ഇടപ്പള്ളി വടക്കുംഭാഗം ബാങ്ക് ജൈവമാലിന്യ നിര്‍മാര്‍ജനപദ്ധതി ആരംഭിച്ചു
എറണാകുളം ജില്ലയിലെ ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് സഹകരണബാങ്കും കൊച്ചി നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന ജൈവമാലിന്യനിര്‍മാര്‍ജനപദ്ധതി മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി വടക്കുംഭാഗം മോഡല്‍ എന്ന ഈ പദ്ധതി ബാങ്കിന്റെ സാമ്പത്തികസഹായത്തോടെ ഇടപ്പള്ളി കുന്നുംപുറം 36-ാംഡിവിഷനിലാണു നടപ്പാക്കുന്നത്. ചടങ്ങില്‍ ഹരിതകര്‍മസേനാംഗങ്ങളെയും പദ്ധതി നടപ്പാക്കാന്‍ മുന്‍കൈയെടുത്തവരെയും മന്ത്രി ആദരിച്ചു. കൗണ്‍സിലര്‍ അംബികാസുദര്‍ശന്‍ അധ്യക്ഷയായി. മേയര്‍ എം. അനില്‍കുമാര്‍, സ്ഥിരംസമിതി അധ്യക്ഷ സുനിത ഡിക്‌സണ്‍, ബാങ്ക് പ്രസിഡന്റ് എ.വി. ശ്രീകുമാര്‍, ഹരിതസഹായ സ്ഥാപനത്തിന്റെ പ്രതിനിധി ദീപക് വര്‍മ, സി.പി.എം. തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാര്‍, ലോക്കല്‍ സെക്രട്ടറി കെ.വി. അനില്‍കുമാര്‍, ബാങ്ക് സെക്രട്ടറി ഒ.ജി. ശ്രീജി, ടി.എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു.
ഡിവിഷനില്‍ ഹരിതകര്‍മസേന വീടുകളില്‍നിന്നു ശേഖരിക്കുന്ന ജൈവമാലിന്യം വളമാക്കാനും അജൈവമാലിന്യം തരംതിരിച്ചു സംസ്‌കരിക്കാന്‍ കൈമാറാനും സംവിധാനം ഒരുക്കുന്നതാണു പദ്ധതി. ഇതിനായി ജൈവ, അജൈവ വസ്തുശേഖരണയൂണിറ്റ് തുടങ്ങി. ഇരുമ്പുകുഴല്‍കൊണ്ട് അഞ്ചടി ഉയരത്തില്‍ ചതുരാകൃതിയില്‍ നിര്‍മിച്ച അറകളിലാണു മാലിന്യം ശേഖരിക്കുക. ഒരറയില്‍ 5000 കിലോ മാലിന്യം കൊള്ളും. ഇതില്‍നിന്നു 2500 കിലോവരെ വളം ലഭിക്കും. ഇതു ബാഗുകളിലാക്കി സഹകരണബാങ്കിന്റെ സഹായത്തോടെ വില്‍ക്കും. പ്ലാന്റിന്റെ അടുത്തു ബാങ്ക് നടത്തുന്ന പൂക്കൃഷിക്ക് ഈ വളം ഉപയോഗിക്കും. 20 ടണ്‍ അജൈവമാലിന്യം തരംതിരിച്ചു സൂക്ഷിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.