അര്‍ബന്‍ ബാങ്കുകളുടെ ദേശീയ ശൃംഖലയില്‍ കേരളത്തിലെ ബാങ്കുകളില്ല

[mbzauthor]

അര്‍ബന്‍ സഹകരണ ബാങ്കുകളെ ഒന്നിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ദേശീയ അംബ്രല്ല ഓര്‍ഗനൈഷനില്‍ കേരളത്തിലെ ബാങ്കുകളില്ല. നാഷണല്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍.യു.സി.എഫ്.ഡി.സി.) എന്ന പേരിലാണ് അംബ്രല്ല ഓര്‍ഗനൈസേഷന്‍ തുടങ്ങിയത്. രാജ്യത്തെ എല്ലാ അര്‍ബന്‍ ബാങ്കുകളും ഇതിന്റെ ഓഹരി പങ്കാളികളായി അംബ്രല്ല ഓര്‍ഗനൈഷന്റെ ഭാഗമാകണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശിച്ചരുന്നു. എന്നാല്‍, കേരളത്തിലെ അര്‍ബന്‍ ബാങ്കുകള്‍ ഓഹരി എടുത്തിട്ടില്ല. സഹകരണ മേഖലയുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമാണ് അംബ്രല്ല ഓര്‍ഗനൈസേഷന്റെ രൂപീകരണമെന്നതാണ് കേരളത്തിന്റെ നിലപാട്.

മാര്‍ച്ച് രണ്ടിനാണ് അര്‍ബന്‍ ബാങ്കുകളുടെ ദേശീയ അപ്പക്‌സ് സ്ഥാപനമായ എന്‍.യു.സി.എഫ്.ഡി. സി. ഉദ്ഘാടനം ചെയ്യുന്നത്. 2020-ല്‍തന്നെ കമ്പനി നിയമപ്രകാരം അര്‍ബന്‍ ബാങ്കുകളുടെ അംബ്രല്ല ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരുന്നു. റിസര്‍വ് ബാങ്ക് നിയോഗിച്ച എന്‍.വി.വിശ്വനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതകിന്റെ ഭാഗമായി കൂടിയായിരുന്നു ഇത്. അര്‍ബന്‍ ബാങ്കുകളെ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി തിരിക്കുകയും അവയുടെ പ്രവര്‍ത്തനത്തിന് ദേശീയ തലത്തില്‍ ഒരു അപ്പക്‌സ് സ്ഥാപനം തുടങ്ങുകയും ചെയ്യണമെന്ന നിര്‍ദ്ദേശമാണ് കമ്മിറ്റി മുന്നോട്ടുവെച്ചിരുന്നത്.

എല്ലാ അര്‍ബന്‍ ബാങ്കുകളും ഇതില്‍ നിര്‍ബന്ധിത അംഗമായിരിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി ഓഹരി എടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ സഹകരണ മേഖലയെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര നടപടിയുടെ ഭാഗമായാണ് കേരളം ഇതിനെയും കണ്ടത്. അതിനാല്‍, കേരളത്തിലെ അര്‍ബന്‍ ബാങ്കുകളൊന്നും ഇതില്‍ അംഗമായിട്ടില്ല. അംബ്രല്ല ഓര്‍ഗനൈസേഷനില്‍ അംഗമല്ലാത്ത അര്‍ബന്‍ ബാങ്കുകള്‍ക്ക് മൂലധന പര്യാപ്തത കൂടിയ നിരക്കില്‍ വേണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതായത്, സാധാരണ രീതിയില്‍ 9 ശതമാനമാണ് സി.ആര്‍.എ.ആര്‍. വേണ്ടതെങ്കില്‍, അത് 11.5 ശതമാനമായി ഉയരും.

അംബ്രല്ല ഓര്‍ഗനൈസേഷന്‍ അര്‍ബന്‍ ബാങ്കുകളുടെ നിയന്ത്രണ അതോറിറ്റിയായാണ് മാറുന്നത്. അതിനാല്‍, ഇതില്‍നിന്ന് മാറിനില്‍ക്കുന്നത് കേരളത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. നാഷണല്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഒരു നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനുള്ള ലൈസന്‍സ് റിസര്‍വ് ബാങ്ക് നല്‍കിയിട്ടുണ്ട്.

നാല് രീതിയിലാണ് എന്‍.യു.സി.എഫ്.ഡി.സി. അര്‍ബന്‍ ബാങ്കുകളെ സഹായിക്കുന്നത്. പ്രവര്‍ത്തന മൂലധനത്തിന് ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കുക, റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ പാലിക്കാന്‍ കഴിയുന്ന വിധത്തില്‍ അര്‍ബന്‍ ബാങ്കുകള്‍ക്ക് പരിശീലവും മറ്റ് സഹായങ്ങളും നല്‍കുക, അധിക നിക്ഷേപം അര്‍ബന്‍ ബാങ്കുകള്‍ക്കുവേണ്ടി ട്രേഡിങ്ങിന് ഉപയോഗിച്ച് ലാഭം ഉറപ്പാക്കി കൊടുക്കുക, കുറഞ്ഞ ചെലവില്‍ എല്ലാ അര്‍ബന്‍ ബാങ്കുകള്‍ക്കുമായി ഐ.ടി. സേവനം ലഭ്യമാക്കുക എന്നിവയാണിത്.

ഐ.ടി. കാര്യങ്ങളിലും ട്രേഡിങ്ങിലും ചെറിയ അര്‍ബന്‍ ബാങ്കുകള്‍ക്ക് ഇടപെടന്‍ കഴിയുന്നില്ലെന്ന പോരായ്മയുണ്ട്. ഐ.ടി. സംവിധാനം ഒരുക്കുന്നതിന് വലിയ ചെലവ് ബാങ്കുകള്‍ വഹിക്കേണ്ടിവരും. ട്രേഡിങ് രംഗത്ത് വിദഗ്ധരുടെ സേവനം വേണ്ടതാണ്. ഈ രണ്ടുകാര്യങ്ങളിലും അര്‍ബന്‍ ബാങ്കുകള്‍ക്ക് വേണ്ടി വിദഗ്ധരെ ഉപയോഗിച്ച് ഏജന്‍സിയായി പ്രവര്‍ത്തിക്കുക എന്ന ദൗത്യവും എന്‍.യു.സി.എഫ്.ഡി.സി.ക്കുണ്ട്. ഇതിലൊന്നിലും കേരളത്തിലെ അര്‍ബന്‍ ബാങ്കുകള്‍ പങ്കാളിയായിട്ടില്ല. അതിന്റെ ഫലം എന്താകുമെന്ന് ഭാവിയിലേ അറിയാനാകൂ.

[mbzshare]

Leave a Reply

Your email address will not be published.