അര്‍ബന്‍ ബാങ്ക് എം.ഡി: ആര്‍.ബി.ഐ. സര്‍ക്കുലറിനു മൂന്നു ഹൈക്കോടതികളില്‍ സ്‌റ്റേ
രാജ്യത്തെ അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ മാനേജിങ് ഡയരക്ടറെയോ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെയോ ( സി.ഇ.ഒ ) ആജീവനാന്ത ഡയരക്ടര്‍മാരെയോ നിയമിക്കുന്നതു തങ്ങള്‍ നിര്‍ദേശിക്കുന്ന മാനദണ്ഡമനുസരിച്ചായിരിക്കണമെന്ന റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലറിനു താത്കാലിക തിരിച്ചടി. ഈ സര്‍ക്കുലറിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ മൂന്നു ഹൈക്കോടതികള്‍ സ്റ്റേ അനുവദിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ജൂണ്‍ 25 നാണു റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മൂന്നു ഹൈക്കോടതികളും ഏതാണ്ട് ഒരേ സമയത്താണു നിയമനം സംബന്ധിച്ച ആര്‍.ബി.ഐ.യുടെ സര്‍ക്കുലര്‍ നടപ്പാക്കുന്നതു താത്കാലികമായി തടഞ്ഞത്. രാജസ്ഥാന്‍, പഞ്ചാബ് ആന്റ് ഹരിയാന, മധ്യപ്രദേശ് ഹൈക്കോടതികളാണു ഉത്തരവിറക്കിയത്.
തങ്ങള്‍ നിര്‍ദേശിക്കുന്ന യോഗ്യതയുള്ളവരെ ( റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന ഫിറ്റ് ആന്റ് പ്രോപ്പര്‍ മാനദണ്ഡമുള്ളവരെ ) മാത്രമേ എം.ഡി, സി.ഇ.ഒ. തസ്തികകളില്‍ നിയമിക്കാവൂ എന്നു റിസര്‍വ് ബാങ്ക് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നു. ഈ യോഗ്യതകളില്ലാത്തവരെ തല്‍സ്ഥാനങ്ങളില്‍ നിന്നു നീക്കാനും ആര്‍.ബി.ഐ. നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തിനെതിരെ ഏറ്റവുമൊടുവിലത്തെ വിധി മധ്യപ്രദേശില്‍ നിന്നാണുണ്ടായത്. 2020 ലെ ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുതയെയും ഭേദഗതിയെത്തുടര്‍ന്നുള്ള സര്‍ക്കുലറിനെയും ചോദ്യം ചെയ്തുകൊണ്ടുള്ള റിട്ട് ഹര്‍ജിയില്‍ സെപ്റ്റംബര്‍ മൂന്നിനാണു വിധിയുണ്ടായത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണു റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ തടഞ്ഞത്. ഭോപ്പാലിലെ മഹാനഗര്‍ നാഗരിക് സഹകാരി ബാങ്കാണു ഹര്‍ജിക്കാര്‍. ഭരണഘടനയുടെ ഏഴാം പട്ടികയനുസരിച്ച് സഹകരണം സംസ്ഥാന വിഷയമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.