ആദായനികുതി സെക്ഷൻ 80(പി) വിഷയത്തിൽ ലേഖനം തുടരുന്നു

adminmoonam

ആദായനികുതി സെക്‌ഷൻ 80 (പി) വിഷയത്തിൽ ശിവദാസ് ചേറ്റൂരിന്റെ ലേഖനഭാഗം 12. പെരിന്തൽമണ്ണ സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ന്റെ കേസിനെ കുറിച്ചുള്ള വിശദമായ ചർച്ചയാണ് ഈ ലക്കത്തിൽ ഞാൻ ഉദ്ദേശിക്കുന്നത്.

79. പെരിന്തൽമണ്ണ സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ന്റെ കേസിൽ ആദായ നികുതി ഓഫീസറുടെയും റിവിഷൻ അതോറിറ്റിയുടെയും ( അതായത് കമ്മീഷണറുടെയും) പിന്നെ ട്രിബ്യൂണലിന്റെയും ഉത്തരവുകൾ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പരിശോധിച്ചു. ഈ കേസിലെ പ്രധാന വിഷയം പെരിന്തൽമണ്ണ സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഒരു “കോഓപ്പറേറ്റീവ് ബാങ്ക് ആണോ അതോ ഒരു പ്രൈമറി കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ആണോ എന്നതായിരുന്നു. ആദായ നികുതി നിയമത്തിലെ 80 (P) വകുപ്പ് പ്രകാരം ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടതിന്റെ വെളിച്ചത്തിലാണ് ഈ ചോദ്യം ഉയരുന്നത്. ഈ വിഷയം ആദായനികുതി നിയമത്തിലെ സെക്‌ഷൻ 80P (4 ) ഉപവകുപ്പിന്റെ വ്യാഖ്യാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

80. പെരിന്തൽമണ്ണ ബാങ്കിന്റെ കേസിൽ ആദ്യം ആദായനികുതി ആഫീസർ 80P യുടെ ആനുകൂല്യങ്ങൾ അനുവദിച്ചു കൊടുത്തിരുന്നു. 2009-10 ലെ വർഷവുമായി ബന്ധപ്പെട്ടതായിരുന്നു പെരിന്തൽമണ്ണ ബാങ്കിന്റെ കേസ്. എന്നാൽ പിന്നീട് കമ്മിഷണർ സെക്‌ഷൻ 263 പ്രകാരം തന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ആദായനികുതി ആഫീസറുടെ ഉത്തരവ് ഒരു പുനഃ പരിശോധന നടത്തുകയുണ്ടായി. സെക്‌ഷൻ 80 P പ്രകാരം ആനുകൂല്യം കിട്ടാനായി ഒരു അവകാശവാദം ഉന്നയിച്ചുകഴിഞ്ഞാൽ, ആദായനികുതി ഓഫീസർ സെക്‌ഷൻ 80 P (4) ന്റെ പ്രത്യാഘാതങ്ങൾ അത്തരം അവകാശവാദത്തെ പരാമർശിച്ച് പരിഗണിക്കേണ്ടതുണ്ട്. ബാങ്കിന്റെ പേര് മാത്രമല്ല അവർ ചെയ്യുന്ന പ്രവർത്തികൾ കൂടി ആദായനികുതി ആഫീസർ പരിഗണിക്കേണ്ടതുണ്ട്.

81. ആദായനികുതി ആഫീസറുടെ ഉത്തരവ് തെറ്റാണെന്ന് മാത്രമല്ല ആദായനികുതി വകുപ്പിനു ഹാനികരമാണെന്നു കമ്മിഷണർ കണ്ടെത്തുകയും ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. തീർച്ചയായും, മറുപടി വഴി വിശദമായ ഒരു വിശദീകരണം ബാങ്ക് നൽകി. എന്നാൽ കമ്മിഷണർ തൻ്റെ നിലപാടിൽ ഉറച്ചു നിൽക്കുക തന്നെ ചെയ്തു. ആദായനികുതി ആഫീസർ കാര്യങ്ങളുടെ നിജസ്ഥിതി വേണ്ടവിധം പരിഗണിക്കാതെ ആണ് ഉത്തരവ് ഇറക്കിയതെന്നു കമ്മിഷണർ കണ്ടെത്തി. അങ്ങനെ വേണ്ടവിധം പരിഗണിക്കാതെ ആണ് ഉത്തരവ് ഇറക്കിയതെങ്കിൽ അത്തരം ഉത്തരവ് തീർച്ചയായും തെറ്റു തന്നെ.

82. ബാങ്കിന് വേണ്ടി ഹാജരായ CA എല്ലാ കാര്യങ്ങളും കമ്മിഷണർ മുമ്പാകെ ബോധിപ്പിച്ചു. പെരിന്തൽമണ്ണ ബാങ്ക് മദ്രാസ് കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് 1932 ഇലെ സെൿഷൻ 10 അനുസരിച്ച രജിസ്റ്റർ ചെയ്ത ഒരു സൊസൈറ്റി ആണ്. ബാങ്കിങ് റെഗുലേഷൻ ആക്ട് പെരിന്തൽമണ്ണ ബാങ്കിന് ബാധകമല്ലെന്ന് വാദിച്ചു. കേരള കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് 1969 മാത്രമേ പരിഗണിക്കേണ്ട കാര്യമുള്ളുവെന്നും അതുപ്രകാരം ഞങ്ങൾ പ്രാഥമിക കാർഷിക സഹകരണ ബാങ്ക് ആണെന്ന് കമ്മിഷണർ മുമ്പാകെ ബോധിപ്പിച്ചു. റജിസ്ട്രാർ നൽകിയ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രകാരം തങ്ങൾ പാക്‌സ് ആണെന്നും അതിൽ കൂടുതൽ തെളിവുകൾ വേറെ ഒന്നും ആവശ്യമില്ലെന്നും ബാങ്കിന് വേണ്ടി ഹാജരായ CA വാദിച്ചു.

83. മേല്പറഞ്ഞ വാദങ്ങൾ ഒന്നും കമ്മീഷണർക്കു സ്വീകാര്യമായില്ല. വെറും റെജിസ്ട്രാറുടെ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പാക്സിനെ പ്രാഥമിക കാർഷിക സഹകരണ ബാങ്ക് ആണെന്ന് പറയാൻ കഴിയില്ലെന്നും അതിനാൽ ഒരു വിശദമായ അന്വേഷണം ഈ കാര്യത്തിൽ അനിവാര്യമാണെന്നും കമ്മിഷണർ ഉത്തരവ് ഇറക്കി. അങ്ങനെ വിശദമായി അന്വേഷണം നടത്തിയ ശേഷം പാക്‌സ് തന്നെയാണെന്ന് കണ്ടെത്തിയ ശേഷം മാത്രമേ 80P (4 ) പെരിന്തൽമണ്ണ ബാങ്കിന് ബാധകം ആവുമോ ഇല്ലയോ എന്ന് തീ രുമാനിക്കാൻ കഴിയു. ഇത്രയും പറഞ്ഞ ശേഷം ആദായനികുതി ആഫീസറുടെ ഉത്തരവ് കമ്മിഷണർ റദ്ധാക്കി അന്വേഷണങ്ങൾ നടത്തിയ ശേഷം വീണ്ടും ഒരു ഉത്തരവ് കൂടി പാസ്സാക്കാൻ കമ്മിഷണർ കല്പിച്ചു.
തുടരും..
SIVADAS CHETTOOR BCOM FCA LLM
9447137057
[email protected]

Leave a Reply

Your email address will not be published. Required fields are marked *

Latest News