ഇക്കൊല്ലത്തെ സഹകരണ എക്‌സ്‌പോയില്‍ നാനൂറിലേറെ സഹകരണ ഉല്‍പ്പന്നങ്ങള്‍ അണിനിരക്കും
സഹകരണമേഖലയുടെ വളര്‍ച്ചയും നേട്ടങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന സഹകരണ എക്‌സ്‌പോ – 2023 ല്‍ മുന്നൂറിലേറെ സ്റ്റാളുകളിലായി നാനൂറിലേറെ സഹകരണ ഉല്‍പ്പന്നങ്ങള്‍ അണിനിരക്കും. ഒരു ലക്ഷം ചതുരശ്ര അടിയിലാണു സ്റ്റാളുകള്‍ തീര്‍ക്കുക.
സഹകരണമേഖലയുടെ കരുത്തും കരുതലും വിളിച്ചോതുന്ന രണ്ടാമത്തെ സഹകരണ എക്‌സ്‌പോ ഏപ്രില്‍ 22 മുതല്‍ 30 വരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടിലാണു നടക്കുക. സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും വിപണിയില്‍ കൂടുതല്‍ പരിചയപ്പെടുത്തുക, മൂല്യവര്‍ധിത ഉല്‍പ്പന്നനിര്‍മാണത്തിലേക്കു കൂടുതല്‍ സഹകരണസംഘങ്ങളെ കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായാണു എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ കൊല്ലം കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ആദ്യത്തെ സഹകരണ എക്‌സ്‌പോ വന്‍വിജയമായിരുന്നു.
സഹകരണമന്ത്രി വി.എന്‍. വാസവന്‍ ചെയര്‍മാനായി രൂപംകൊണ്ട 156 അംഗ സംഘാടകസിമിതിയാണ് ഇത്തവണത്തെ സഹകരണ എക്‌സ്‌പോയ്ക്കു നേതൃത്വം നല്‍കുന്നത്. വ്യവസായമന്ത്രി പി. രാജീവ് ( കോ ചെയര്‍മാന്‍ ), പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ( വൈസ് ചെയര്‍മാന്‍ ), സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി ( ജനറല്‍ കണ്‍വീനര്‍ ), സഹകരണസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ് ( കണ്‍വീനര്‍ ) എന്നിവരാണു മറ്റു ഭാരവാഹികള്‍. ഏപ്രില്‍ 22 നു മുഖ്യമന്ത്രി പിണറായി വിജയനാണു സഹകരണ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുന്നത്.
സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ള പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍, ഫങ്ഷണല്‍ രജിസ്ട്രാര്‍മാരുടെ നിയന്ത്രണത്തിലുള്ള മില്‍മ, മത്സ്യഫെഡ്, കയര്‍ഫെഡ്, ഖാദി, കൈത്തറി, ദിനേശ് തുടങ്ങിയ സംഘങ്ങള്‍, കണ്‍സ്യൂമര്‍ഫെഡ്, മാര്‍ക്കറ്റ്‌ഫെഡ്, എസ്.സി / എസ്. ടി. ഫെഡറേഷന്‍, പ്രധാന സഹകരണാശുപത്രികള്‍, ദേശീയ-അന്താരാഷ്ട്ര സഹകരണ ഫെഡറേഷനുകള്‍, സഹകരണസ്ഥാപനങ്ങളെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍സ്ഥാപനങ്ങള്‍ എന്നിവ ഒമ്പതു ദിവസത്തെ സഹകരണമേളയില്‍ പങ്കെടുക്കും.