അര്‍ബന്‍ ബാങ്കുകള്‍ കേന്ദ്ര നിയന്ത്രണത്തിലേക്ക്

Deepthi Vipin lal

-കിരണ്‍ വാസു

 

റിസര്‍വ് ബാങ്ക് നിയോഗിച്ച എന്‍.എസ്. വിശ്വനാഥന്‍ കമ്മിറ്റിയുടെ
റിപ്പോര്‍ട്ട് നടപ്പാകുന്നതോടെ സഹകരണ ബാങ്കുകളുടെ മേലുള്ള
സംസ്ഥാന നിയന്ത്രണം കുറയാന്‍ പോവുകയാണ്. പകരം,
കേന്ദ്ര നിയന്ത്രണം കൂടും. സഹകരണ സ്വഭാവം നഷ്ടപ്പെടുന്ന
നമ്മുടെ സഹകരണ ബാങ്കുകള്‍ കോര്‍പ്പറേറ്റ് സ്വഭാവത്തിലേക്കു മാറും.

 

 

സഹകരണ മേഖലയില്‍ നിയമപരമായും ഘടനാപരമായുമുള്ള മാറ്റം അനുദിനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സഹകരണം സംസ്ഥാന വിഷയമാണെന്നു സുപ്രീം കോടതി വിധി പറഞ്ഞിട്ട് ഏറെ നാളായിട്ടില്ല. പക്ഷേ, സഹകരണ രംഗത്തെ ഫെഡറല്‍ ഘടന ശുഷ്‌കിച്ചുപോകുന്ന പരിഷ്‌കാരമാണു റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നത്. റിസര്‍വ് ബാങ്ക് നിയോഗിച്ച എന്‍.എസ്. വിശ്വനാഥന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാകുന്നതോടെ സഹകരണ ബാങ്കുകളുടെ മേലുള്ള സംസ്ഥാന നിയന്ത്രണം കുറയുകയും കേന്ദ്ര നിയന്ത്രണം കൂടുകയും ചെയ്യുന്ന സ്ഥിതിയാണുണ്ടാവുക. ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടാകുന്ന മാറ്റം അര്‍ബന്‍ ബാങ്കുകളില്‍ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്നതു പഠിക്കാനാണു റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍.എസ്. വിശ്വനാഥന്‍ അധ്യക്ഷനായ എട്ടംഗ സമിതിയെ നിയോഗിച്ചത്. അര്‍ബന്‍ ബാങ്കുകളില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളും നിയന്ത്രണ നടപടികളും എങ്ങനെയാകണമെന്നു ശുപാര്‍ശ നല്‍കാനും കമ്മിറ്റിയുടെ ടേംസ് ഓഫ് റഫറന്‍സില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. വിശ്വനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമഗ്ര മാറ്റമാണു ശുപാര്‍ശ ചെയ്തിട്ടുള്ളത്. സഹകരണ ബാങ്കുകളില്‍ സഹകരണ സ്വഭാവം നഷ്ടമാക്കുകയും കോര്‍പ്പറേറ്റ് സ്വാഭാവം കൊണ്ടുവരികയും ചെയ്യുന്നതാണ് ഈ ശുപാര്‍ശകള്‍. മാത്രവുമല്ല, ഇതു നടപ്പാവുന്നതോടെ അര്‍ബന്‍ ബാങ്കുകള്‍ കേന്ദ്ര നിയന്ത്രണത്തിലേക്കു കൂടുതലായി മാറുകയും ചെയ്യും.

നിക്ഷേപം അടിസ്ഥാനമാക്കി അര്‍ബന്‍ ബാങ്കുകളെ നാലു വിഭാഗമാക്കി തിരിച്ച് നിയന്ത്രണം കൊണ്ടുവരാനാണു റിസര്‍വ് ബാങ്ക് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ഇതനുസരിച്ച് 100 കോടി രൂപ വരെ മാത്രം നിക്ഷേപമുള്ള ബാങ്കുകളാണു ടയര്‍ 1 എന്ന ഒന്നാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 100 മുതല്‍ 1000 കോടി രൂപവരെയുള്ളവ ടയര്‍ 2 വിഭാഗത്തിലാകും. 1000 കോടി മുതല്‍ 10,000 കോടി രൂപവരെ നിക്ഷേപമുള്ളവ ടയര്‍ 3 വിഭാഗത്തിലും അതിനു മുകളിലുള്ളവ ടയര്‍ 4 വിഭാഗത്തിലും ഉള്‍പ്പെടും. കേരളത്തിലെ അര്‍ബന്‍ ബാങ്കുകളില്‍ ഏറിയ പങ്കും ആദ്യത്തെ രണ്ട് വിഭാഗത്തില്‍പ്പെടുന്നവയാണ്. 1000 കോടിക്കു മുകളില്‍ നിക്ഷേപമുള്ള മൂന്നു അര്‍ബന്‍ ബാങ്കുകളും കേരളത്തിലുണ്ട്. ധനസ്ഥിതി മോശമായ അര്‍ബന്‍ സഹകരണ ബാങ്കുകളെ നിര്‍ബന്ധിതമായി ലയിപ്പിക്കാമെന്നതാണ് ഒരു പ്രധാന ശുപാര്‍ശ. ഇതനുസരിച്ച് സഹകരണ ബാങ്കുകള്‍ ആര്‍.ബി.ഐ. നടപടിക്കുള്ള മാര്‍ഗനിര്‍ദേശ ചട്ടക്കൂടിന്റെ മൂന്നാം ഘട്ടത്തിലായാല്‍ പുനരുജ്ജീവനത്തിന് അല്ലെങ്കില്‍ നിര്‍ബന്ധിത ലയനത്തിനു നടപടിയെടുക്കാം. മൂലധന പര്യാപ്തതാ അനുപാതം 4.5 ശതമാനത്തിനു താഴെയുള്ളതും അറ്റ നിഷ്‌ക്രിയ ആസ്തി 12 ശതമാനത്തിനു മുകളിലുള്ളതുമായ സഹകരണ ബാങ്കുകളാണ് ഈ വിഭാഗത്തില്‍ വരിക. ലയന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ബാങ്കിന്റെ ബോര്‍ഡുകള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ നിയന്ത്രണം ആര്‍.ബി. ഐ. ഏറ്റെടുക്കണം. ഇത്തരം സാഹചര്യങ്ങളില്‍ നിര്‍ബന്ധിത ലയനത്തിന് അല്ലെങ്കില്‍ പുനരുജ്ജീവനത്തിനു ആര്‍.ബി.ഐ. പ്രത്യേക പദ്ധതി തയാറാക്കണം. നിര്‍ബന്ധിത ലയനമെന്നാല്‍ മറ്റൊരു ബാങ്കിങ് സ്ഥാപനത്തില്‍ ലയിപ്പിക്കുകയോ ആസ്തികളും ബാധ്യതകളും മറ്റൊരു സാമ്പത്തിക സ്ഥാപനത്തിനു കൈമാറുകയോ ആണു ലക്ഷ്യം.

സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍, ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 45-ാം വകുപ്പു പ്രകാരം ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന മൊറട്ടോറിയത്തിനു സമാനമായി പരിഗണിക്കണം. ഇത്തരം നിയന്ത്രണങ്ങളില്‍ നിക്ഷേപകര്‍ക്കു പണം പിന്‍വലിക്കാനുള്‍പ്പെടെ നിയന്ത്രണങ്ങളുണ്ടാകും. ഇത് ഇടപാടുകാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ നിയന്ത്രണ കാലപരിധി പരമാവധി നീട്ടുന്നതു മൂന്നു മാസത്തില്‍ കൂടുതലാകരുത്. നിലവില്‍ അമ്പതോളം അര്‍ബന്‍ സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ബന്ധിത ലയനപ്പട്ടികയില്‍ പ്പെടുന്നതാണ്. കേരളത്തില്‍ മൂന്നെണ്ണമുണ്ട്. സഹകരണ ബാങ്കുകളുടെ ധനസ്ഥിതി പരിശോധിച്ച് അവയെ ലയിപ്പിക്കണമെങ്കില്‍ റിസര്‍വ് ബാങ്കിനു സ്വമേധയാ തീരുമാനമെടുക്കാമെന്നു ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിയിലൂടെ പുതിയ വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. ഇങ്ങനെ ലയിപ്പിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയും വേണ്ടതില്ല. ഒരു സഹകരണ ബാങ്കിനെ മറ്റൊരു സഹകരണ ബാങ്കുമായി മാത്രമേ ലയിപ്പിക്കാവൂ എന്നതും നിര്‍ബന്ധമല്ല. ഇന്ത്യയിലെ ഏതു ബാങ്കുമായും സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിനു ലയിപ്പിക്കാം. ഈ ഭേദഗതിക്കു പിന്നാലെയാണു നിര്‍ബന്ധിത ലയനം ഏതൊക്കെ ബാങ്കുകള്‍ക്കു വേണ്ടിവരുമെന്ന മാനദണ്ഡം വിശ്വനാഥന്‍ കമ്മിറ്റി തയാറാക്കുന്നത്. ഇതു രണ്ടും ചേര്‍ത്തുവെക്കുമ്പോഴാണു സഹകരണ ബാങ്കുകളില്‍, പ്രത്യേകിച്ച് അര്‍ബന്‍ ബാങ്കുകളില്‍, കേന്ദ്ര സര്‍ക്കാരിനും ആര്‍.ബി.ഐ.യ്ക്കും എത്രത്തോളം ശക്തമായി ഇടപെടാനാകുമെന്ന കാര്യം ബോധ്യപ്പെടുന്നത്. മാത്രവുമല്ല, സംസ്ഥാന സഹകരണ നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ ബാങ്കിന്റെ നിയന്ത്രണം സംസ്ഥാനത്തിനു നഷ്ടമാകുന്നുവെന്നതും തിരിച്ചറിയേണ്ടതുണ്ട്.

ഘടനാപരമായ മാറ്റം

കേരളത്തിലെ അര്‍ബന്‍ ബാങ്കുകള്‍ നിയമപരമായി സംസ്ഥാന സഹകരണ ബാങ്കിന്റെ അംഗബാങ്കായാണു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, റിസര്‍വ് ബാങ്ക് അങ്ങനെ കാണുന്നില്ല. അര്‍ബന്‍ ബാങ്കുകള്‍ സ്വതന്ത്ര ബാങ്കുകളാണെന്നും അവയ്ക്കു പ്രവര്‍ത്തനപരിധി നിശ്ചയിക്കേണ്ടതില്ലെന്നുമാണു റിസര്‍വ് ബാങ്കിന്റെ നിലപാട്. അതുകൊണ്ടുതന്നെ സംസ്ഥാന സഹകരണ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളും റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലാണെങ്കിലും രണ്ടുരീതിയിലാണ് ഈ ബാങ്കുകളില്‍ പരിഷ്‌കാരം നടപ്പാക്കുന്നത് എന്നു കാണാന്‍ കഴിയും. വിശ്വനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച് മൂന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അര്‍ബന്‍ ബാങ്കുകളെ സ്‌മോള്‍ ബാങ്കിങ്ങ് ഫിനാന്‍സ് കമ്പനികള്‍ക്കുള്ള എല്ലാ വ്യവസ്ഥകളും ബാധകമാക്കണമെന്നാണു പറയുന്നത്. ഇവയ്ക്ക് ഇന്ത്യയില്‍ എവിടെയും പ്രവര്‍ത്തിക്കാം. സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തന പരിധി ബാധകമാവില്ല. ഇവ മൂലധനപര്യാപ്തത 15 ശതമാനമെന്ന വ്യവസ്ഥ പാലിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

10,000 കോടി രൂപയിലധികം നിക്ഷേപമുള്ള ടയര്‍ 4 വിഭാഗത്തിലുള്ളവയ്ക്കു യൂണിവേഴ്‌സല്‍ ബാങ്കുകളുടെ മാതൃകയില്‍ പ്രവര്‍ത്തനാനുമതി നല്‍കാമെന്നാണു ശുപാര്‍ശ. ഇവയ്ക്ക് അന്താരാഷ്ട്ര ബാങ്കിങ് മാനദണ്ഡമായ ബാസല്‍ 3 വ്യവസ്ഥകള്‍ കൊണ്ടുവരണം. അതു പാലിച്ചാല്‍ വാണിജ്യ ബാങ്കുകള്‍ക്കു സമാനമായ രീതിയില്‍ രാജ്യത്തിനു പുറത്തുള്ള ബാങ്കുകളുമായി ഇടപാട് നടത്താം. വിദേശത്തു ശാഖകള്‍ തുറക്കാനും അനുമതിയുണ്ടാകും. അതിനായി മൂലധന പര്യാപ്തത 15 ശതമാനമുണ്ടാവണം. കൂടാതെ ചീഫ് എക്‌സിക്യുട്ടീവും മികച്ച ബോര്‍ഡ് സംവിധാനവും ഉണ്ടായിരിക്കണം. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കായി 300 കോടി രൂപ മൂലധനത്തില്‍ ഒരു നിയന്ത്രണ സംവിധാനം (അംബ്രല്ല ഓര്‍ഗനൈസേഷന്‍) രൂപവത്കരിക്കണം. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കു സമാനമായി നിയന്ത്രണ ചട്ടക്കൂടും ഒരുക്കണം. കൃത്യമായ ഓഡിറ്റ്, പരിശോധനാ സംവിധാനങ്ങളും നിയന്ത്രണ നിര്‍വഹണ വകുപ്പും സജ്ജമാകുന്ന മുറയ്ക്കു കാലക്രമത്തില്‍ ചെറു സഹകരണ ബാങ്കുകള്‍ക്കുള്ള സ്വയംനിയന്ത്രിത സംവിധാനമായി ഇതിനെ മാറ്റാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

നിര്‍ബന്ധിത അംഗത്വം

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന അര്‍ബന്‍ ബാങ്കുകള്‍ക്കുള്ള അംബ്രല്ല ഓര്‍ഗനൈസേഷനില്‍ സ്വമേധയാ അംഗത്വമാണു നിര്‍ദേശിക്കുന്നത്. എന്നാല്‍, അര്‍ബന്‍ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് കൊണ്ടുവരുന്ന നിബന്ധനകള്‍ പരിശോധിക്കുമ്പോള്‍ ഇതു നിര്‍ബന്ധിത അംഗത്വമായി മാറുമെന്നുറപ്പാണ്. അല്ലെങ്കില്‍ നിലനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് ഈ ബാങ്കുകള്‍ മാറും. അംബ്രല്ല ഓര്‍ഗനൈസേഷനില്‍ അംഗങ്ങളാകണമെന്ന നിര്‍ദേശം കേരളത്തിലെ എല്ലാ അര്‍ബന്‍ ബാങ്കുകള്‍ക്കും ലഭിച്ചിട്ടുണ്ട്. എന്നാല്‍, തല്‍ക്കാലും ഇതില്‍ അംഗമാകേണ്ടതില്ലെന്നാണു കേരളത്തിലെ അര്‍ബന്‍ ബാങ്ക് ഫെഡറേഷനിലെ ധാരണ. വിശ്വനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചാല്‍ ഫെഡറേഷന് ഈ നിലപാടില്‍ മാറ്റം വരുത്തേണ്ടിവരുമെന്നുറപ്പാണ്. കേന്ദ്ര അംബ്രല്ല ഓര്‍ഗനൈസേഷനില്‍ അംഗങ്ങളാകാത്ത സഹകരണ ബാങ്കുകള്‍ക്കു മൂലധന പര്യാപ്തത 11.5 ശതമാനമാക്കി ഉയര്‍ത്താനാണു നിര്‍ദേശം. നിലവില്‍ ഇത് ഒമ്പതു ശതമാനമാണ്.

ടയര്‍ 1 വിഭാഗത്തിലെ ബാങ്കുകള്‍ക്കു കുറഞ്ഞ നെറ്റ്‌വര്‍ത്ത് (ബാങ്കിന്റെ എല്ലാ ബാധ്യതകളും തീര്‍ത്തു ബാക്കിവരുന്ന തുക) രണ്ട് കോടിയോ അഞ്ചു കോടിയോ ആണെങ്കില്‍ മൂലധന പര്യാപ്തത ഒമ്പതു ശതമാനം മതി. പക്ഷേ, ഈ ബാങ്കുകള്‍ കേന്ദ്ര അപ്പക്‌സ് ബോഡിയില്‍ അംഗത്വം എടുത്തില്ലെങ്കില്‍ 11.5 ശതമാനം സി.ആര്‍.എ.ആര്‍. വേണമെന്നാണു വ്യവസ്ഥ. ഒരു ജില്ലയില്‍ മാത്രം പ്രവര്‍ത്തന പരിധിയുള്ള അര്‍ബന്‍ ബാങ്കുകളാണെങ്കില്‍ നെറ്റ്‌വര്‍ത്ത് രണ്ടു കോടിയും ഒന്നിലേറെ ജില്ലകളില്‍ പ്രവര്‍ത്തന പരിധിയുണ്ടെങ്കില്‍ അഞ്ചു കോടിയും വേണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. അഞ്ചു കോടി നെറ്റ്‌വര്‍ത്ത് വേണ്ട ബാങ്കുകള്‍ക്ക് അതു കൈവരിക്കാന്‍ കഴിയാതിരിക്കുകയും അംബ്രല്ല ഓര്‍ഗനൈസേഷനില്‍ അംഗത്വമില്ലാതിരിക്കുകയും ചെയ്താല്‍ മൂലധനപര്യാപ്തത 14 ശതമാനം വേണം. ഇല്ലെങ്കില്‍ ആര്‍.ബി.ഐ. നടപടി വരും. കേരളത്തിലെ 51 അര്‍ബന്‍ ബാങ്കുകള്‍ക്കു നിലവില്‍ ഒമ്പതു ശതമാനം സി.ആര്‍.എ.ആര്‍. കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രവുമല്ല, ഇവയില്‍ പലതിനും കുറഞ്ഞ നെറ്റ്‌വര്‍ത്ത് രണ്ടു കോടിയുമില്ല. ഈ പ്രതിസന്ധികള്‍ നേരിടുന്നതിനിടയിലാണ് അംബ്രല്ല ഓര്‍ഗനൈസേഷനില്‍ അംഗങ്ങളായില്ലെങ്കില്‍ സി.ആര്‍.എ.ആര്‍. 11.5 ശതമാനമാകുമെന്ന വ്യവസ്ഥ വരുന്നത്. അതിനാല്‍, എല്ലാ അര്‍ബന്‍ ബാങ്കുകള്‍ക്കും കേന്ദ്ര അപ്പക്‌സ് ബോഡിയില്‍ അംഗത്വം എടുക്കേണ്ടത് അനിവാര്യമാകും.

അംഗത്വം എടുത്തില്ലെങ്കില്‍ അതു കേരളത്തിലെ സഹകരണ ബാങ്കുകളെ ബാധിക്കില്ലെന്നായിരുന്നു അര്‍ബന്‍ ബാങ്ക് ഫെഡറേഷന്റെ ഇതുവരെയുള്ള വിലയിരുത്തല്‍. സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ബന്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിനു മറ്റ് ഇടപെടല്‍ സാധ്യമാവില്ലെന്നായിരുന്നു കണക്കുകൂട്ടല്‍. ഈ തീരുമാനം അംഗീകരിച്ചാല്‍ കേരളത്തിലെ അര്‍ബന്‍ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നിര്‍ദേശം പാലിക്കാനാകാതെ വരും. അതു നിക്ഷേപം പിന്‍വലിക്കുന്നതിനടക്കം വിലക്കുവരുന്ന നിയന്ത്രണങ്ങളിലേക്കു റിസര്‍വ് ബാിന്റെ ഇടപെടലിനു വഴിയൊരുക്കും.

പുതിയ ശാഖ തുറക്കാം

അംബ്രല്ല ഓര്‍ഗനൈസേഷനില്‍ അംഗമാകുന്നതിന്റെ ഗുണങ്ങളും വിശ്വനാഥന്‍ കമ്മിറ്റി മുന്നോട്ടുവെക്കുന്നുണ്ട്. സാങ്കേതിക സഹായവും വിദേശവിനിമയത്തിനുള്ള സഹായവും ലഭ്യമാക്കുമെന്നതാണ് ഇതില്‍ ആദ്യത്തേത്. പുതിയ ശാഖകള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളാണു മറ്റൊന്ന്. അംബ്രല്ല ഓര്‍ഗനൈസേഷനില്‍ അംഗമായാല്‍ 10 ശതമാനം ശാഖകള്‍ ഓരോ ബാങ്കിനും അധികമായി തുടങ്ങാമെന്നാണു ശുപാര്‍ശ ചെയ്തിട്ടുള്ളത്. 100 കോടി രൂപവരെ നിക്ഷേപമുള്ള ടയര്‍ 1 വിഭാഗത്തില്‍പ്പെടുന്ന അര്‍ബന്‍ ബാങ്കുകളാണു കേരളത്തില്‍ ഏറെയുള്ളത്. ഇവയ്ക്കാണു പുതിയ വ്യവസ്ഥ പ്രാധാനമായും ബാധകമാകുന്നത്. ഈ വിഭാഗത്തിലുള്ള ബാങ്കുകള്‍ക്കു പത്തു ശതമാനം ശാഖകള്‍ അധികമായി തുറക്കാന്‍ അനുമതി നല്‍കും. അധികമായി തുറക്കുന്ന ശാഖകള്‍ ഗ്രാമീണ മേഖലയ്ക്കു പ്രാധാന്യം നല്‍കണമെന്നതാണു മറ്റൊരു വ്യവസ്ഥ. ടയര്‍ 2 വിഭാഗത്തില്‍ വരുന്ന ബാങ്കുകള്‍ക്കും പത്തു ശതമാനം ശാഖകളാണ് അധികമായി തുറക്കാന്‍ അനുമതി നല്‍കുക. ഈ വിഭാഗത്തിലുള്ള ബാങ്കുകള്‍ പുതുതായി തുടങ്ങുന്ന ശാഖകളില്‍ 25 ശതമാനം ഗ്രാമീണ മേഖലയിലാകണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതോടെ, അര്‍ബന്‍ ബാങ്കുകളെന്നാല്‍ നഗരകേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഒന്നാണെന്ന കേരള സഹകരണ നിയമത്തിലെ കാഴ്ചപ്പാട് ഇല്ലാതാകും. ഗ്രാമീണ മേഖലയിലടക്കം പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കായി കേരളത്തിലെ അര്‍ബന്‍ ബാങ്കുകളെ മാറ്റുകയെന്ന രീതിയാണു കേന്ദ്രം സ്വീകരിക്കുന്നത്.

1000 കോടി മുതല്‍ 10,000 കോടി രൂപവരെ നിക്ഷേപമുള്ള മൂന്നാം വിഭാഗത്തില്‍ മൂന്നു ബാങ്കുകളാണു കേരളത്തിലുള്ളത്. പെരിന്തല്‍മണ്ണ, ഇരിങ്ങാലക്കുട, നിലമ്പൂര്‍ അര്‍ബന്‍ ബാങ്കുകളാണിവ. ഈ ബാങ്കുകള്‍ നിര്‍ബന്ധമായും അംബ്രല്ല ഓര്‍ഗനൈസേഷനില്‍ അംഗമാകണം. അതില്‍ നിന്നു മാറിനില്‍ക്കാന്‍ വ്യവസ്ഥയില്ല. മാത്രവുമല്ല, ഇവ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘം നിയമത്തിലേക്കു മാറേണ്ടിയും വരും. കാരണം, ഇവയുടെ പ്രവര്‍ത്തനപരിധി ഇന്ത്യയൊട്ടാകെയാവും. കേരള ബാങ്കിനു സമാനമായി ഈ ബാങ്കുകള്‍ക്കു ഷെഡ്യൂള്‍ഡ് ബാങ്ക് പദവി നല്‍കാനാണു ശുപാര്‍ശ. അതിലൂടെ നബാര്‍ഡ് റീഫിനാന്‍സ്, മുദ്രാ വായ്പകള്‍, കേന്ദ്ര പദ്ധതികളില്‍ പങ്കാളിത്തം എന്നിവയുമുണ്ടാകും. ഇതു നടപ്പാകുന്നതോടെ മൂന്നു അര്‍ബന്‍ ബാങ്കുകളും പൂര്‍ണമായും കേന്ദ്ര നിയന്ത്രണത്തിലേക്കു മാറും. ഇതില്‍ സംസ്ഥാന സഹകരണ വകുപ്പിന് ഒരു രീതിയിലും ഇടപെടന്‍ അധികാരമുണ്ടാവില്ല. അര്‍ബന്‍ ബാങ്കുകള്‍ അംബ്രല്ല ഓര്‍ഗനൈസേഷനില്‍ അംഗത്വമെടുക്കണമെന്നതു തുടക്കത്തില്‍ നിര്‍ദേശം മാത്രമായാണു് നല്‍കുന്നതെങ്കിലും പിന്നീട് അതില്‍ മാറ്റം വരുത്താനാണു സാധ്യത. കേരളം വിയോജിച്ചു നിന്നാല്‍ നിബന്ധനകള്‍ കര്‍ശനമാക്കി നിര്‍ബന്ധിത അംഗത്വത്തിലേക്കു് പോകും. ഇതിനുള്ള ഇടപെടല്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നുമുണ്ടാകും. അര്‍ബന്‍ ബാങ്കുകളില്‍ പരിശോധന, മേല്‍നോട്ടം എന്നിവയെല്ലാം നടത്തുന്ന രീതിയിലാണു കേന്ദ്ര തലത്തില്‍ അംബ്രല്ല ഓര്‍ഗനൈസേഷന്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതു കേരളത്തിലെ അര്‍ബന്‍ ബാങ്കുകള്‍ക്കും ബാധകമാക്കുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published.