കർഷക കടാശ്വാസം – പരിധി 2ലക്ഷം ആക്കിയത് പ്രഖ്യാപനത്തിലൊതുങ്ങി, തീർപ്പാക്കാതെ പതിനായിരക്കണക്കിന് അപേക്ഷകൾ.

adminmoonam

കർഷക കടാശ്വാസം- പരിധി 2ലക്ഷം ആക്കിയത് പ്രഖ്യാപനത്തിലൊതുങ്ങി. കമ്മീഷൻ തീർപ്പാക്കാതെ പതിനായിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുന്നു.കർഷക കടാശ്വാസ പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയാക്കി എന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം കടാശ്വാസം ലഭിക്കുന്നതിനുവേണ്ടി അപേക്ഷകരുടെ പ്രവാഹമാണ്. ഒക്ടോബർ 10 വരെ അപേക്ഷ നൽകാൻ സമയമുണ്ട്. എന്നാൽ സഹായത്തിന് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയാക്കി ഉള്ള തീരുമാനം ഇതുവരെ നടപ്പാക്കാൻ ആയിട്ടില്ല. ഇതിനായുള്ള നിയമഭേദഗതി തുടങ്ങി എന്നു പറയുന്നുണ്ടെങ്കിലും പ്രാബല്യത്തിൽ ആയിട്ടില്ല.


ഓരോ സഹകരണ സംഘത്തിലും ശരാശരി 500 ലധികം അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കടാശ്വാസ നിയമത്തിൽ ഭേദഗതി വരുത്തിയാൽ മാത്രമേ  പരിധി ഉയർത്താൻ ആകൂ. കർഷകരുടെ കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കർഷക കടാശ്വാസം വഴിയുള്ള സഹായം ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയാക്കി ഉയർത്തി എന്ന പ്രഖ്യാപനം എത്തിയത്. ഇതോടെ അപേക്ഷകരുടെ പ്രവാഹമായി. ഇതിനൊപ്പം ഇടുക്കി, വയനാട് ജില്ലകളിലെ കർഷകരുടെ 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകൾക്ക് കടാശ്വാസത്തിന് അർഹതയുണ്ടെന്ന തീരുമാനമുണ്ടായി. മറ്റു ജില്ലകളിലെ കർഷകരുടെ 2014 മാർച്ച് 31 വരെയുള്ള വായ്പകൾകാണു അർഹത. ഈ അപേക്ഷകളെല്ലാം പരമാവധി വേഗത്തിൽ തീർപ്പാക്കാൻ ആണ് കമ്മീഷൻ ശ്രമിക്കുന്നതെന്ന് സെക്രട്ടറി പറഞ്ഞു. ഇതിനായി മാസത്തിൽ നാല് സിറ്റിങ്ങുകൾ നടത്തുന്നുണ്ട്. ഇടുക്കി, വയനാട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് അപേക്ഷകൾ കൂടുതൽ. കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ചതിനുശേഷം വേണം പുതിയ അപേക്ഷകൾ പരിഗണിക്കാൻ. ഇത് എപ്പോൾ തുടങ്ങും എന്ന് പറയാൻ സാധിക്കില്ല. മൊറട്ടോറിയത്തിന്റെ പ്രഖ്യാപനവും കടാശ്വാസ കമ്മീഷൻ പരിധി ഉയർത്തിയതും സഹകരണ സംഘങ്ങളിൽ വായ്പാ തിരിച്ചടവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 1600 ലധികം പ്രാഥമിക സഹകരണ സംഘങ്ങൾ ഉണ്ട്. മറ്റ് സഹകരണസംഘങ്ങൾ 12000 ത്തിലധികവും. കർഷക കടാശ്വാസ കമ്മീഷന് ഇപ്പോൾ തന്നെ ലഭിച്ച അപേക്ഷകൾ ലക്ഷങ്ങൾ വരും. കടാശ്വാസം പ്രഖ്യാപിച്ചെങ്കിലും അതിന്റെ ഗുണം കർഷകർക്ക് ലഭിക്കാൻ വർഷങ്ങളെടുക്കും. ഇത് സഹകരണ സംഘങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News