ഇന്ത്യ അഞ്ചാം സ്ഥാനത്ത്; ഇന്ത്യക്കാരോ ?
സ്വാതന്ത്ര്യത്തിന്റെ 75 -ാം വര്‍ഷത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ പട്ടികയില്‍ ബ്രിട്ടനെ പിന്തള്ളി അഞ്ചാം സ്ഥാനത്തെത്തിയതു സെപ്റ്റംബര്‍ ആദ്യം വലിയ വാര്‍ത്തയായി മാധ്യമങ്ങളില്‍ പ്രമുഖ സ്ഥാനം പിടിച്ചുപറ്റി. യു.എസ്.എ, ചൈന, ജപ്പാന്‍, ജര്‍മനി എന്നിങ്ങനെ ഒന്നു മുതല്‍ നാലാം സ്ഥാനംവരെ മറ്റു വികസിത രാഷ്ട്രങ്ങളാണ് ഈ പട്ടികയില്‍ ഇന്ത്യയ്ക്കു മുന്നിലുള്ളത്. അന്താരാഷ്ട്ര നാണ്യനിധിയുടെ 2022 ലെ ആദ്യപാദ സ്ഥിതിവിവരക്കണക്കുകളിലാണ് ഇന്ത്യ തങ്ങളുടെ പഴയ കൊളോണിയല്‍ യജമാനന്മാരായ ബ്രിട്ടനെ ആറാം സ്ഥാനത്തേക്കു പിന്തള്ളിയെന്നു പ്രഖ്യാപനം വന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇന്ത്യയുടെ മേല്‍ക്കൈ തുടരുമെന്നും അവരുടെ പ്രവചനങ്ങളിലുണ്ട്.
2029 ല്‍ ഇന്ത്യ
മൂന്നാം സ്ഥനത്തെത്തും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവായ സൗമ്യകാന്തി ഘോഷ് നേതൃത്വം കൊടുത്തു തയാറാക്കിയ ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍ ഇന്നത്തെ രാഷ്ട്രീയസ്ഥിരതയും നയസമീപനങ്ങളും തുടര്‍ന്നാല്‍ 2029 ല്‍ ഇന്ത്യയ്ക്കു മൂന്നാം സ്ഥാനം ഉറപ്പിക്കാമെന്നു പ്രവചിക്കുന്നു. 2027 ല്‍ ജര്‍മനിയെയും 2029 ല്‍ ജപ്പാനെയും മറികടക്കുന്നതിനു ആറു മുതല്‍ 6.5 ശതമാനം വരെ വാര്‍ഷിക വളര്‍ച്ചനിരക്കു മതിയാകുമെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച പോയ വര്‍ഷത്തേക്കാള്‍ 13.5 ശതമാനമാണ്. കോവിഡ് മഹാമാരി ഏല്‍പ്പിച്ച മാന്ദ്യം നല്‍കിയ കുറഞ്ഞ അടിസ്ഥാനനിരക്കാണു വളര്‍ച്ചനിരക്കിലെ ഈ ഇരട്ട അക്കമെന്നു ചൂണ്ടിക്കാട്ടിയാലും ഏഴു ശതമാനം വളര്‍ച്ച എന്ന വാര്‍ഷിക ശരാശരി 2023 സാമ്പത്തികവര്‍ഷം അനായാസം കൈവരിക്കാമെന്നാണ് ഈ ഗവേഷകരുടെ പ്രതീക്ഷ.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം ആഗോള ഉല്‍പ്പാദനത്തിന്റെ 3.5 ശതമാനം വരുമെന്നാണു 2022 ലെ കണക്ക്. 2014 ല്‍ ഇതു 2.6 ശതമാനമായിരുന്നു. 2027 ല്‍ ഇതു നാലു ശതമാനത്തിലേറെയായി ഉയരുമെന്നും ഗവേഷകര്‍ പറയുന്നു. ആഗോള ജി.ഡി.പി. യില്‍ ജര്‍മനിയുടെ ഇന്നത്തെ പങ്ക് നാലു ശതമാനമാണ്. ലോകബാങ്കിന്റെ പ്രവചനങ്ങളിലും ഇന്ത്യ ആഗോള സാമ്പത്തികക്രമത്തില്‍ മുന്നോട്ടുതന്നെ എന്ന സൂചനകളാണുള്ളത്. 2027 ല്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 5.5 ട്രില്യണ്‍ ഡോളറായി വികസിക്കുമ്പോള്‍ ബ്രിട്ടന്റേതു നാലര ട്രില്യണു മുകളിലായി പരിമിതപ്പെടുമെന്നും അവര്‍ ആറാം സ്ഥാനത്തുതന്നെ തുടരുമെന്നുമാണ് ഇവരുടെ നിഗമനം. എന്തായാലും, രാജ്യത്തെ ബാധിക്കുന്ന സ്ഥിതിവിവരക്കണക്കുകളുടെ യഥാര്‍ഥ വസ്തുതകളെന്തൊക്കെ, മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ച ഇന്ത്യയെയും ബ്രിട്ടനെയും ഏതുവിധത്തില്‍ അടയാളപ്പെടുത്തുന്നു എന്നതൊക്കെ ഈ റാങ്കുപട്ടികയുടെ പുറത്തുള്ള യാഥാര്‍ഥ്യങ്ങളാണ്.
അതതു വര്‍ഷത്തെ നേട്ടങ്ങളെ ഒറ്റതിരിഞ്ഞുകണ്ട്, അല്ലെങ്കില്‍ തങ്ങളുടെ ഭരണകാലം മുതലുള്ള കണക്കുകള്‍ ഉദ്ധരിച്ച്, ചിലപ്പോഴൊക്കെ ചിലതെല്ലാം മറന്നും തങ്ങളുടേതു മാത്രമായ നേട്ടമായി ചിത്രീകരിക്കുക ഓരോ കാലത്തെയും സര്‍ക്കാരിന്റെയും ഭരണകക്ഷികളുടെയും രീതിയാണ്. ഇന്ത്യ പോലെ സങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച, 75 വര്‍ഷത്തെ സുസ്ഥിരവും ഭദ്രവും ജനാധിപത്യപരവും നീതിവ്യവസ്ഥയോടുംകൂടിയ വൈവിധ്യമേറിയ ഒരു രാഷ്ട്രത്തിന്റെ നേട്ടങ്ങളാകുമ്പോള്‍ ഒരു റിലേ ഓട്ടമത്സരത്തിലെ അവസാന ലാപ്പിലെ ഓട്ടക്കാരന്‍ എല്ലാ ക്രെഡിറ്റും നേടുന്നതിനെ ഒട്ടൊക്കെ വിമര്‍ശനബുദ്ധിയോടെ കാണേണ്ടതുണ്ട്. പ്രത്യേകിച്ചും, ഏതാണ്ട് 60 വര്‍ഷത്തോളം കേന്ദ്രഭരണത്തിലിരുന്ന ഒരു കക്ഷി രാഷ്ട്രീയാധികാരശ്രേണിയില്‍ വളരെ താഴേക്കു പതിക്കുകയും എട്ടു വര്‍ഷമായി ഭരണസമീപനത്തിലും നയരൂപവത്കരണത്തിലും രാഷ്ട്രീയാദര്‍ശങ്ങളിലും വ്യത്യസ്ത സങ്കല്‍പ്പങ്ങള്‍ പുലര്‍ത്തുന്ന പുതിയൊരു സര്‍ക്കാര്‍ അധികാരമുറപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയുടെ ഈ നേട്ടം വ്യത്യസ്ത കാലങ്ങളിലൂടെ എങ്ങനെയാണു നിര്‍ണയിക്കപ്പെട്ടത് എന്നു പരിശോധിക്കുമ്പോള്‍ വളരെ അദ്ഭുതകരമായ പല വസ്തുതകളും പുറത്തുവരുന്നതു കാണാം. രാഷ്ട്രീയ പരിഗണനകള്‍ മാറ്റിവെച്ച് 1981 മുതല്‍ ഒരു നാല്‍പ്പതു കൊല്ലം ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആഗോള റാങ്കിങ് എങ്ങനെയായിരുന്നു എന്നു പരിശോധിച്ചാല്‍ 2022 ലെ അഞ്ചാം സ്ഥാനത്തിനു അടിത്തറയിട്ട കാലഘട്ടത്തെ തിരിച്ചറിയാനാകും.
ആഭ്യന്തര ഉല്‍പ്പാദനം
കൂടുന്നു
1981 ല്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം യു.എസ്. ഡോളറില്‍ 196.54 ബില്യണായിരുന്നു. അന്ന് ആഗോളക്രമത്തില്‍ ഇതു 11 -ാം സ്ഥാനത്താണ്. അടുത്ത പത്തു വര്‍ഷത്തിനിടയില്‍ ഇതു 274.84 ബില്യണ്‍ ഡോളറായെങ്കിലും 17 -ാം സ്ഥാനത്തേക്കു താണു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 80 ബില്യണോളം വര്‍ധിച്ചെങ്കിലും ഇന്ത്യയുടെ സ്ഥാനം താണതും പത്തു കൊല്ലത്തിനിടയില്‍ അഭിമാനകരമായ വളര്‍ച്ച നേടാനാകാത്തതും അന്നത്തെ ഇന്ത്യന്‍ അവസ്ഥയുടെ നിസ്സഹായാവസ്ഥ പുറത്തുകാട്ടുന്നു. 2001 ല്‍ അടുത്ത പത്തു വര്‍ഷത്തിനകം ജി.ഡി.പി. 495.05 ബില്യണ്‍ ഡോളരായി ആഗോളക്രമത്തിലെ സ്ഥാനം 13 ആയും ഉയര്‍ന്നു.
മുക്കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വളര്‍ച്ച കൈവരിച്ച ഒരു ദശാബ്ദമാണു പിന്നീട് കടന്നുവന്നത്. 2001 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയുടെ സാമ്പത്തികക്രമത്തിലും നയസമീപനങ്ങളിലും പ്രാധാന്യക്രമങ്ങളിലും വലുതായ അഴിച്ചുപണി നടന്നു. അത്തവണ ആദ്യമായി മൊത്തം സാമ്പത്തിക ഉല്‍പ്പാദനത്തില്‍ നാലിരട്ടിയിലേറെ വര്‍ധന പത്തു വര്‍ഷം കൊണ്ടു ഇന്ത്യ നേടിയെടുത്തു. ഇന്ത്യയുടെ വാര്‍ഷിക ജി.ഡി.പി. നാലിരട്ടിയിലേറെ വര്‍ധിച്ച് 495.5 ബില്യണില്‍ നിന്നു 1823.05 ബില്യണായി കുത്തനെ ഉയര്‍ന്നു. പോയ ദശാബ്ദത്തിലെ നയസമീപനങ്ങളുടെ ഗുണഫലങ്ങളും ഈ ദശാബ്ദത്തിലെ നേട്ടത്തിനു കാരണമായിട്ടുണ്ടെന്നും ഓര്‍ക്കണം. ഇന്ത്യയുടെ സ്ഥാനം ആഗോളക്രമത്തില്‍ പത്തായി ഉയര്‍ന്നു. രാജ്യത്തെ അതിവേഗവളര്‍ച്ചയിലേക്കു ഗതിമാറ്റിവിട്ട രണ്ടു ദശാബ്ദങ്ങളാണു 1991 മുതല്‍ 2011 വരെ എന്നു ന്യായമായും വിശേഷിപ്പിക്കാം. ഇതിനിടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥക്കു ഒട്ടേറെ തിരിച്ചടികളിലൂടെയും കടന്നുപോകേണ്ടിവന്നിട്ടുണ്ട്.
2011 മുതല്‍ 2022 വരെയുള്ള 12 വര്‍ഷത്തെ കണക്കുകള്‍ 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റ പശ്ചാത്തലത്തില്‍ ( ഇത് എല്ലാവര്‍ക്കും കൂടുതല്‍ പരിചിതമായ കാലഘട്ടവുമാണല്ലോ ) മൂന്നു ഘട്ടങ്ങളായി പരിശോധിക്കാം. 2011 ല്‍ പത്താം സ്ഥാനവും 1823 ബില്യണ്‍ ഡോളര്‍ എന്ന അതുവരെയുള്ള മികച്ച നേട്ടവും എന്ന കണക്കില്‍ നിന്ന് അന്നത്തെ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 2014 ല്‍ 2039.13 ബില്യണ്‍ ഡോളര്‍ എന്ന നിലയിലേക്കുയര്‍ന്നു. ഇന്ത്യയുടെ സ്ഥാനം ആഗോളറാങ്കിങ്ങില്‍ പത്തായിത്തന്നെ തുടര്‍ന്നു. 2021 ല്‍ ഇന്ത്യയുടെ സ്ഥിതി ലോകറാങ്കിങ്ങില്‍ ഏറെ മെച്ചപ്പെട്ടു. പത്താം സ്ഥാനത്തുനിന്നു ബ്രിട്ടനു പിന്നാലെ ആറാം സ്ഥാനത്തു ഇന്ത്യയെത്തുമ്പോള്‍ മൊത്തം ജി.ഡി.പി. 3177.92 ഡോളറാണ്. 2022 ല്‍ അതു 3534.74 ഡോളറായി ഉയര്‍ന്നു. ഒപ്പം ബ്രിട്ടനെ ആറാം സ്ഥാനത്തേക്കു പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനം കൈവരിക്കുകയും ചെയ്തു. 2011 നും 2022 നുമിടയില്‍ ഇന്ത്യയുടെ റാങ്കിങ് ആഗോളതലത്തില്‍ പത്തില്‍ നിന്നു അഞ്ചായി കുത്തനെ മെച്ചപ്പെട്ടു എന്നു ഒറ്റനോട്ടത്തില്‍ അതിസാധാരണമായി നമുക്കു ഈ കണക്കുകളില്‍ നിന്നു മനസ്സിലാക്കാം. പക്ഷേ, മറക്കാതിരിക്കേണ്ട ഒരു കാലം കടന്നുപോയതു നമ്മള്‍ വിട്ടുകളയരുത്. 2001 നും 2011 നുമിടയില്‍ ഇന്ത്യയുടെ സാമ്പത്തികാവസ്ഥയില്‍ കൈവന്ന കുത്തനെയുള്ള വളര്‍ച്ചയാണു കഴിഞ്ഞ പത്തു വര്‍ഷത്തെ വളര്‍ച്ചയുടെ അടിസ്ഥാനമെന്നു സൂക്ഷ്മമായ പഠനത്തില്‍ നമുക്കു ബോധ്യമാവും.
ഏറെക്കാലം, പ്രത്യേകിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്തു , കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികോപദേഷ്ടാവായിരുന്ന കൗശിക് ബസു ഇന്നത്തെ നേട്ടത്തിന്റെ യഥാര്‍ഥ അവകാശി ആ കാലഘട്ടത്തിലെ സര്‍ക്കാരാണെന്നു ഏറെ ശ്രദ്ധിക്കപ്പെട്ട പ്രതികരണത്തിലൂടെ വ്യക്തമാക്കിയിരുന്നു. ലോകബാങ്കിന്റെ മുന്‍ അധ്യക്ഷനും 2009 മുതല്‍ 2012 വരെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ സാമ്പത്തികോപദേഷ്ടാവുമായിരുന്നു കൗശിക് ബസു. ‘ 2012 ല്‍ ഞങ്ങളുടെ പ്രവചനം മൊത്തം ആഭ്യന്തരോല്‍പ്പാദനത്തില്‍ ഇന്ത്യ ബ്രിട്ടനെ മറികടക്കുമെന്നായിരുന്നു. ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചയും സാമ്പത്തിക വളര്‍ച്ചയും ഇതിനു താങ്ങാകുമെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു. യഥാര്‍ഥത്തില്‍ ഈ നേട്ടം കൈവരിക്കുന്നതില്‍ നമ്മള്‍ രണ്ടു വര്‍ഷം പിന്നിലാവുകയാണ് ഇപ്പോള്‍ സംഭവിച്ചത്. നോട്ടു പിന്‍വലിക്കലും തട്ടിക്കൂട്ടിയുള്ള ജി.എസ്.ടി. നടപ്പാക്കലും തുടങ്ങി 2016 മുതലുള്ള ചില നയവ്യതിയാനങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയെ പിന്നോട്ടടിക്കുകയാണുണ്ടായത് ‘ – ബസു പറഞ്ഞു. ഏതായാലും, വൈകിയെങ്കിലും ഇതു കൈവരിച്ചതില്‍ നമുക്ക് അഭിമാനിക്കാം എന്നാണു കൗശിക് ബസു ട്വിറ്ററില്‍ കുറിച്ചത്. യു.കെ.യുടെ ജി.ഡി.പി.യെ മറികടക്കുന്നതില്‍ ഇന്ത്യയെ സഹായിച്ചതില്‍ യഥാര്‍ഥ ക്രെഡിറ്റ് നല്‍കേണ്ടതു നരസിംഹറാവു സര്‍ക്കാരിനും മന്‍മോഹന്‍സിങ് സര്‍ക്കാരിനുമാണെന്നു കൗശിക് മറ്റൊരു ട്വീറ്റില്‍ തുറന്നുപറഞ്ഞു. 1994 ലെ ഇന്ത്യയുടെ വളര്‍ച്ചാകുതിപ്പും 2005 മുതലുള്ള അതിതീവ്ര വളര്‍ച്ചയുമാണ് ഈ നേട്ടത്തിനു അടിത്തറയിട്ടതെന്നാണു കൗശിക്കിന്റെ ഉറച്ച അഭിപ്രായം. 2016 ല്‍ ഈ വളര്‍ച്ചാഗ്രാഫില്‍ കോട്ടം തട്ടുകയാണുണ്ടായത് എന്നും അദ്ദേഹം വ്യക്തമാക്കി.
കൗശിക് ബസുവിന്റെ ഈയൊരു പ്രതികരണത്തോട് അന്താരാഷ്ട്രനിധിയിലെ മറ്റൊരു ധനകാര്യവിദഗ്ധനായ സുര്‍ജിത് ഭല്ലയുടെ സരസമായ കൂട്ടിച്ചേര്‍ക്കല്‍ ഇരുവരും തമ്മിലുള്ള പ്രൊഫഷണല്‍ മത്സരത്തെ അടിവരയിട്ടുറപ്പിക്കുന്നതായി. കൗശിക് ബസുവിന്റെ നിരീക്ഷണത്തെ താനൊന്നുകൂടി വികസിപ്പിക്കുകയാണെന്നു സുര്‍ജിത് ഭല്ല പറഞ്ഞു. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ വിപുലമായ റെയില്‍വേ ശൃംഖലയ്ക്കു അടിസ്ഥാനമിട്ട ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളാണ് ഇന്ത്യയുടെ വളര്‍ച്ചയുടെ യഥാര്‍ഥ അവകാശിയെന്നും പറയാമെന്നു ഭല്ല പരിഹസിച്ചു. അടിസ്ഥാനസൗകര്യവികസനം വളര്‍ച്ചയ്ക്കു അത്യന്താപേക്ഷിതമാണെന്നു ഞങ്ങള്‍ ധനകാര്യ വിദഗ്ധര്‍ക്കും അറിയാമല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്ത
പ്രതിശീര്‍ഷ
വരുമാനത്തില്‍
ഇന്ത്യ 140 -ാമത്
ആഗോള സാമ്പത്തികക്രമത്തില്‍ നമ്മള്‍ രാഷ്ട്രമെന്ന നിലയില്‍ അഞ്ചാമതാണെന്നു കണ്ടല്ലോ? ഇനി മറ്റൊന്നാലോചിക്കാം. നമ്മള്‍ ഓരോ ഇന്ത്യക്കാരനും ലോകത്തെ പ്രതിശീര്‍ഷ വരുമാനക്കണക്കില്‍ ഏതു സ്ഥാനത്തെത്തും? അധികമൊന്നും ആലോചിക്കേണ്ട. ഇന്ത്യ ജനസംഖ്യയില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമാണ്. തല്‍ക്കാലം ചൈന മാത്രമാണു മുന്നില്‍. 2030 ആകുമ്പോഴേക്കും ജനസംഖ്യാകണക്കില്‍ നമ്മള്‍ ചൈനയെയും മറികടക്കും. അങ്ങനെ ജനസംഖ്യ ഉയര്‍ന്ന നമ്മുടെ രാജ്യത്തു പ്രതിശീര്‍ഷ വരുമാനം വളരെക്കുറവാണെന്നു ന്യായമായും കരുതേണ്ടേ ? കാരണം, ആകെ ആഗോള വാര്‍ഷിക ഉല്‍പ്പാദനത്തിന്റെ മൂന്നര ശതമാനമാണു 2022 ല്‍ ഇന്ത്യയുടെ പങ്ക്. ഇന്ത്യയിലെ ആകെ ജനസംഖ്യയോ 2022 സെപ്റ്റംബര്‍ വരെ 140 കോടിയിലേറെ വരും.
ബ്രിട്ടനെ നമ്മള്‍ അഞ്ചാം സ്ഥാനത്തുനിന്നു താഴെയിറക്കി എന്നു പറഞ്ഞല്ലോ? ബ്രിട്ടന്റെ ആകെ ജനസംഖ്യ 6.73 കോടിയേ വരൂ. ഇതു 2021 ലെ ലോകബാങ്ക് ഡാറ്റ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച് ബ്രിട്ടന്റെ ആകെ ആഭ്യന്തര ഉല്‍പ്പാദനം 816 ബില്യണ്‍ ഡോളറാണ്. ഇന്ത്യയുടെ അതേസമയത്തെ ജനസംഖ്യ 139 കോടി വരും. ഇന്ത്യയുടെ ആകെ സാമ്പത്തിക ഉല്‍പ്പാദനം 854.7 ബില്യണ്‍ ഡോളറും. അതായതു 139 കോടി ഇന്ത്യക്കാരുടെ ആകെ സാമ്പത്തികോല്‍പ്പാദനം 6.73 കോടി ബ്രിട്ടീഷുകാരുടെ പ്രവര്‍ത്തനഫലത്തിനു തുല്യം. 2021 ല്‍ ബ്രിട്ടന്റെ പ്രതിശീര്‍ഷ വരുമാനം ( അതായത് ആളോഹരി വരുമാനം ) 47,203 ഡോളറാണ്. ഇന്ത്യയുടേത് അതേനിരക്കില്‍ 2203 ഡോളര്‍ മാത്രവും. നമ്മള്‍ ഒരു രാജ്യമെന്ന നിലയില്‍ സമ്പന്നരും രാജ്യക്കാരെന്ന നിലയില്‍ ഓരോ പൗരനെയുമെടുത്താല്‍ താരതമ്യേന ദരിദ്രരെന്നും കരുതാം.
ലോകബാങ്കിന്റെതന്നെ നിഗമനമനുസരിച്ച് 2022 ല്‍ ഇന്ത്യ 191 രാഷ്ട്രങ്ങളുള്ള പട്ടികയില്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ 140 -ാം സ്ഥാനത്താകുമെന്നാണു പ്രവചനം. 2021 ല്‍ അവരുടെ പ്രതിശീര്‍ഷ വരുമാനപ്പട്ടികയില്‍ 2289.97 ഡോളറോടെ 193 രാഷ്ട്രപ്പട്ടികയില്‍ 145 -ാം സ്ഥാനത്താണ്. നമ്മള്‍ അറിയുന്ന രാഷ്ട്രങ്ങളില്‍ നമ്മളേക്കാള്‍ താഴെയുള്ളതു കെനിയയാണ്. ഇന്ത്യയുടെ ശക്തമായ നിലപാടുകളാല്‍ പിറവിയെടുത്ത ബംഗ്ലാദേശ് പോലും ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. 2021 ജൂണില്‍ ബംഗ്ലാദേശിന്റെ പ്രതിശീര്‍ഷ വരുമാനം 2503 ഡോളറാണെന്നോര്‍ക്കണം. 2022 ല്‍ ഇതു 2723 ഡോളറായും വര്‍ധിച്ചിട്ടുണ്ട്. ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയ്ക്കു ഇനിയുമേറെ പോകാനുണ്ടെന്നു ഈ കണക്കുകള്‍ ഓര്‍മിപ്പിക്കുന്നു.