ഇന്‍കം സപ്പോര്‍ട്ട് സ്‌കീമും ഇന്‍സെന്റീവും കയര്‍ സംഘങ്ങള്‍ക്ക് നല്ലദിനങ്ങള്‍
പ്രതിസന്ധികളില്‍നിന്ന് മറികടക്കാനാകാത്ത പരമ്പരാഗത തൊഴില്‍മേഖലയാണ് കയര്‍രംഗം. അതിനിടയില്‍ സര്‍ക്കാര്‍ സഹായം കൂടി വൈകിയാല്‍ കയര്‍ സഹകരണ സംഘങ്ങള്‍ക്ക് നിലനില്‍പ്പ് പോലും ഭീഷണിയിലാകും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍കം സപ്പോര്‍ട്ട് സ്‌കീമും ഇന്‍സെന്റീവും ഓണക്കാലത്ത് കയര്‍ സംഘങ്ങള്‍ക്ക് സഹായകമായി. 32.5 കോടിരൂപയാണ് ഇത്തവണ സംഘങ്ങള്‍ക്ക് നല്‍കിയത്.
കോവിഡിന് ശേഷം അതി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് കയര്‍സംഘങ്ങള്‍ക്കുള്ളത്. തൊഴിലാളികള്‍ക്ക് തൊഴിലും കൂലിയും ഉറപ്പുവരുത്താന്‍ സംഘങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഉല്‍പന്നങ്ങള്‍ കെട്ടികിടക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. കേരളത്തിന്റെ കയര്‍ ഉല്‍പന്നങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലെ വിപണി കണ്ടെത്താന്‍ നടത്തിയ ഇടപെടലും സാമ്പത്തിക സഹായ പദ്ധതികളുമാണ് ഓണക്കാലത്ത് കയര്‍സംഘങ്ങള്‍ക്ക് സഹായകമായത്.
ഇന്‍കം സപ്പോര്‍ട്ട് സ്‌കീം പ്രകാരം ഇത്തവണ വിതരണം ചെയ്തത് 12.5 കോടി രൂപയുടെ ധനസഹായമാണ്. 25,676 ഗുണഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. കയര്‍ സഹകരണ സംഘങ്ങള്‍ക്കുള്ള ഇന്‍സന്റീവ് വിതരണത്തിലും മികച്ച നേട്ടം ഇക്കുറി കൈവരിച്ചു. 321 കയര്‍ സഹകരണ സംഘങ്ങള്‍ക്ക് ഇന്‍സെന്റീവ് ഇനത്തില്‍ മൂന്ന് കോടി രൂപ രൂപയാണ് കയര്‍ വകുപ്പ് വഴി വിതരണം ചെയ്തത്. കയര്‍ഫെഡ് വഴി കയര്‍ സംഭരിച്ച വകയില്‍ സംഘങ്ങള്‍ക്ക് നല്‍കാനുണ്ടായിരുന്ന 17.36 കോടി രൂപയില്‍ 11 കോടി രൂപയും ഇതിനോടകം വിതരണം ചെയ്തു.
കയര്‍ വിലയായി കയര്‍ കോര്‍പ്പറേഷന്‍ നല്‍കാനുണ്ടായിരുന്ന 18 കോടിയില്‍ ഏഴു കോടി രൂപയും നല്‍കിയിട്ടുണ്ട്. വിപണി വികസിപ്പിക്കുന്നതിനുള്ള സഹായമായി രണ്ടു കോടി രൂപയാണ് ചിലവഴിച്ചത്. കയര്‍ ഉല്‍പാദനത്തിലും വിപണനത്തിലും ഉള്‍പ്പടെ വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചപ്പോള്‍ ഉല്‍പ്പന്നങ്ങളുടെ സംഭരണവും വില്‍പ്പനയും 200 കോടി കവിഞ്ഞു.
2016- 17 സാമ്പത്തിക വര്‍ഷത്തില്‍ 7800 ടണ്‍ ആയിരുന്ന കയര്‍ ഉത്പാദനം 2021-22 സാമ്പത്തിക വര്‍ഷത്തിലെത്തിയപ്പോള്‍ 29000 ടണ്‍ ആയി ഉയര്‍ന്നു. ആറുവര്‍ഷംകൊണ്ട് മൂന്നിരട്ടിയിലധികം വളര്‍ച്ചയാണ് ഉണ്ടായത്. തൊഴിലാളികളുടെ വാര്‍ഷിക വരുമാനം 13500 രൂപയായിരുന്നത് 49,000 രൂപയിലേക്ക് ഉയര്‍ത്താനും ഇക്കാലയളവില്‍ കഴിഞ്ഞു. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘങ്ങളുടെ എണ്ണം നൂറില്‍ താഴെയായിരുന്നത് 325 എണ്ണമായി ഉയര്‍ത്താനും സര്‍ക്കാര്‍ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട്.