ആർ.ബി.ഐ പലിശ നിരക്ക് കുറച്ചതും മൂന്നുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതും രാജ്യത്തെ പൊതു സാമ്പത്തിക സ്ഥിതിക്കും സഹകരണമേഖലക്കും ഗുണം.
ആർ.ബി.ഐ യുടെ പുതിയ പ്രഖ്യാപനങ്ങൾ പൊതുവേ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ഗുണകരമാകും. ഒപ്പം ഉപയോഗിക്കാതെ ബാങ്കുകളിൽ കിടക്കുന്ന പണം ജനങ്ങളിലേക്ക് എത്തിക്കാനും ഇപ്പോഴത്തെ ആർബിഐയുടെ പ്രഖ്യാപനങ്ങൾ ആക്കം കൂട്ടും. എന്നാൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചാൽ മാത്രമേ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കും കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്കും പരിഹാരം കാണാൻ സാധിക്കുകയുള്ളൂ എന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. രണ്ട് കാര്യങ്ങളാണ് പ്രധാനമായും ആർ.ബി.ഐ മുന്നോട്ടുവയ്ക്കുന്നത്. ബാങ്കിംഗ് മുഴുവനായി ഡിജിറ്റൽ വൽക്കരിക്കണം. ഇതിനുള്ള ശ്രമങ്ങൾക്കാണ് സംസ്ഥാനത്തെ സഹകരണ മേഖല ആദ്യം ഊന്നൽ കൊടുക്കേണ്ടത്. ഇതിൽ നമ്മൾ പുറകോട്ട് പോയാൽ സാമ്പത്തിക രംഗത്തു നിന്നു തന്നെ സഹകരണമേഖല പുറന്തള്ളപ്പെടും. ഒപ്പം രാജ്യത്തെ പലിശനിരക്കിന് ആനുപാതികമായി സഹകരണ മേഖലയിലും പലിശ നിരക്ക് കുറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവുകയും സഹകരണ സംഘം രജിസ്ട്രാർ അടിയന്തരമായി പലിശനിരക്ക് കുറച്ചുകൊണ്ടുള്ള ഉത്തരവിറക്കുകയും വേണം. അല്ലാതെ വന്നാൽ നിലവിലുള്ള വായ്പകൾ പോലും മറ്റ് ബാങ്കുകളിലേക്ക് പോകുന്ന സാഹചര്യമുണ്ടാകും.
സംസ്ഥാനത്തെ സഹകരണമേഖലയിലും സാമ്പത്തിക രംഗത്തും സാധാരണക്കാർക്കിടയിലും ആർ.ബി.ഐ യുടെ തീരുമാനം വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. പലിശ നിരക്ക് 0.75 ശതമാനം കുറച്ചതും വായ്പകൾക്ക് മൂന്നുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചതും ഏറെ ആശ്വാസമാണ്. കേന്ദ്ര ധന മന്ത്രിയുടെ സാമ്പത്തികപാക്കേജ് പ്രഖ്യാപനത്തിന് പിന്നാലെയാണ് റിപ്പോ നിരക്ക് 0.75 ശതമാനം കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.5യിൽ നിന്ന് 4.75% ആയി കുറഞ്ഞു. പണം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ആർബിഐ ഇതിലൂടെ ലക്ഷ്യമിടുന്നത്. ബാങ്കുകളുടെ പൈസ റിസർവ് ബാങ്കിൽ ഇട്ടാൽ ലഭിക്കുന്ന പലിശ കുറച്ചത് വഴി ബാങ്കുകൾ കൂടുതൽ വായ്പ നൽകാൻ തീരുമാനിക്കും. ആർ ബി യിൽ നിന്നും വായ്പയെടുക്കുന്നത് 0.9% കുറച്ചു. ഇതുമൂലം ആർ.ബി.ഐ യിൽ നിന്ന് കൂടുതൽ വായ്പ എടുത്തു ജനങ്ങൾക്ക് നൽകാൻ ബാങ്കുകൾ തയ്യാറാകും.
റിപ്പോ നിരക്കും റിവേഴ്സസ് റിപ്പോ നിരക്കും ഉണ്ടാകുന്ന മാറ്റം നാട്ടിൽ കൂടുതൽ പണം വ്യാപിക്കാൻ ഇടയാക്കും. ഇതിന്റെ ഭാഗമായി പലിശനിരക്ക് കുറയുകയും ചെയ്യും. ഭവന വായ്പയും വാഹനവായ്പയിലുമാണ് പലിശനിരക്ക് കൂടുതൽ കുറയുക.
വായ്പാ തിരിച്ചടവിന് ഒരു വർഷത്തെ മൊറട്ടോറിയം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും മൂന്നുമാസത്തെ മൊറട്ടോറിയം ലഭിച്ചത് ആശ്വാസം തന്നെയാണ്. അതുപോലെതന്നെ വർക്കിംഗ് ക്യാപിറ്റലിന്റെ കാര്യത്തിലും ക്യാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ് തുടങ്ങിയവ മാർച്ച് മാസത്തിൽ പുതുക്കണം എന്നതിനും മൂന്നുമാസത്തെ സാവകാശം ലഭിച്ചു. മാർച്ച് മാസത്തിൽ പുതുക്കി ഇല്ലെങ്കിൽ ക്യാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ് എന്നിവ കിട്ടാക്കടം ആയി മാറും. ഇപ്പോഴത്തെ ആർബിഐയുടെ പ്രഖ്യാപനത്തോടെ അത് കിട്ടാക്കടം ആകില്ല. ഇതുമൂലം ബാങ്കുകൾക്ക് കുറേ കൂടി സൗകര്യപ്രദമായ രീതിയിൽ ബിസിനസ് നടത്താൻ സാധിക്കും.
ഇന്ത്യൻ രൂപയുടെ വിദേശ വിനിമയ വിലയിലെ വ്യത്യാസം മൂലം ഇന്ത്യക്കാർ അവരുടെ പണം വിദേശ നാടുകളിൽ സൂക്ഷിക്കാൻ താൽപര്യം കാണിക്കുന്ന സ്ഥിതിയുണ്ട്. ഇതുമൂലം ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യവുമുണ്ട്. ഇതൊഴിവാക്കാനായി വിദേശത്ത് ബ്രാഞ്ചുകൾ ഉള്ള ഇന്ത്യൻ ബാങ്കുകൾക്ക് ഹെഡ്ജിങ് ഓപ്പറേഷനു അനുമതി നൽകിയത് മികവുറ്റ തീരുമാനമായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ജൂൺ ഒന്നുമുതൽ ഇതുമൂലം ഇന്ത്യൻ പണത്തിനുള്ള മൂല്യത്തിന്റെ അളവ് പിടിച്ചുനിർത്താൻ ഒരു പരിധി വരെ സാധിക്കും. എസ്.എൽ.ആർ, സി.ആർ.ആർ, തുടങ്ങി കരുതൽ ധനത്തിന്റെ കാര്യത്തിൽ ഒരു ശതമാനം കുറച്ചതും ആശ്വാസമാണ്.
നിലവിൽ ആർബിഐ കു ചെയ്യാൻ സാധിക്കുന്ന പരമാവധി കാര്യങ്ങളാണ് കോവിഡ് 19ന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും കാലത്ത് ഇപ്പോൾ ചെയ്തിരിക്കുന്നതെന്ന് വിലയിരുത്തുന്ന വരും കുറവല്ല. മൊറട്ടോറിയം മൂന്നുമാസത്തേക്ക് നീട്ടിയതും ഒ.ഡി, സി.സി ലിമിറ്റ് കുറഞ്ഞത് വഴി കൂടുതൽ പണം വായ്പയായി ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നത് വലിയ നേട്ടമാണ്. ആർ ബി ഐ യുടെ പുതിയ നിർദ്ദേശങ്ങൾ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാർക്കും ബാങ്കുകൾക്കും വലിയ ആശ്വാസം നൽകും എന്നതിൽ സംശയമില്ല. ദീർഘകാലത്തെക്കുള്ള മൊറട്ടോറിയം ആണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ആവശ്യമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നുണ്ടെങ്കിലും നിലവിലെ ആർബിഐ യുടെ പ്രഖ്യാപനങ്ങൾ വലിയ ആശ്വാസമാണ് എന്നതിൽ സംശയമില്ല. ആർ.ബി.ഐ യുടെ ഇന്നത്തെ തീരുമാനത്തോടെ 3.75 ഇലക്ഷൻ കോടി രൂപ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് ആർബിഐ പ്രതീക്ഷിക്കുന്നതെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.