ഇതു സഹകരണത്തിന് അപകടകരം

Deepthi Vipin lal

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സമീപകാലത്തു സ്വീകരിച്ചതും ഇപ്പോഴും സ്വീകരിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ നടപടികളും സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്തുന്നതാണെന്നു പറയേണ്ടിവരുന്നത് ഏറെ ഖേദകരമാണ്. കാരണം, നാടിന്റെ മാറ്റത്തിനു സഹകരണ മേഖലയുടെ അനിവാര്യത തിരിച്ചറിഞ്ഞ ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലുള്ള പ്രധാനമന്ത്രിയുണ്ടായിരുന്ന നാട്ടിലാണ് ഈയവസ്ഥ. പഞ്ചവത്സര പദ്ധതികളില്‍ സഹകരണ സംഘങ്ങളുടെ വളര്‍ച്ചയ്ക്ക് ഇടം നല്‍കിയ രാജ്യമാണ് ഇന്ത്യ. ആ കാലത്തുനിന്ന് ഇന്നിലേക്കുള്ള സഹകരണ മേഖലയുടെ ദൂരം അളക്കുമ്പോള്‍ എത്രമാത്രം ഇരുട്ടു നിറഞ്ഞതും അപകടകരവുമായ ഘട്ടത്തിലാണു നാം എത്തിനില്‍ക്കുന്നത് എന്നു ബോധ്യമാകും. സഹകരണ സംഘങ്ങള്‍ക്കു നല്‍കിയിരുന്ന എല്ലാ പരിഗണനകളും എടുത്തുകളഞ്ഞു. മത്സരിച്ച് അതിജീവിക്കണമെന്നതാണു സഹകരണ സംഘങ്ങളോടുള്ള കേന്ദ്രസമീപനം. കോര്‍പ്പറേറ്റ്, കോ-ഓപ്പറേറ്റീവ് വകഭേദം കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ ഇല്ലാതായി. ഇതൊരു വാക്കിലുള്ള മാറ്റമല്ല. മൂലധനത്തിന്റെ തോതനുസരിച്ച് വ്യക്തികള്‍ക്ക് അധികാരം ലഭിക്കുകയും ലാഭം മുഖ്യലക്ഷ്യമാവുകയും ചെയ്യുന്ന കമ്പനികളാണു കോര്‍പ്പറേറ്റുകള്‍. ഒരു നാട്ടുകൂട്ടായ്മയുണ്ടാക്കി അതില്‍ അംഗമായ സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുക മുഖ്യലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവയാണു കോ-ഓപ്പറേറ്റീവുകള്‍. അതുകൊണ്ടാണു സഹകരണ സംഘങ്ങള്‍ക്കുള്ള സഹായം നാടിന്റെ ജീവിതാവസ്ഥ മാറ്റുന്ന നടപടി ത്വരിതപ്പെടുത്തുമെന്നു നെഹ്റുവിന്റെ കാലം മുതല്‍ രാജ്യം കണക്കാക്കിയത്. ഇത് ഇന്ത്യയുടെ മാത്രമല്ല, ലോകരാജ്യങ്ങളെല്ലാം സഹകരണ സംഘങ്ങളെ കാണുന്നത് ഇങ്ങനെയാണ്. ക്രെഡിറ്റ് സംഘങ്ങളെ ഇന്ത്യന്‍ ബാങ്കിങ് നിയമത്തിന്റെ വലിയ വലിയ മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിച്ച് പ്രതിസന്ധിയിലാക്കുക, സാധാരണക്കാരനു പെന്‍ഷന്‍ നല്‍കുന്ന തുകയ്ക്കുപോലും നികുതി ചുമത്തുക, സഹകരണ സംഘങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കുംവിധത്തില്‍ നിധിപോലുള്ള ബദല്‍ സാമ്പത്തിക സംവിധാനം കൊണ്ടുവരിക എന്നിങ്ങനെ പോകുന്നു കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനു സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണതയും ജനാധിപത്യ ബോധവുമുണ്ട്. ആ ബോധ്യത്തോടെയാണു മാറിമാറിവന്ന സംസ്ഥാന സര്‍ക്കാരുകള്‍ സഹകരണ സംഘങ്ങളോടുള്ള സമീപനം സ്വീകരിച്ചതും. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ സമീപകാല ഇടപെടല്‍ ഈ രീതിയില്‍ കാണാനാവുന്നതല്ല. സര്‍ക്കാര്‍ ധനസഹായത്തിനായി നിര്‍ബന്ധിതവിഹിതം നിശ്ചയിക്കലില്‍ തുടങ്ങി സഹകരണ സംഘങ്ങള്‍ നല്‍കേണ്ട ഫീസുകള്‍ കുത്തനെ ഉയര്‍ത്താനുള്ള തീരുമാനംവരെ ഈ നയംമാറ്റം പ്രകടമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഹകരണ നിക്ഷേപമുള്ള സംസ്ഥാനം കേരളമാണ്. ഈ നിക്ഷേപം ഉല്‍പ്പാദനപരമായി സര്‍ക്കാര്‍തലത്തില്‍ ഉപയോഗിക്കുന്നതു ഗുണപരമായ ചിന്തയുമാണ്. എന്നാല്‍, സഹകരണ സംഘങ്ങളിലെ നിക്ഷേപം കണ്ട് സേവനപ്രവര്‍ത്തനം നടത്താമെന്ന രീതി തെറ്റായ സാമ്പത്തിക നയത്തിന്റെ ലക്ഷണമാണ്. ലാഭവിഹിതം സാമൂഹിക സേവനത്തിന് ഉപയോഗിക്കുന്നത് അംഗീകരിക്കാം. അതുപോലും അതതു സംഘങ്ങളുടെ പ്രവര്‍ത്തന പരിധിയ്ക്കു പുറത്തെ, ആ സംഘത്തിലെ അംഗങ്ങളല്ലാത്തവര്‍ക്കായി നല്‍കുന്നതു സഹകരണ കാഴ്ചപ്പാടല്ല. പക്ഷേ, അസാധാരണ ഘട്ടത്തിലെ അസാധാരണ തീരുമാനമായി അതിനെ കാണാം. നിലവില്‍ കുടിശ്ശിക കുമിഞ്ഞുകൂടി, വരുമാനം നിലച്ച അവസ്ഥയിലാണു പ്രാഥമിക സഹകരണ മേഖലയുള്ളത്. ക്രെഡിറ്റ് ഇതരസംഘങ്ങള്‍ എല്ലാം പ്രതിസന്ധിയിലാണ്. ശക്തമായ അടിത്തറയുണ്ടായിരുന്ന ക്രെഡിറ്റ് സംഘങ്ങള്‍ ഓരോ വര്‍ഷവും ബുദ്ധിമുട്ടിലായിക്കൊണ്ടിരിക്കുന്നു. അതേസമയം, സര്‍ക്കാരിനു പണം കിട്ടാനുള്ള ഉപാധിയായി ഇപ്പോഴും സഹകരണ സംഘങ്ങളെ ഉപയോഗിക്കുന്ന രീതി അപകടകരമായ സമീപനമാണ്. നിര്‍ബന്ധിത കുടിശ്ശികപ്പിരിവിന് അനുമതി നല്‍കില്ലെന്നു സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും സെയില്‍ ഓഫീസര്‍മാരെ സംഘങ്ങള്‍ പണം നല്‍കി നിലനിര്‍ത്തണം. ഇനി കുടിശ്ശിക പിരിച്ചെടുക്കാന്‍ അനുമതി നല്‍കണമെങ്കില്‍ കുടിശ്ശികത്തുകയുടെ 7.5 ശതമാനം സര്‍ക്കാരിനു ഫീസായി നല്‍കണം. ഓഡിറ്റ് ഫീസ് കുത്തനെ കൂട്ടി. ഒരു ചെറിയ സംഘത്തില്‍ ജീവനക്കാര്‍ക്കു നല്‍കുന്ന ശമ്പളത്തേക്കാളേറെ ഓഡിറ്റ് ഫീസ് നല്‍കേണ്ട അവസ്ഥയാണിപ്പോള്‍. വരുമാനം നിലച്ചുകൊണ്ടിരിക്കുന്ന സഹകരണ സംഘങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍നയം ഈ പ്രസ്ഥാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നതാകുമെന്നതില്‍ തര്‍ക്കമില്ല.

– എഡിറ്റര്‍

Leave a Reply

Your email address will not be published. Required fields are marked *

Latest News