അഞ്ച് അര്‍ബന്‍ ബാങ്കുകള്‍ക്ക് 84 ലക്ഷം രൂപ പിഴയിട്ട് റിസര്‍വ് ബാങ്ക്

moonamvazhi

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു അഞ്ച് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു മൊത്തം 84 ലക്ഷം രൂപ റിസര്‍വ് ബാങ്ക് പിഴ ചുമത്തി. ഇതില്‍ ഒരു ബാങ്കിന് അമ്പതു ലക്ഷം രൂപയാണു പിഴയിട്ടത്.

മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും ദാമന്‍, ദിയു, ദാദ്ര-നഗര്‍ ഹവേലി എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലും പ്രവര്‍ത്തനപരിധിയുള്ള മള്‍ട്ടി സ്റ്റേറ്റ് ഷെഡ്യൂള്‍ഡ് ബാങ്കായ എന്‍.കെ.ജി.എസ്.ബി. സഹകരണ ബാങ്കിനാണ് അമ്പതു ലക്ഷം രൂപയുടെ പിഴശിക്ഷ. ബാങ്കിലെ ഇടപാടുകാരെ അറിയുക ( കെ.വൈ.സി ) എന്നതു സംബന്ധിച്ച നിബന്ധനകള്‍ പാലിച്ചില്ല എന്നതാണു കുറ്റം. മുംബൈയിലെ ന്യൂ ഇന്ത്യ സഹകരണ ബാങ്കിനു 15 ലക്ഷം രൂപയാണു പിഴശിക്ഷ. അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ലാഭത്തില്‍നിന്നു കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു സംഭാവന നല്‍കുന്നതില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പരിധി 2020-21 സാമ്പത്തികവര്‍ഷം ലംഘിച്ചതാണ് ഈ ബാങ്കിന്റെ കുറ്റം.

ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ പറ്റ്ഡി നാഗരിക് സഹകാരി ബാങ്കിനു 10 ലക്ഷം രൂപയാണു പിഴയിട്ടത്. ബാങ്കിന്റെ ഒരു ഡയറക്ടറുടെ ബന്ധുവിനു താല്‍പ്പര്യമുള്ള ഒരു ട്രസ്റ്റിനു സംഭാവന നല്‍കി എന്നതും വ്യവസ്ഥകള്‍ ലംഘിച്ചു മറ്റൊരു ഡയറക്ടറുടെ ബന്ധുക്കള്‍ക്കു വായ്പ നല്‍കി എന്നതുമാണു കുറ്റം. ഗുജറാത്തിലെത്തന്നെ മെഹ്‌സാന നാഗരിക് സഹകാരി ബാങ്കാണു പിഴ ചുമത്തപ്പെട്ട മറ്റൊരു അര്‍ബന്‍ ബാങ്ക്. ഏഴു ലക്ഷം രൂപയാണ് ഈ ബാങ്ക് പിഴയായി നല്‍കേണ്ടത്. ബാങ്കിന്റെ ഡയറക്ടര്‍മാരിലൊരാള്‍ ഗാരണ്ടറായി നിന്നു വായ്പ അനുവദിച്ചതും നിക്ഷേപക വിദ്യാഭ്യാസ-ബോധവത്കരണ നിധിയിലേക്ക് അര്‍ഹതപ്പെട്ട പണം കൈമാറാത്തതുമാണു കുറ്റം. ഗുജറാത്തിലെ സബര്‍കന്ദ ജില്ലയിലെ ഇദാര്‍ നാഗരിക് സഹകാരി ബാങ്കിനു രണ്ടു ലക്ഷം രൂപയാണു പിഴ. മറ്റു ബാങ്കുകളില്‍ നിക്ഷേപം ഇടുന്നതുസംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ചതാണു കുറ്റം.

Leave a Reply

Your email address will not be published. Required fields are marked *

Latest News