ആര്‍.ബി.ഐ.യോട് എതിര്‍പ്പില്ല; പേരില്‍ നിന്നു ‘ബാങ്ക്’ മാറ്റാന്‍ നടപടി തുടങ്ങിയെന്ന്സഹകരണ വകുപ്പ്

Deepthi Vipin lal

റിസർവ് ബാങ്ക് നടപടികളോടുള്ള സംസ്ഥാനത്തിന്റെ എതിർപ്പിൽനിന്ന് പിന്മാറുന്നതായി സൂചന നൽകി സഹകരണ വകുപ്പ്. റിസർവ് ബാങ്ക് വിളിച്ച യോഗത്തിൽ കേരളത്തിന്റെ വിയോജിപ്പുകളും എതിർപ്പുകളും ഒന്നും പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല, ആർ.ബി.ഐ.യുടെ എല്ലാ വാദങ്ങളും അംഗീകരിച്ചു. പ്രാഥമിക സഹകരണ ബാങ്കുകളുടെ പേരിൽനിന്ന് ‘ബാങ്ക്’ മാറ്റാനുള്ള നടപടി തുടങ്ങിയെന്നും സഹകരണ സംഘം രജിസ്ട്രാർക്ക് യോഗത്തിൽ പങ്കെടുത്ത അഡീഷണൽ രജിസ്ട്രാർ ബിനോയ് കുമാർ അറിയിച്ചു.

പ്രാഥമിക സഹകരണ ബാങ്കുകൾ ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കുന്നതും വോട്ടവകാശമില്ലാത്ത അംഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതും നിയമവിരുദ്ധമാണെന്ന് കാണിച്ച് റിസർവ് ബാങ്ക് പത്രപരസ്യം നൽകിയിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്. ആർ.ബി.ഐ.യുടേത് നിയമവിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി സഹകരണ മന്ത്രി വി.എൻ. വാസവൻ കേന്ദ്രധനമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും കത്ത് നൽകിയിരുന്നു.

പത്രപരസ്യം നൽകിയ ആർ.ബി.ഐ. ജനറൽ മാനേജർക്ക് സഹകരണ സംഘം രജിസ്ട്രാറും കത്ത് നൽകിയിരുന്നു. ഇതിന് ശേഷം റിസർവ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥരും സഹകരണ സംഘവും രജിസ്റ്റർ ചെയ്തുനടന്ന ആദ്യയോഗമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇതിൽ റിസർവ് ബാങ്കിന്റെ നടപടിയിൽ ഒരു വിയോജിപ്പും യോഗത്തിൽ പങ്കെടുത്ത സഹകരണ സംഘം രജിസ്ട്രാറുടെ ചുമതലയുള്ള അഡീഷണൽ രജിസ്ട്രാർ പ്രകടിപ്പിച്ചില്ല.

പ്രാഥമിക സഹകരണ ബാങ്കുകളുടെ പേരിൽനിന്ന് ‘ബാങ്ക്’ എന്ന വാക്ക് മാറ്റുന്ന നടപടി എന്തായെന്നു യോഗത്തിൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ ചോദിച്ചു. അതിനുള്ള നടപടികൾ തുടങ്ങിയതായി അഡീഷണൽ രജിസ്ട്രാർ അറിയിച്ചു. സർക്കാർ തലത്തിൽ ഇതിനുള്ള ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നുണ്ട്. ഇതിന്റെ പുരോഗതി ആർ.ബി.ഐ.യെ അറിയിക്കാമെന്നും അദ്ദേഹം ബോധ്യപ്പെടുത്തി. ഇതിനുള്ള നടപടി സ്വീകരിക്കേണ്ട ചുമതല സഹകരണ സംഘം രജിസ്ട്രാർക്ക് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News