ യൂണിറ്റുകള്‍. ഇവയോരോന്നും ഒന്നു മുതല്‍ മൂന്നു വരെ സഹകരണ സംഘങ്ങള്‍ അടങ്ങിയതാണ്. സഹകരണ സംഘങ്ങളുടെ ദൈനംദിന ഭരണം നിര്‍വഹിച്ചത് ഒരു നിര്‍വാഹക സമിതിയാണ് . അംഗങ്ങളുടെ പൊതുസഭ രണ്ടു വര്‍ഷത്തേക്കാണ് സമിതിയെ നിയോഗിച്ചിരുന്നത്. നിര്‍വാഹക സമിതി ഒരു ചെയര്‍മാനേയും സെക്രട്ടറിയെയും തിരഞ്ഞെടുക്കുകയും ഒരു മാനേജിങ് ഡയരക്ടറെ നിയമിക്കുകയും ചെയ്തിരുന്നു. ഓരോയിടത്തെയും ഗ്രാമീണ സഹകരണ സംഘങ്ങളെ സഹകരണ ഫെഡറേഷനുകള്‍ സംഘടിപ്പിക്കാന്‍ കോര്‍ക്ക് സഹായിച്ചു. വിപണനം, വായ്പ നല്‍കല്‍, വളംവിതരണം, കാര്‍ഷിക യന്ത്രോപകരണ വിതരണം തുടങ്ങിയവയില്‍ സഹായിക്കാനാണ് ഫെഡറേഷനുകള്‍ സംഘടിപ്പിച്ചത്.

1962 ല്‍ രാജ്യമെങ്ങും ഭൂപരിഷ്‌കരണം നടപ്പായ കാലത്ത് 960 സംഘങ്ങളിലായി 3,51,973 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇത് അതിവേഗം വളരാന്‍ തുടങ്ങി. 1972 ആയപ്പോഴേക്കും സംഘങ്ങളുടെ എണ്ണം 8361 ആയി. അംഗങ്ങള്‍ 20.6 ലക്ഷമായി. ഓരോ സഹകരണ സംഘവും രണ്ടു മുതല്‍ നാലു വരെ ഗ്രാമങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്നാണ് ഉദ്ദേശിക്കപ്പെട്ടിരുന്നത്. പക്ഷേ, ഇതു പ്രായോഗികമായില്ല. 1972 ല്‍ ഇതില്‍ ഒരു മാറ്റം വരുത്താന്‍ കോര്‍ക്ക് ശ്രമിച്ചു. മൂന്നും നാലും സംഘങ്ങളെ ലയിപ്പിച്ച് ഒന്നാക്കി. 1973 ആയപ്പോള്‍ സംഘങ്ങളുടെ എണ്ണം 70 ശതമാനം കണ്ട് കുറഞ്ഞു. 2,750 സംഘങ്ങളിലായി 2.4 ദശലക്ഷം അംഗങ്ങളാണ് അന്നുണ്ടായിരുന്നത്. 15-16 ഗ്രാമങ്ങളിലായി ശരാശരി 1500 കര്‍ഷകരാണ് അക്കാലത്തു സഹകരണ സംഘങ്ങളില്‍ ഉണ്ടായിരുന്നത്.

ഗ്രാമീണ സഹകരണ സംഘങ്ങളുടെ പ്രധാന പ്രവര്‍ത്തനം അംഗങ്ങള്‍ക്കു ഹ്രസ്വ കാലത്തേക്ക് കുറഞ്ഞ പലിശയ്ക്കു ചെറുകിട വായ്പ നല്‍കലായിരുന്നു. ഒരു വര്‍ഷമായിരുന്നു പൊതുവേ ഈ വായ്പകളുടെ കാലാവധി. രണ്ടാമത്തെ പ്രധാനപ്രവര്‍ത്തനം വളംവിതരണമായിരുന്നു. 1976 ല്‍ 8,71,000 മെട്രിക് ടണ്‍ വളം വിതരണം ചെയ്തു. സഹകരണ സ്റ്റോറുകളിലൂടെ അംഗങ്ങള്‍ക്ക് അടിസ്ഥാന ഉപഭോക്തൃ സാധനങ്ങളും നല്‍കി. പക്ഷേ, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വാങ്ങലിലും വിപണനത്തിലും കാര്യമായ പുരോഗതി ഉണ്ടായില്ല. 1975 ലെ ഒരു സര്‍വേയില്‍ വെളിപ്പെട്ടത് 23 ശതാനം സംഘങ്ങള്‍ മാത്രമാണു കാര്‍ഷിക യന്ത്രസാമഗ്രികള്‍ നല്‍കുന്നതില്‍ സജീവമായിരുന്നത് എന്നാണ്. കര്‍ഷകരുടെ അധികോല്‍പ്പാദനം വാങ്ങിയിരുന്നതാകട്ടെ 21 ശതമാനം സംഘങ്ങള്‍ മാത്രം. എന്നാല്‍, 90 ശതമാനത്തിലേറെ സംഘങ്ങളും ഉപഭോക്തൃ സാധനങ്ങള്‍ വില്‍ക്കുകയും വായ്പ കൊടുക്കുകയും ചെയ്തിരുന്നു.

 

( തുടരും )

Leave a Reply

Your email address will not be published.