ആദായ നികുതി നിയമത്തിലെ 194 N – ഒരു പഠനം ലേഖനം തുടരുന്നു..

adminmoonam

ആദായ നികുതി നിയമത്തിലെ 194 N – ഒരു പഠനം
ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു..
40. The Finance Act 2020-ൽ ചില ചെറിയ മാറ്റം വരുത്തിക്കൊണ്ട്, എന്നാൽ അതിന്റെ മൂലരൂപവും സത്തയും നിലനിർത്തിക്കൊണ്ട് സെക്ഷൻ 194N മാറ്റി എഴുതുകയാണ് ചെയ്തത്. 01-07-2020 മുതൽ പ്രാബല്യത്തിൽ വന്ന, സെക്ഷൻ 194N-ലെ മാറ്റങ്ങൾ ഞാൻ ഇവിടെ അവതരിപ്പിക്കാം.

194N…….എന്നാൽ, തുക നൽകിയ മുൻവർഷത്തിന്റെ തൊട്ടു മുൻപത്തെ വർഷത്തിൽ സെക്ഷൻ 139 സബ് സെക്ഷൻ 1 അനുസരിച്ചുള്ള സമയപരിധി അവസാനിച്ച മൂന്നു മുൻ വർഷങ്ങൾക്ക് പ്രസക്തമായ മൂന്നു നികുതിനിർണയ വർഷങ്ങളിൽ നികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലാത്ത ഒരു സ്വീകർത്താവിന്റെ കാര്യത്തിൽ ഈ സെക്ഷൻ താഴെപ്പറയുന്ന ഭേദഗതിയോടെ ബാധകമാകും:

(i) സാമ്പത്തിക വർഷം ഇരുപത് ലക്ഷം രൂപയിൽ കൂടുതലുള്ള പണമായി തുകയോ ആകെത്തുകയോ ആയിരിക്കണം;മാത്രമല്ല,

(ii) ടി ഡി സ് :

(a) സാമ്പത്തിക വർഷം ഇരുപത് ലക്ഷം രൂപയിൽ കൂടുതലും ഒരു കോടി രൂപയിൽ കവിയാത്തതുമായ, പണമായികൊടുത്ത തുകയോ ആകെത്തുകയോ ആയിരിക്കെ, ആ തുകയുടെ രണ്ടു ശതമാനത്തിനു തുല്യമായ തുക; അല്ലെങ്കിൽ
(b) കഴിഞ്ഞ വർഷം ഒരു കോടി രൂപയിൽ കവിയാത്ത, പണമായികൊടുത്ത തുകയോ ആകെത്തുകയോ ആയിരിക്കെ, ആ തുകയുടെ അഞ്ചു ശതമാനത്തിനു തുല്യമായ തുക;

എന്നാൽ, അത്തരം വിജ്ഞാപനത്തിൽ വ്യക്തമാക്കപ്പെട്ട നിബന്ധനകൾ അനുസരിക്കുന്നപക്ഷം അത്തരം സ്വീകർത്താവിനു ഒന്നാമത്തെ വ്യവസ്ഥ ബാധകമാവില്ലെന്നുള്ളത്, അല്ലെങ്കിൽ ചുരുങ്ങിയ നിരക്കിൽ ബാധകം ആവുമെന്നുള്ളത് റിസർവ് ബാങ്കുമായി കൂടിയാലോചിച്ചശേഷം, കേന്ദ്ര സർക്കാർ ഔദ്യോഗിക ഗസറ്റിലുള്ള വിജ്ഞാപനത്തിൽ വ്യക്തമാക്കാവുന്നതാണ്.

41. ഇവിടെ ഉണ്ടായ പ്രധാന മാറ്റം 01-07-2020 മുതൽ തൊട്ടുമുമ്പത്തെ മൂന്നു വർഷങ്ങളിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാത്ത ഏതൊരാൾക്കും സെക്ഷൻ 194N-ലെ വ്യവസ്ഥകൾ ബാധകം ആവുമെന്നതാണ്. മൂന്ന് വർഷങ്ങൾ എന്നത്, പിൻവലിക്കലിന്റെ വർഷം കൂട്ടാതെ കണക്കാക്കേണ്ടതാണ്. അതിനാൽ, ഒരു വ്യക്തി 2017-18, 2018-19, 2019-20 വർഷങ്ങളിലേക്കുള്ള ആദായനികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെങ്കിൽ, 2020-21 സാമ്പത്തികവർഷത്തിൽ അദ്ദേഹത്തിന് സെക്ഷൻ 194N-ലെ വ്യവസ്ഥകൾ ബാധകം ആവുന്നതാണ്.

42. ഇത് individuals, HUF, partnership firms, companies, LLP’s, Association of persons, Body of Individuals, co-operative societies, local authorities, artificial juridical persons ഇവയൊക്കെ അടങ്ങുന്ന ‘വ്യക്തികൾക്കും /സ്ഥാപനങ്ങൾക്കും’ (persons) ബാധകമാണ്. “persons” എന്ന് വിവക്ഷിക്കപ്പെടുന്നവരുടെ പട്ടികയിൽ പെടുന്ന വിവിധ ‘എന്റിറ്റി’കളുടെ വിവരം അറിയുന്നതിന് നിങ്ങള്‍ക്ക് ആദായനികുതി നിയമം സെക്ഷൻ 2(31) പരിശോധിക്കാവുന്നതാണ്.

43. മൂന്നു മുൻവർഷങ്ങളിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാത്ത ഒരുവ്യക്തിയ്ക്ക് പണം പിൻവലിക്കാനുള്ള പരിധി ഇരുപതു ലക്ഷം രൂപയാണ്; ഒരു കോടി അല്ല. ആദായനികുതി റിട്ടേണുകൾ മുടങ്ങാതെ സമർപ്പിക്കാൻ ഇത് ഒരു വ്യക്തിയെ പരോക്ഷമായി നിർബന്ധിതനാക്കുന്നു .

44. CBDT-യിൽ നിന്നും സർക്കുലറുകൾ വഴി പെട്ടെന്ന് തന്നെ വ്യക്തത വരുത്തേണ്ട ചില പ്രശ്നങ്ങളുണ്ട്. 01-07-2020-നു ശേഷം ഇരുപതു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമായുള്ള തുകയ്ക്ക് മാത്രമാണോ TDS പിടി ക്കേണ്ടത്? കഴിഞ്ഞ വർഷം പണത്തിന്റെ പരിധി ഒരു കോടിയായി നിശ്ചയിച്ചപ്പോൾ CBDT വ്യക്തമാക്കിയത് അനുസരിച്ച്, ഇരുപതു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് മാത്രമാണ് TDS ബാധകമാവുക എന്നാണ് മനസ്സിലാവുന്നത്.

45. 01-04-2020 മുതൽ 30-06-2020 വരെയുള്ള കാലയളവിൽ പിൻവലിച്ചു കഴിഞ്ഞ പണം 20ലക്ഷം രൂപയുടെ പരിധി നിശ്ചയിക്കുന്നതിന് കണക്കിലെടുക്കേണ്ടതുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. CBDT കഴിഞ്ഞ വർഷം സ്വീകരിച്ച അതേ മാനദണ്ഡം വെച്ച് നോക്കുമ്പോൾ 01-07-2020 ന് മുമ്പ് പിൻവലിച്ച പണം കണക്കിലെടുക്കേണ്ടതായി വരും എന്നു തോന്നുന്നു.

46. പുതിയ ഭേദഗതിയുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന മറ്റൊരു വിഷമകരമായ പ്രശ്നം മൂന്നു വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതിന്റെ ആവശ്യകത ആണ്. ഉദാഹരണത്തിന്, പലിശയിനത്തിൽ 60,000 രൂപ വാർഷികവരുമാനം ഉള്ള, ഒരു കർഷകനായ Mr. A-യുടെ കാര്യമെടുക്കുക. കാർഷികവരുമാനം പൂർണമായും ആദായ നികുതിയിൽ നിന്നും ഒഴിവായത് കൊണ്ടും,വാർഷികവരുമാനമായ 60,000 രൂപ നികുതിനിർണയപരിധിയിൽ താഴെ ആയതിനാലും ഇപ്പോഴത്തെ ആദായ നികുതി നിയമം അനുസരിച്ച് അദ്ദേഹം നികുതി റിട്ടേണുകൾ ഒന്നും തന്നെ സമർപ്പിക്കേണ്ടതില്ല. Mr. A, ഈ ദിവസം വരെയും നികുതി റിട്ടേണുകൾ ഒന്നും തന്നെ സമർപ്പിച്ചിട്ടില്ല എന്ന് കരുതുക. അദ്ദേഹത്തിന്റെ SBI പാലക്കാട് ശാഖയിൽനിന്ന് 01-07-2020-ന് 22ലക്ഷം രൂപ പിൻവലിക്കണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഇങ്ങനെ ഒരു സാഹചര്യത്തിൽ ബാങ്ക് എന്താണ് ചെയ്യേണ്ടത്?

47.ആദായനികുതിനിയമം 1961 അനുസരിച്ച് Mr.A ഒരു നികുതിദായകന്‍ (assessee) ആണോ എന്ന് തീർപ്പാക്കുകയാണ് ആദ്യമായി ബാങ്ക് ചെയ്യേണ്ടത്. ഇത്തരം സന്ദർഭങ്ങളിൽ, 22ലക്ഷം രൂപ പിൻവലിക്കാൻ അനുവദിക്കുന്നതിനു മുമ്പ് മൂന്നു വർഷത്തെ ഒന്നിച്ച് ആദായനികുതി റിട്ടേൺ സമർപ്പിക്കണം എന്ന് അദ്ദേഹത്തെ നിർബന്ധിക്കാൻ ബാങ്കിന് കഴിയുമോ? Mr.A ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതില്ല എന്നിരിക്കെത്തന്നെ, TDS-ൽനിന്ന് ഒഴിവ് നേടുന്നതിന് മൂന്നു വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ അദ്ദേഹം നിർബന്ധിതനാവുകയാണ്. ഈ കാര്യത്തിൽ, TDS 400/-രൂപ ആയിരിക്കും-അതായത് 20 ലക്ഷം രൂപയിൽ കൂടുതലായുള്ള 2 ലക്ഷം രൂപയുടെ 2%. റിട്ടേൺ സമർപ്പിക്കാൻ അദ്ദേഹത്തിന് ചുരുങ്ങിയത് 3000രൂപ പ്രഫഷണൽ ഫീസിനത്തിൽ ചിലവാക്കേണ്ടിവരും. അങ്ങിനെ, 400/-രൂപയുടെ TDS ലാഭിക്കാൻ അദ്ദേഹത്തിന് 3000രൂപ ചിലവാക്കേണ്ടിവരും. തീർച്ചയായും, വളരെ വിഷമകരവും പരിതാപകരവുമായ ഒരു അവസ്ഥ തന്നെ! ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ എന്തെങ്കിലും ചെയ്തേ മതിയാകൂ.

48.മൂന്നു മുൻവർഷങ്ങളിലേയും റിട്ടേണുകൾ തുടർച്ചയായി സമർപ്പിക്കേണ്ടി വരുന്നതാണ് മറ്റൊരു നീറുന്ന പ്രശ്നം. 2018-19 സാമ്പത്തികവർഷത്തിലെ റിട്ടേൺ, Mr. A-യ്ക്ക് 31-07-2020-നു മുമ്പായി സമർപ്പിക്കാൻ കഴിയും. 2019-20 സാമ്പത്തിക വർഷത്തിലെ റിട്ടേണും അദ്ദേഹത്തിന് 30-11-2020 വരെ സമർപ്പിക്കാൻ കഴിയും. പക്ഷെ 2017-18 സാമ്പത്തികവർഷത്തിലെ റിട്ടേൺ 01-07-2020-നു സമർപ്പിക്കാൻ ആവില്ല; കാരണം, 31-07-2019-നുതന്നെ സമയപരിധി അവസാനിച്ചു എന്നതാണ്. ഇത്തരം ഒരു സാഹചര്യത്തിൽ Mr. A-യ്ക്ക് TDS ഒഴിവാക്കാൻ ഒരിക്കലും കഴിയില്ല.

49. ഞാൻ ഇതിനു മുൻപത്തെ ഖണ്ഡികയിൽ വിവരിച്ച, Mr. A-യ്ക്ക് നേരിടേണ്ടി വന്ന അതേ പ്രശ്നം, കഴിഞ്ഞ മൂന്നു വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലാത്ത ഏല്ലാവർക്കും നേരിടേണ്ടിവരുമെന്ന് ശ്രദ്ധിക്കുക. റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടിക്കൊണ്ടുള്ള വിജ്ഞാപനങ്ങൾ ഇറക്കിയോ,മറ്റു പരിഹാരമാർഗങ്ങൾ വഴിയോ ഈ വ്യവസ്ഥയുടെ കാഠിന്യം കുറയ്ക്കാൻ CBDT തയ്യാറാവും എന്ന് പ്രതീക്ഷിക്കുന്നു. നിയമത്തിൽ ഭേദഗതി വരുത്തുന്ന കാര്യം പാർലമെന്റും പരിഗണിക്കേണ്ടതാണ്.
തുടരും……
SIVADAS CHETTOOR B COM FCA LL.M
MOB: 9447137057
[email protected]

Leave a Reply

Your email address will not be published. Required fields are marked *

Latest News