ഇഫ്‌കോയുടെ നാനോ യൂറിയക്കും നാനോ DAP ക്കും 20 വര്‍ഷത്തേക്ക് പേറ്റന്റ്
ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവിന്റെ ( ഇഫ്‌കോ ) കണ്ടുപിടിത്തമായ ദ്രാവകരൂപത്തിലുള്ള നാനോ യൂറിയക്കും സാന്ദ്രതയുള്ള ഫോസ്‌ഫേറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള രാസവളമായ നാനോ DAP ( ഡൈ അമോണിയം ഫോസ്‌ഫേറ്റ് ) ക്കും കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റ് ( കണ്ടുപിടിത്തത്തിനുള്ള കുത്തകാവകാശം ) ലഭിച്ചു. കേന്ദ്ര പേറ്റന്റ് ഓഫീസില്‍ നിന്നു ഇരുപതു വര്‍ഷത്തേക്കാണു കുത്തകാവകാശം കിട്ടിയതെന്നു ഇഫ്‌കോ പത്രക്കുറിപ്പില്‍ അറിയിച്ചു.
സഹകരണത്തിലൂടെ സമൃദ്ധിയിലേക്ക് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള പ്രയാണത്തില്‍ ഇതൊരു കുതിച്ചുചാട്ടമാണെന്നു ഇഫ്‌കോ അഭിപ്രായപ്പെട്ടു. നാനോ യൂറിയയും നാനോ DAP യും കര്‍ഷകര്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ ഗുണകരമായ രാസവളങ്ങളാണ്. മണ്ണ്, വായു, ജലമലിനീകരണം കുറയ്ക്കുന്ന ഉല്‍പ്പന്നങ്ങളാണിവ. കുറഞ്ഞ അളവില്‍ രാസവളമുപയോഗിച്ച് ഗുണനിലവാരമുള്ള കൂടുതല്‍ വിളവുണ്ടാക്കാന്‍ ഇതുപകരിക്കും. അതേസമയം, മണ്ണിന്റെ ഫലപുഷ്ടി കുറയുന്നുമില്ല – ഇഫ്‌കോ അവകാശപ്പെട്ടു.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ ലോകത്തെ ആദ്യത്തെ നാനോ യൂറിയ ( ദ്രാവകം ) പ്ലാന്റ് ഇക്കഴിഞ്ഞ മേയിലാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 500 മില്ലി ലിറ്ററിന്റെ ഒന്നര ലക്ഷം കുപ്പിയാണ് ഇവിടെ പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്. ഇത്തരത്തില്‍പ്പെട്ട എട്ടു പ്ലാന്റുകള്‍കൂടി ഇഫ്‌കോ സ്ഥാപിക്കുന്നുണ്ട്.
[mbzshare]