അന്താരാഷ്ട്ര സഹകരണ ദിനാഘോഷം ശനിയാഴ്ച ഓണ്‍ലൈനായി നടത്തും
അന്താരാഷ്ട്ര സഹകരണ ദിനാഘോഷം ജൂലായ് മൂന്നിനു കേരളത്തില്‍ ഓണ്‍ലൈനായി നടത്തും. അന്നു രാവിലെ പത്തു മണിക്ക് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പ്രഭാഷണം നടത്തും.
‘ ഒരുമിച്ചു നിന്നു മെച്ചപ്പെട്ട പുനര്‍നിര്‍മാണം ‘ എന്നതാണ് ഈ വര്‍ഷത്തെ സഹകരണ ദിനത്തിന്റെ പ്രമേയം. കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെ സഹകരണ പ്രസ്ഥാനം എങ്ങനെയാണ് ഐക്യദാര്‍ഢ്യത്തോടെ നേരിട്ടത് എന്നു ലോകത്തിനു കാണിച്ചുകൊടുക്കുകയാണ് ഈ പ്രമേയം കൊണ്ടുദ്ദേശിക്കുന്നത്. ഒരുമിച്ചു നിന്നു മെച്ചപ്പെട്ട രീതിയില്‍ ലോകത്തെ പുതുക്കിപ്പണിയാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനുമുള്ള അവസരമായി ഈ ദിനത്തെ സഹകാരികള്‍ പ്രയോജനപ്പെടുത്തണമെന്ന സന്ദേശമാണ് പ്രമേയം മുന്നോട്ടുവെക്കുന്നതെന്നു സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് അഭിപ്രായപ്പെട്ടു.
ശനിയാഴ്ച രാവിലെ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍ നടത്തുന്ന പരിപാടിയില്‍ മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡുകളും പ്രഖ്യാപിക്കും. വിദ്യാതരംഗിണി വായ്പാ പദ്ധതി ഉദ്ഘാടനവും യുവസംരംഭകരും സഹകരണ പ്രസ്ഥാനവും എന്ന വിഷയത്തില്‍ പ്രഭാഷണവും ഉണ്ടാകും. വകുപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലും യൂട്യൂബ്, ഫെയ്‌സ് ബുക്ക് ലൈവ്, വാട്‌സാപ്പ് എന്നിവയിലൂടെ പരിപാടി തത്സമയം എത്തിക്കും. സഹകരണ സംഘങ്ങള്‍, അപ്പക്‌സ് സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, സഹകരണ വകുപ്പ് ഓഫീസ് എന്നിവിടങ്ങളില്‍ സഹകാരികളും ഭരണസമിതിയംഗങ്ങളും ജീവനക്കാരും വകുപ്പുദ്യോഗസ്ഥരും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒത്തുചേരും. ഓരോ സ്ഥാപനത്തിലും സാമൂഹിക അകലം പാലിച്ച് വലിയ സ്‌ക്രീനില്‍ പരിപാടി പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം ഒരുക്കണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു.
http://youtube.com/c/PRORCS എന്ന യൂട്യൂബ് ലിങ്കിലും സഹകരണ മന്ത്രിയുടെ www.facebook.com/vnvasavanofficial എന്ന ഫെയ്‌സ്ബുക്ക് പേജിലും സഹകരണ സംഘം രജിസ്ട്രാറുടെ www.facebook.com/rcskerala എന്ന ഫെയ്‌സ്ബുക്ക് പേജിലും പരിപാടി ലൈവായി കാണാം.