അര്‍ബന്‍ ബാങ്കുകളിലെ വകുപ്പ് ഓഡിറ്റര്‍മാര്‍ക്ക് നിയമനത്തുടര്‍ച്ച നല്‍കും

Deepthi Vipin lal

അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ വകുപ്പുതല ഓഡിറ്റ് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതിനു നിയമഭേദഗതി ആവശ്യമുണ്ടെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. തുടര്‍നടപടി സ്വീകരിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍, സഹകരണ ഓഡിറ്റ് ഡയരക്ടര്‍ എന്നിവര്‍ക്കു ചുമതല നല്‍കിയിട്ടുണ്ട്.

ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി വന്നതോടെ അര്‍ബന്‍ ബാങ്കുകളില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രമാണ് റിസര്‍വ് ബാങ്ക് അംഗീകരിക്കുക. 69 അര്‍ബന്‍ സഹകരണ ബാങ്കുകളാണ് കേരളത്തിലുള്ളത്. ഈ സ്ഥാപനങ്ങളിലെ ഓഡിറ്റിനായി സഹകരണ വകുപ്പിലെ നൂറോളം ഓഡിറ്റ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നുണ്ട്. ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതോടെ വകുപ്പുദ്യോഗസ്ഥരുടെ സേവനം തുടരേണ്ടതില്ലെന്നു മിക്ക അര്‍ബന്‍ ബാങ്ക്  ഭരണസമിതികളും തീരുമാനിച്ചു. ഇതനുസരിച്ച് ഓഡിറ്റ് ജീവനക്കാരെ പിന്‍വലിക്കണമെന്നു കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് മന്ത്രി അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. ആര്‍.ബി.ഐ. നിര്‍ദേശപ്രകാരം അര്‍ബന്‍ ബാങ്കുകളില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഡിറ്റ് നടത്തുന്നതിനു നിലവിലുള്ള കേരള സഹകരണ സംഘം നിയമം തടസ്സമല്ലെന്നു യോഗം വിലയിരുത്തി. നിലവില്‍ ജില്ലാ സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക്, മറ്റ് അപ്പക്സ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഡിറ്റിനൊപ്പം സഹകരണ വകുപ്പിന്റെ ഓഡിറ്റും നടക്കുന്നുണ്ട്. ഈ കീഴ്‌വഴക്കം അര്‍ബന്‍ സഹകരണ ബാങ്കുകളിലും തുടരുന്നതിനു തടസ്സമില്ലെന്നു യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ച നിയമഭേദഗതി ആവശ്യമില്ലെന്നും അര്‍ബന്‍ ബാങ്കുകളിലെ ഓഡിറ്റിങ്ങില്‍ തല്‍സ്ഥിതി തുടരാനും യോഗം തീരുമാനിച്ചു.

കേരള സര്‍വീസ് ചട്ടം 156 അനുസരിച്ച് നിലവിലുള്ള കണ്‍കറന്റ് ഓഡിറ്റര്‍മാര്‍ ഓഡിറ്റ് ചെയ്യുന്നതിനു അര്‍ബന്‍ ബാങ്കുകള്‍ തടസ്സം നില്‍ക്കുന്നതായും കാലാവധി കഴിഞ്ഞതും ഓഡിറ്റ് കോസ്റ്റ് അടയ്ക്കാന്‍ ബാക്കിയുള്ളതുമായ ബാങ്കുകളില്‍ തസ്തിക പുതുക്കി തീരുമാനമെടുക്കാത്തതിനാല്‍ നിരവധി ഓഡിറ്റര്‍മാര്‍ക്ക് മാസങ്ങളായി ശമ്പളം കിട്ടാത്ത സ്ഥിതിയുള്ളതായും ഓഡിറ്റ് ഡയരക്ടര്‍ യോഗത്തെ അറിയിച്ചു.

അര്‍ബന്‍ ബാങ്കുകളില്‍ നിലവിലുള്ള സഹകരണ വകുപ്പിന്റെ ഓഡിറ്റ് അതേപടി തുടരുന്നതിനു ബാങ്ക് ഭരണസമിതി പ്രതിനിധികളുമായി ഉടനെ ചര്‍ച്ച നടത്താന്‍ യോഗം തീരുമാനിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ (ക്രെഡിറ്റ് ), അഡീഷണല്‍ രജിസ്ട്രാര്‍ (ജനറല്‍), അഡീഷണല്‍ ഡയരക്ടര്‍ ഓഡിറ്റ്, കേരളബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News