ആശയ സമ്പന്നം എക്‌സ്‌പോ സെമിനാര്‍

moonamvazhi

എറണാകുളം മറൈന്‍ഡ്രൈവില്‍ സഹകരണവകുപ്പ് ഏപ്രില്‍ 22 മുതല്‍ 30 വരെ നടത്തിയ എക്‌സ്‌പോ 2023 സഹകരണരംഗത്തിന്റെ വിവിധമേഖലകളെക്കുറിച്ചുള്ള സെമിനാര്‍ചര്‍ച്ചകള്‍ കൊണ്ട് ആശയസമ്പന്നമായിരുന്നു. 23 നു ‘ സഹകരണമേഖലയിലെ ഘടനാപരമായ മാറ്റം-വിഷന്‍ 2030 ‘ എന്ന സെമിനാറോടെയായിരുന്നു തുടക്കം. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജാണ് ഉദ്ഘാടനം ചെയ്തത്.

കേന്ദ്രത്തിന്റെ
കടന്നുകയറ്റം
ആശങ്കാജനകം-
ഡോ. എന്‍. ജയരാജ്

സഹകരണമേഖലയിലെ കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റം ആശങ്കയുളവാക്കുന്നതാണെന്നു ഡോ. എന്‍. ജയരാജ് പറഞ്ഞു. വിവിധസംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങള്‍ തമ്മില്‍ ലയിപ്പിക്കലെന്നും ബഹുസംസ്ഥാന ( മള്‍ട്ടി സ്റ്റേറ്റ് ) സഹകരണസംഘങ്ങളെന്നും കേള്‍ക്കുമ്പോള്‍ നല്ലതെന്നു തോന്നുമെങ്കിലും അതു സഹകരണപ്രസ്ഥാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുമെന്ന് ആശങ്കയുണ്ട്. ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം. കേന്ദ്രം ഇത്തരത്തില്‍ നീങ്ങുമ്പോള്‍ കേരളം സുതാര്യമായി സഹകരണമേഖല പരിഷ്‌കരിക്കുകയാണ്. സെലക്ട് കമ്മറ്റിക്കു വിട്ട കേരളത്തിലെ സഹകരണനിയമപരിഷ്‌കരണബില്‍ കാലോചിതമാറ്റങ്ങള്‍ ഉള്ളതാണ്. ഓഡിറ്റിങ്ങിലെ മാറ്റങ്ങള്‍ അതിന്റെ ഭാഗമാണ്. സഹകരണസംഘത്തില്‍ ഒരാള്‍ക്ക് എത്ര തവണ ഭാരവാഹിയാകാം എന്നതിനും പരിധി വിഭാവന ചെയ്യുന്നുണ്ട്. നിക്ഷേപകന് ഒരു രൂപ പോലും നഷ്ടമുണ്ടാകരുതെന്ന ലക്ഷ്യം ബില്ലിനുണ്ട്. ജീവനക്കാരുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നുണ്ട്. ഘടനാപരമായി സമഗ്രമാറ്റമാണ് ഉദ്ദേശിക്കുന്നത്. സഹകാരികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം കേട്ടശേഷമായിരിക്കും ഇതിന് അന്തിമരൂപം നല്‍കുക- അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തയാറാക്കുന്ന ഏകീകൃത സോഫ്റ്റ്‌വെയര്‍ സംസ്ഥാന സഹകരണസ്ഥാപനങ്ങള്‍ ഉപയോഗിച്ചുകൊള്ളണമെന്നും മറ്റുമുള്ള നിര്‍ദേശങ്ങളെ ചെറുക്കണമെന്ന് അധ്യക്ഷപ്രസംഗത്തില്‍ പി. അബ്ദുള്‍ഹമീദ് എം.എല്‍.എ. പറഞ്ഞു.

കേന്ദ്രനയം
വെല്ലുവിളി-
ഡോ. കെ. രാമകുമാര്‍

ആസൂത്രണസമിതിയംഗം ഡോ. കെ. രാമകുമാര്‍ പ്രബന്ധം അവതരിപ്പിച്ചു. കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ ശക്തിയായ ജനകീയത നിലനിര്‍ത്തിവേണം ഘടനാപരമായ പരിഷ്‌കാരങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ബാങ്കിങ് പരിഷ്‌കാരങ്ങളുടെ ഭാഗമായി വന്ന മാറ്റങ്ങളും നവലിബറല്‍ നയവും സഹകരണപ്രസ്ഥാനത്തിനു വെല്ലുവിളിയാണ്. കേന്ദ്രതലത്തില്‍ സഹകരണത്തിനു പ്രത്യേകമന്ത്രാലയമുണ്ടാക്കി അമിത് ഷായെ തലപ്പത്തുവച്ചുള്ള നീക്കം കേന്ദ്രീകരണത്തിനും മഹാരാഷ്ട്രയിലും കേരളത്തിലുമൊക്കെ ശക്തമായ സഹകരണപ്രസ്ഥാനത്തെ നിയന്ത്രിക്കാനുമുള്ളതാണ്. ഗുജറാത്തിലെയും കര്‍ണാടകത്തിലെയും ബഹുസംസ്ഥാന സഹകരണസംഘങ്ങളെ ഇവിടേക്കു കടത്തിവിട്ട് ഇവിടത്തെ പ്രാഥമിക സഹകരണസംഘങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, സാമ്പത്തികബുദ്ധിമൂട്ടുമൂലം സംസ്ഥാനസര്‍ക്കാരിനു പഴയതുപോലെ സഹകരണസംഘങ്ങളെ സഹായിക്കാനാവുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍, സ്ഥാപിതതാല്‍പ്പര്യക്കാര്‍ സഹകരണസംഘങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനും ശ്രമിക്കുന്നു. ഇതിനു പരിഹാരം വായ്പാമേഖലയുടെ പുന:സംഘടനയും ആഭ്യന്തരനവീകരണവും ആധുനികീകരണവും ഉല്‍പ്പാദനമേഖലയുമായി ബന്ധിപ്പിക്കലുമാണ്.

കേരള ബാങ്ക് വന്നതോടെ വായ്പാമേഖലയുടെ പുന:സംഘടനയക്ക് അടിത്തറയായി. ആ അടിത്തറയില്‍ അടുത്തപടി കെട്ടിപ്പടുക്കണം. കേരളത്തില്‍ ഒരു കുടുംബം 100 രൂപ കടമെടുത്താല്‍ 33 രൂപ സഹകരണസംഘത്തില്‍നിന്നായിരിക്കും എന്നാണു വായ്പാ-നിക്ഷേപ സര്‍വേയില്‍ കണ്ടത്. ദേശീയതലത്തില്‍ ഇത് എട്ടു രൂപ മാത്രമാണ്. കേരളത്തില്‍ 2012 ല്‍ 41 രൂപയായിരുന്നതാണു 2018 ല്‍ 33 രൂപയായി കുറഞ്ഞത്. കാര്‍ഷികവായ്പയില്‍ സഹകരണസംഘങ്ങള്‍ നല്‍കിയിരുന്ന വായ്പയുടെ ശതമാനം 22 ല്‍നിന്നു 15-16 ശതമാനമായി. സഹകരണബാങ്കിലെക്കാള്‍ കുറഞ്ഞപലിശയ്ക്കു മറ്റു ബാങ്കില്‍നിന്നു വായ്പ കിട്ടുന്നതാണു കാരണം. പണ്ടു സഹകരണബാങ്കുകളിലായിരുന്നു പലിശ കുറവ്. സഹകരണസംഘങ്ങളില്‍ നിന്നെടുക്കുന്ന വായ്പയ്ക്കു 10 ശതമാനത്തില്‍ കൂടുതല്‍ പലിശ നല്‍കേണ്ടിവരുന്നവരുടെ ശതമാനം ദേശീയശരാശരി 64 ശതമാനമാണെങ്കില്‍ കേരളത്തില്‍ 84 ശതമാനമാണ്. കേരളത്തില്‍ത്തന്നെ ഷെഡ്യൂള്‍ഡ് കമേഴ്‌സ്യല്‍ബാങ്കുകളുടെ കാര്യത്തില്‍ അതു 50 ശതമാനമേയുള്ളൂ. കേരള ബാങ്കുവായ്പകളില്‍ കൃഷിക്കുള്ളതു നാലു ശതമാനമാണ്. പ്രാഥമികസംഘങ്ങളില്‍ 13 ശതമാനവും. സ്വര്‍ണപ്പണയത്തില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കു വായ്പ കൂടുതല്‍ കൊടുക്കുന്നതു ഷെഡ്യൂള്‍ഡ് ബാങ്കുകളാണ്. കേരള ബാങ്കിന്റെ വായ്പകളില്‍ മൂന്നു ലക്ഷം രൂപയില്‍ത്താഴെയുള്ള വായ്പകളില്‍നിന്നുള്ള ലാഭം മുക്കാല്‍ ശതമാനം മാത്രമാണ്. പ്രാഥമികസംഘങ്ങളിലും ഇതുതന്നെ സ്ഥിതി. ദീര്‍ഘകാലവായ്പയുടെ കാര്യത്തില്‍ കേരള ബാങ്കിന്റെ ലാഭം നെഗറ്റീവ് ആണ്. മൈനസ് ഒന്നര ശതമാനമാണിത്. പ്രാഥമിക കാര്‍ഷികസഹകരണസംഘം നടത്താന്‍ അത്ര റിസ്‌കില്ല. കാരണം, നിക്ഷേപം കേരള ബാങ്കിലിട്ടാല്‍ ആറേമുക്കാല്‍ മുതല്‍ ഏഴേകാല്‍ ശതമാനം വരെ പലിശ കിട്ടിക്കൊള്ളും. സഹകരണമേഖല വായ്പാകേന്ദ്രിതമാകുന്നതിനു പകരം നിക്ഷേപകേന്ദ്രിതമാവുകയാണ്. മൊത്തത്തില്‍ 59 ശതമാനം തുക മാത്രമാണു വായ്പയായി പോകുന്നത്. ഉല്‍പ്പാദനപരമായി നിക്ഷേപിക്കാവുന്ന മേഖലകള്‍ കുറവാണ്. പലിശനിരക്കു വിപണീനിരക്കിനെക്കാള്‍ കുറഞ്ഞുനില്‍ക്കുന്നതില്‍ തെറ്റില്ല. പക്ഷേ, ഇന്നത്തെ തോതില്‍ കുറഞ്ഞുനില്‍ക്കേണ്ടതുണ്ടോ എന്നു ചിന്തിക്കണം. ഇന്നത്തെ നിലയില്‍ പലിശനിരക്കു തുടര്‍ന്നാല്‍ വായ്പയ്ക്ക് ആവശ്യക്കാര്‍ കുറയും. സഹകാരികള്‍ ജനാധിപത്യപരമായി ചര്‍ച്ച ചെയ്ത് ഇതു പരിഹരിക്കണം- ഡോ. രാമകുമാര്‍ പറഞ്ഞു.

പ്രാഥമിക കാര്‍ഷികസഹകരണസംഘങ്ങളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ കൊണ്ടുവരുന്നതു ദുര്‍ഘടമാണ്. പക്ഷേ, ഇതു നടപ്പാക്കിയാലേ ബിസിനസ് പ്രക്രിയ ഏകീകരിക്കാനും ആധുനികസേവനങ്ങള്‍ നല്‍കാനും കഴിയൂ. സഹകരണമേഖലയെ ഉല്‍പ്പാദനമേഖലയുമായി ബന്ധിപ്പിക്കാനുള്ള പ്രധാനപ്രശ്‌നം തുണ്ടുവത്കരിക്കപ്പെട്ട കൃഷിയിടങ്ങളാണ്. അതുകൊണ്ട് ഉല്‍പ്പാദനവും തുണ്ടുവത്കൃതമാണ്. ഈ ഉല്‍പ്പാദനങ്ങളെ ഒരിടത്തു ശേഖരിക്കാതെ വിപണനം വലിയ തോതിലാക്കാനാവില്ല. ചെറുസംഘങ്ങള്‍ക്കു ചെറിയ ഉല്‍പ്പാദനം മാത്രം സംഘടിപ്പിക്കാനാവുന്ന നിലയില്‍നിന്നു വലിയ സംഘങ്ങളായി മാറാനോ ഫെഡറേഷനുകളുടെ ഭാഗമാകാനോ സാധിക്കില്ല. ഒരു പഞ്ചായത്തിലെ കാര്‍ഷികോല്‍പ്പന്നവിപണനം മുഴുവന്‍ ഏറ്റെടുക്കുന്ന ഒരു സഹകരണസംഘം ആ പഞ്ചായത്തില്‍ ഉണ്ടാക്കി ഉല്‍പ്പാദനമേഖലയെ സഹായിക്കാന്‍ കഴിയണം. ഇന്നു കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്ക് ഇതു കഴിയുന്നുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചെലവിന്റെ 30 ശതമാനം ഉല്‍പ്പാദനമേഖലയില്‍ വേണമെന്നാണു നിഷ്‌കര്‍ഷ. ഇതില്‍ വലിയൊരു ഭാഗം സഹകരണമേഖലയെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കാവുന്നതാണ.് ഇതിനായി പഞ്ചായത്തുതലത്തില്‍ ബാങ്കേഴ്‌സ് കമ്മറ്റിയുണ്ടാക്കി സഹകരണസംഘങ്ങള്‍ ഉല്‍പ്പാദനമേഖലയില്‍ ഇടപെടണം- അദ്ദേഹം പറഞ്ഞു.

ചെറിയ വായ്പകളില്‍
ശ്രദ്ധിക്കണം-
എം.എം. മോനായി

സഹകരണരംഗത്തെ പ്രശ്‌നങ്ങളെ ആശയപരമെന്നും മാനേജ്‌മെന്റ്പരമെന്നും സാങ്കേതികവിദ്യാപരമെന്നും വിശ്വാസ്യതാപരമെന്നും തിരിക്കാമെന്നു മുന്‍ എം.എല്‍.എ. എം.എം. മോനായി പറഞ്ഞു. തിരിച്ചടവുശേഷിയുള്ളവര്‍ പലിശ കുറവുള്ള ഷെഡ്യൂള്‍ഡ് ബാങ്കുകളെ വായ്പയ്ക്ക് ആശ്രയിക്കുമ്പോള്‍ കാര്യമായ ഈടൊന്നും നല്‍കാനില്ലാത്ത സാധാരണക്കാര്‍ക്കാണു സഹകരണബാങ്കുകള്‍ വായ്പ നല്‍കേണ്ടിവരുന്നത്. സഹകരണപ്രസ്ഥാനം വളരണമെങ്കില്‍ മാറുന്ന സാങ്കേതികവിദ്യയ്ക്കനുസരിച്ചു മാറണം. ഒറ്റപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ സഹകരണമേഖലയെ മോശമായി ചിത്രീകരിക്കുന്നുണ്ട്. കരുവന്നൂര്‍ സഹകരണബാങ്കില്‍ പ്രശ്‌നമുണ്ടായി എന്നു വച്ച് കേരളത്തിലെ ആയിരത്തഞ്ഞൂറു സഹകരണബാങ്കും കരുവന്നൂര്‍ സഹകരണബാങ്കാണോ? ഇവിടെ റിസര്‍വ് ബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എത്രയോ ബാങ്കുകള്‍ തകര്‍ന്നു. ഒരേ വിഭാഗങ്ങള്‍ക്കു കേരളബാങ്കും പ്രാഥമികസംഘങ്ങളും വായ്പ കൊടുക്കുന്നതിനുപകരം കേരള ബാങ്ക് വലിയ വായ്പകളില്‍ വൈദഗ്ധ്യത്തോടെ ശ്രദ്ധിക്കുകയാണു വേണ്ടത്. ചെറിയ വായ്പകളുടെ കാര്യത്തില്‍ പ്രാഥമികസംഘങ്ങളും. പല പ്രാഥമിക സംഘങ്ങളും 50 ലക്ഷം രൂപ വരെ വായ്പ കൊടുക്കുന്നുണ്ട്. എത്രപേര്‍ക്ക് ഇതു തിരിച്ചടക്കാനാവും?. വായ്പകള്‍ തിരിച്ചടക്കാനാവാത്തതുകൊണ്ടുള്ള നിയമക്കുരുക്കുകള്‍ വര്‍ധിക്കുകയാണ്- അദ്ദേഹം പറഞ്ഞു.

സംഘങ്ങള്‍ പുതിയ
മേഖലകളിലേക്ക്
കടക്കണം-
സി.പി. ജോണ്‍

പുതിയ പ്രവര്‍ത്തനമേഖലകളിലേക്കു പ്രവേശിക്കാന്‍ സഹകരണസംഘങ്ങള്‍ ധൈര്യം കാട്ടണമെന്ന് ആസുത്രണബോര്‍ഡ് മുന്‍ അംഗം സി.പി. ജോണ്‍ പറഞ്ഞു. ഈയിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള മുഴുവന്‍ ജഡ്ജിമാരും വയനാട്ടില്‍ വന്നപ്പോള്‍ താമസിക്കാന്‍ തിരഞ്ഞെടുത്തത് ഒരു സഹകരണസംഘത്തിന്റെ ഹോട്ടലായ സപ്തയെയാണ് എന്നത് അങ്ങേയറ്റം അഭിമാനകരമാണ്. തന്റെ സഹപ്രവര്‍ത്തകനായ സി.എന്‍. വിജയകൃഷ്ണന്‍ ചെയര്‍മാനായ ലാഡര്‍ എന്ന സഹകരണസംഘമാണ് അതു നടത്തുന്നത്. ലാഡറിനു നിരവധി മള്‍ട്ടിപ്ലക്‌സുകളും അപ്പാര്‍ട്ട്‌മെന്റുകളും മാളുകളുമുണ്ട്. നിര്‍മാണമേഖലയില്‍ സഹകരണസംഘത്തിനു കാര്യമായി പ്രവര്‍ത്തിക്കാനാവുമെന്നതിനു വലിയ ഉദാഹരണമാണു ലാഡര്‍. ടൂറിസം രംഗത്തെ സഹകരണമേഖല സ്പര്‍ശിച്ചിട്ടില്ല. ടൂറിസംസംഘങ്ങളെ സര്‍ക്കാര്‍ സഹായിക്കണം. മറ്റൊരു മേഖലയാണ് ആരോഗ്യം. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ 83,000 രോഗികളെ ചികിത്സിച്ചുകഴിഞ്ഞു. ഏഴു കൊല്ലംകൊണ്ടു 16,000 ശസ്ത്രക്രിയ നടത്തി. 25,000 കുട്ടികളുടെ ചികിത്സ നടത്തി. തലശ്ശേരിയിലടക്കം വടക്കേമലബാറില്‍ ആശുപത്രിമേഖലയില്‍ പല സഹകരണസംരംഭങ്ങളുമുണ്ട്. ആ മേഖല ഇനിയും വികസിപ്പിക്കാനാവും. പട്ടികജാതി-വര്‍ഗ സഹകരണസംഘങ്ങളുടെ മുഴുവന്‍ കടവും എഴുതിത്തള്ളണം. കുടുംബശ്രീകളെ സഹകരണവത്കരിക്കണം. റെസിഡന്റ്‌സ് അസോസിയേഷനുകളെയും സഹകരണവത്കരിക്കാം. കേരള ബാങ്ക് വായ്‌പേതരസംഘങ്ങളെ അകറ്റിനിര്‍ത്തിയിരിക്കുകയാണ്. അവയെ ചേര്‍ത്തുപിടിക്കുകയും വായ്പയും ഓവര്‍ഡ്രാഫ്റ്റും നല്‍കുകയും വേണം. കരുവന്നൂര്‍ ബാങ്കിലെതുപോലുള്ള പ്രശ്‌നങ്ങളില്‍ കേരള ബാങ്ക് പ്രശ്‌നപരിഹാരമാധ്യമമാവണം. സഹകരണപരിഷ്‌കരണബില്ലില്‍ എത്ര തവണ ഭാരവാഹികളാകാം എന്നതിനു പരിധി വയ്ക്കുന്നുണ്ട്. അതു ശരിയല്ല. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇല്ലാത്ത കാലപരിധി സഹകരണസംഘം പ്രസിഡന്റിനു നിശ്ചയിക്കുന്നതു ന്യായമല്ല. അക്കൗണ്ട് ഓഡിറ്റ് അല്ല പെര്‍ഫോമന്‍സ് ഓഡിറ്റാണു സഹകരണസംഘങ്ങള്‍ക്കു വേണ്ടത്. ലാഭത്തെക്കാള്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവയാണു സംഘങ്ങള്‍ എന്നതുതന്നെ കാരണം. സ്വര്‍ണപ്പണയവായ്പ ഉള്ളതുപോലെ വെള്ളിപ്പണയവായ്പയും വേണ്ടതാണ്. 500 കോടി രൂപയ്ക്കു മുകളില്‍ ആസ്തിയുള്ള സഹകരണസംഘങ്ങളുടെ ഒരു നിശ്ചിതശതമാനം ഓഹരികള്‍ എന്‍.ആര്‍.ഐ.കള്‍ക്കെങ്കിലും വില്‍പ്പനാവകാശത്തോടെ വാങ്ങാന്‍ കഴിയുന്ന നില കൊണ്ടുവരണം. അതു കേരളത്തിലേക്കു പണം വരാന്‍ സഹായിക്കും. വിവിധോദ്ദേശ്യ സഹകരണസ്ഥാപനങ്ങള്‍ വഴി സിയാല്‍ പോലുള്ള കമ്പനികള്‍ പുതുതായി ഉണ്ടാക്കുന്ന കാര്യം ആലോചിക്കണം. ഇതു ബഹുസംസ്ഥാന സഹകരണസംഘമായാലും തെറ്റില്ല. ബഹുസംസ്ഥാന സഹകരണസംഘങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമമൊന്നും വിജയിക്കാന്‍ സാധ്യതയില്ല. അവയ്ക്കിടയില്‍ക്കൂടി നിലനില്‍ക്കുകയാണു ചെയ്യേണ്ടത് – ജോണ്‍ പറഞ്ഞു.

കേരളത്തിലെ സഹകരണസംഘാംഗങ്ങളുടെ ശരാശരിപ്രായം 50 വയസ്സാണെന്നും യുവാക്കളെ കാര്യമായി ആകര്‍ഷിക്കാനാവുന്നില്ലെന്നതിന്റെ തെളിവാണിതെന്നും ഇത് അപകടകരമാണെന്നും കുസാറ്റ് അസോസിയേറ്റ് പ്രൊഫസര്‍ സംഗീതാ പ്രതാപ് പറഞ്ഞു. സേവനങ്ങളുടെ ഡിജിറ്റലൈസേഷന്‍, കാര്യക്ഷമത വര്‍ധിപ്പിക്കല്‍, സ്റ്റാര്‍ട്ടപ്പ് ഫൈനാന്‍സിങ്, മാനേജ്‌മെന്റില്‍ പ്രൊഫഷണല്‍ സമീപനം, സംരംഭാധിഷ്ഠിതവിപണനം, ഇന്നൊവേഷന്‍ എന്നിവ പ്രധാനമാണെന്നും അവര്‍ പറഞ്ഞു.

മോണ്‍ട്രഗോണ്‍
മാതൃകയാവണം-
ടി.കെ. കിഷോര്‍കുമാര്‍

സ്‌പെയിനിലെ മോണ്‍ട്രഗോണ്‍ പോലുള്ള വന്‍ വിദേശ സഹകരണസംരംഭങ്ങള്‍ ഇവിടത്തെ സഹകരണപ്രസ്ഥാനത്തിനു മാതൃകയാകണമെന്നു നാഷണല്‍ ലേബര്‍ ഫെഡ് അംഗം ടി.കെ. കിഷോര്‍കുമാര്‍ പറഞ്ഞു. ഗവേഷണ വികസനകാര്യങ്ങളില്‍വരെ അവ വളരെ ശ്രദ്ധിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുന്നു. കോഴിക്കോട്ട് ആറു പ്രധാനറോഡുകള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം വികസിപ്പിച്ചപ്പോള്‍ അതിനാവശ്യമായ വായ്പ ഷെഡ്യൂള്‍ഡ് ബാങ്കുകളെ ആശ്രയിക്കാതെ പ്രാഥമികസഹകരണസംഘങ്ങളുടെ കണ്‍സോര്‍ഷ്യം വഴി ലഭ്യമാക്കാനായതു സഹകരണപ്രസ്ഥാനത്തിന്റെ കരുത്തു വ്യക്തമാക്കുന്നു. യു.എ.ഇ.യില്‍ സഹകരണമേഖലയുടെ സാന്നിധ്യം രണ്ടു ശതമാനം മാത്രമാണ്. അതു പത്തു ശതമാനമാക്കാന്‍ സഹകരിക്കണമെന്നഭ്യര്‍ഥിച്ച് ആ രാജ്യം അന്താരാഷ്ട്ര സഹകരണസഖ്യത്തെ സമീപിച്ചു. സൗദി അറേബ്യയും സഹകരണപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയാണ്. ഭാവിസാധ്യതകള്‍ കണ്ടുള്ള ബിസിനസ് മാതൃകകള്‍ സഹകരണപ്രസ്ഥാനം തിരഞ്ഞെടുക്കണം. ഡിജിറ്റല്‍ പരിവര്‍ത്തനം വളരെ പ്രധാനമാണ്. യുവാക്കളെ ലക്ഷ്യം വയ്ക്കണം -അദ്ദേഹം പറഞ്ഞു. എസ്.യു. രാജീവ് സ്വാഗതവും സജീവ് കര്‍ത്ത നന്ദിയും പറഞ്ഞു.

പശ്ചാത്തലസൗകര്യ
വികസനത്തില്‍
ശ്രദ്ധിക്കണം-
മന്ത്രി പി. രാജീവ്

ലാഭത്തിന്റെ അടിസ്ഥാനത്തിലല്ല, ജനങ്ങളുടെ ജീവിതനിലവാരത്തില്‍ എന്തു മാറ്റമുണ്ടാക്കിയെന്നതിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് എത്ര ഉണര്‍വേകി എന്നതിന്റെയും അടിസ്ഥാനത്തിലാണു സഹകരണസ്ഥാപനങ്ങളെ വിലയിരുത്തേണ്ടതെന്നു സാമ്പത്തികവളര്‍ച്ചയിലും അടിസ്ഥാനസൗകര്യ-ഉല്‍പ്പാദനമേഖലകളിലും സഹകരണപ്രസ്ഥാനം നടത്തുന്ന ഇടപെടലിനെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. പശ്ചാത്തലസൗകര്യ വികസനകാര്യത്തില്‍ സഹകരണമേഖലയുടെ സാധ്യതകള്‍ പൂര്‍ണമായി വിനിയോഗിക്കപ്പെടുന്നില്ല. ഭക്ഷ്യസംസ്‌കരണമേഖലയില്‍ സഹകരണമേഖല നന്നായി ഇടപെടുന്നുണ്ട്. കാര്‍ഷികാടിസ്ഥാന സൗകര്യവികസനനിധിയില്‍നിന്നു രണ്ടു കോടി രൂപ വരെ ഫലത്തില്‍ ഒരു ശതമാനം പലിശയ്ക്കു ലഭിക്കുന്നതു സഹകരണസംഘങ്ങള്‍ക്കു കാര്‍ഷികമേഖലയില്‍ കോള്‍ഡ് ചെയിന്‍ സംവിധാനമൊരുക്കാനും മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനും പ്രയോജനപ്പെടുത്താനാവും. അതിനുസരിച്ചു പശ്ചാത്തലസൗകര്യവികസനരംഗത്തു സഹകരണസംഘങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം -അദ്ദേഹം പറഞ്ഞു.

ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പദ്ധതിയിലേക്കു സഹകരണമേഖലയിലെ വ്യവസായങ്ങളെയും കൊണ്ടുവരണമെന്നും സഹകരണസ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അറിവുകള്‍ പങ്കുവയ്ക്കാന്‍ പൊതുപ്ലാറ്റ്‌ഫോം ഉണ്ടാക്കണമെന്നും അധ്യക്ഷപ്രസംഗത്തില്‍ കേരള അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ താജുദീന്‍ അഹമ്മദ് പറഞ്ഞു.

വൈവിധ്യവത്കരണം
പരമപ്രധാനം-
ഡോ. ജിജു പി. അലക്‌സ്

കാര്‍ഷികമന്ത്രാലയത്തിന്റെ ഉപമന്ത്രാലയമായിരുന്ന സഹകരണത്തെ ശക്തമായ സ്വതന്ത്രമന്ത്രാലയമാക്കിയതും ബഹുസംസ്ഥാന സഹകരണസംഘങ്ങള്‍ക്കനുകൂലമായ കേന്ദ്രനിയമവുമൊക്കെ പല ആശങ്കയും ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍വേണം അടിസ്ഥാനസൗകര്യമേഖലയില്‍ സഹകരണപ്രസ്ഥാനം എന്തു മാറ്റമുണ്ടാക്കിയെന്നു ചര്‍ച്ചചെയ്യാനെന്നു പ്രബന്ധം അവതരിപ്പിച്ച ആസൂത്രണബോര്‍ഡംഗം ഡോ.ജിജു പി അലക്‌സ് പറഞ്ഞു. ക്ഷീരം, കൃഷി, പൗള്‍ട്രിമേഖലകളില്‍ കൂടുതല്‍ ബഹുസംസ്ഥാന സഹകരണസംഘങ്ങള്‍ വരികയാണ്്. ബഹുരാഷ്ട്രക്കുത്തകകള്‍ക്കു പോലും ബദലാവാനുള്ള ശക്തി സഹകരണപ്രസ്ഥാനത്തിനുണ്ടെങ്കിലും അമുല്‍ പോലെ വളരാന്‍ വന്‍സാധ്യതയുണ്ടായിരുന്ന വലിയ സഹകരണസംഘങ്ങള്‍ക്കുപോലും ഉദാരീകരണത്തിനുശേഷം പ്രശ്‌നങ്ങളുണ്ടായി. വൈവിധ്യവത്കരണം സഹകരണരംഗത്തിനി പരമപ്രധാനമാണ്. ലോകമെങ്ങും സഹകരണപ്രസ്ഥാനങ്ങള്‍ വൈവിധ്യവത്കരണത്തിലാണ്. അതില്‍ പ്രധാനം അടിസ്ഥാനസൗകര്യമേഖലയും സേവനമേഖലയുമാണ്. ഗ്രാമഗ്രാമാന്തരങ്ങളില്‍വരെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിക്കണം. ഇതു ഏറ്റവും നന്നായി ചെയ്യാനാവുക സഹകരണപ്രസ്ഥാനങ്ങള്‍ക്കാണ്. പക്ഷേ, കേരളത്തില്‍ ഇപ്പോള്‍ ഇതു വെറും സംഭരണകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഒതുങ്ങുകയാണ്. മൂല്യവര്‍ധന, യന്ത്രസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍, പുതിയ വ്യവസായങ്ങള്‍ എന്നിവയുടെ സാധ്യതകള്‍ കാര്യമായി ഉപയോഗിക്കപ്പെടുത്തുന്നില്ല. കാര്‍ഷികാടിസ്ഥാനസൗകര്യവികസനനിധിയില്‍ കേരളത്തിനായി 2000 കോടി രൂപ ലഭ്യമാക്കാമെങ്കിലും മുന്നൂറു കോടിയോളം രൂപയുടെ കാര്‍ഷികപ്രോജക്ടുകളേ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. പ്രോജക്ട് എഴുതാനുള്ള വൈദഗ്ധ്യം പോലും പല സംഘത്തിനുമില്ല. എന്നാല്‍, ഗ്രാമങ്ങളിലെ ഏറ്റവും വലിയ ചാലകശക്തി അവിടങ്ങളിലെ സഹകരണസംഘങ്ങളാണ്. ഈ തിരിച്ചറിവാണു ചൈനയെ വികസനത്തിലേക്കു നയിച്ചത്. അവിടെ ഓരോ ഗ്രാമവും ഓരോ ഉല്‍പ്പന്നത്തിനു പ്രസിദ്ധമാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സഹകരണസംഘങ്ങളുടെ മുന്‍കൈയില്‍ സഹകരണസംഘങ്ങളുടെ വായ്പ ഉപയോഗിച്ചുകൊണ്ട് അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തണം -അദ്ദേഹം പറഞ്ഞു.

സഹകരണപ്രസ്ഥാനത്തിനു കൊടുക്കേണ്ട പല മേഖലയും പൊതുമേഖലയ്ക്കു കൊടുക്കുകയും പൊതുമേഖല അതില്‍ പരാജയപ്പെടുകയും ചെയ്ത അനുഭവമുണ്ടെന്നു ഫെഡറല്‍ ബാങ്ക ്‌ചെയര്‍മാന്‍ ബാലഗോപാല്‍ പറഞ്ഞു. ആധുനികവ്യവസായങ്ങളിലേക്കു സഹകരണമേഖല കടക്കണമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനസൗകര്യവികസനം അടക്കമുള്ള കാര്യങ്ങളില്‍ സഹകരണപ്രസ്ഥാനത്തിനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാതിരുന്ന പഴുതിലാണ് ഈ മേഖലയിലെ വിഭവസ്രോതസ്സിലേക്കു കേന്ദ്രം കടന്നുകയറാന്‍ ശ്രമിക്കുന്നതെന്നു തൃക്കാക്കര സഹകരണആശുപത്രി ചെയര്‍മാന്‍ സുകുമാരന്‍നായര്‍ പറഞ്ഞു. പദ്ധതികളുടെ പൊതു-സ്വകാര്യ പങ്കാളിത്തമാതൃകയിലേക്കു സഹകരണസ്ഥാപനങ്ങള്‍ കൂടി വരണമെന്നു വി.കെ.സി. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വി.കെ. റസാഖ് പറഞ്ഞു. ആധുനികകാലത്ത് ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധനയും പുതിയ വിപണനരീതികളും പ്രധാനമാണെന്നും ഇതു നന്നായി നിര്‍വഹിക്കാന്‍ കഴിഞ്ഞതാണു പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്കിന്റെ വിജയമെന്നും ബാങ്കിന്റെ മുന്‍ പ്രസിഡന്റ് എം.എസ്. ജയചന്ദ്രന്‍ പറഞ്ഞു. സഹകരണവകുപ്പ് ഓഡിറ്റ് ഡയറക്ടര്‍ എം.എസ്. ഷെറിന്‍ സ്വാഗതം പറഞ്ഞു.

സംഘങ്ങളുടെ ആധുനികീകരണവും വിവരസാങ്കേതികവിദ്യയും, കാര്‍ഷികാനുബന്ധമേഖലയിലെ ആധുനിക സഹകരണകാഴ്ചപ്പാടുകള്‍, ദളിത്-പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനത്തില്‍ സഹകരണപ്രസ്ഥാനത്തിന്റെ പങ്ക്, സഹകരണപ്രസ്ഥാനവും സ്ത്രീശാക്തീകരണവും, സഹകരണ-തദ്ദേശസ്ഥാപനക്കൂട്ടായ്മയും വികസനവും, ആധുനിക കൃഷിസമ്പ്രദായത്തില്‍ സഹകരണമേഖലയുടെ ഇടപെടല്‍, സഹകരണമേഖലയിലെ കേന്ദ്രഇടപെടല്‍, കയര്‍-കൈത്തറി-ഫിഷറീസ്-വ്യവസായ സഹകരണസംഘങ്ങളുടെ വികസനത്തിനുള്ള കര്‍മപദ്ധതി, ഇ-ഗവേണന്‍സ് സഹകരണമേഖലയില്‍ എന്നീ വിഷയങ്ങളില്‍ വിവിധ ദിവസങ്ങളിലായി സെമിനാര്‍ നടന്നു. അവയുടെ വിശദമായ റിപ്പോര്‍ട്ട് മൂന്നാംവഴിയുടെ അടുത്ത ലക്കത്തില്‍ വായിക്കാം.

Leave a Reply

Your email address will not be published.