ഹൗസിങ് ഫെഡറേഷനിലെ ശമ്പളപരിഷ്‌കരണത്തിലെ അപാകത തിരുത്തി സര്‍ക്കാര്‍

moonamvazhi

സംസ്ഥാന സഹകരണ ഹൗസിങ് ഫെഡറേഷനിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലുണ്ടായ അപാകത സര്‍ക്കാര്‍ തിരുത്തി. 2021 ആഗസ്റ്റ് 10നാണ് ഹൗസിങ് ഫെഡറേഷനിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച് ഉത്തരവിറക്കിയത്. ഇതില്‍ അനോമലിയുണ്ടെന്നും അത് പരിഹരിക്കണമെന്നും കാണിച്ച് വിവിധ സര്‍വീസ് സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രാഥമിക പരിശോധന നടത്തി സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് നല്‍കിയ കത്തിലും തിരുത്തല്‍ വരുത്തേണ്ടതുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയത്.

ശമ്പള ഫിക്‌സേഷന്‍, സര്‍വീസ് വെയിറ്റേജ്, സ്റ്റാഗ്നേഷന്‍ ഇന്‍ക്രിമെന്റ്, സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്, സമയബന്ധിത ഹയര്‍ഗ്രേഡ്, മെഡിക്കല്‍ അലവന്‍സ് എന്നിവയുടെ കാര്യത്തിലാണ് തിരുത്തല്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ശമ്പള പരിഷ്‌കരണത്തിന് 2015 ജനുവരി ഒന്നുമുതല്‍ പ്രാബല്യമുണ്ടായിരിക്കുമെന്ന് പുതുക്കിയ ഉത്തരവില്‍ പറയുന്നു.

അടിസ്ഥാന ശമ്പളത്തോടൊപ്പം 38 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച ശേഷം നാല് ശതമാനം ഫിറ്റ്‌മെന്റ് നല്‍കിയാണ് അടിസ്ഥാന ശമ്പളം കണക്കാക്കുക. ഇതില്‍ അഞ്ചുവര്‍ഷത്തെ സര്‍വീസിന് ഒരു ഇന്‍ക്രിമെന്റ് എന്ന തോതില്‍ പരമാവധി മൂന്ന് ഇന്‍ക്രിമെന്റ് വെയിറ്റേജായി നല്‍കാമെന്നും പുതുക്കിയ ഉത്തരവില്‍ പറയുന്നു. അടിസ്ഥാന ശമ്പളം നിര്‍ണയിക്കുമ്പോള്‍ പരിഷ്‌കരിച്ച സ്‌കെയിലിന്റെ മിനിമത്തല്‍ ശമ്പളം നിശ്ചയിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.

സ്റ്റേഗ്നേഷന്‍ ഇന്‍ക്രിമെന്റ് കണക്കാക്കുമ്പോള്‍, അവസാനം വാങ്ങിയ വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്കില്‍ പരമാവധി മൂന്ന് ഇന്‍ക്രിമെന്റുകള്‍ അനുവദിക്കാവുന്നതാണെന്നാണ് തിരുത്ത്. സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളത് പ്രകാരം 2015 ജനുവരി ഒന്നുമുതല്‍ 2021 ഫിബ്രവരി 28വരെ അനുവദിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ് പ്രകാരമുള്ള ഹയര്‍ഗ്രേഡ് ഹൗസ് ഫെഡിലും അനുവദിക്കാം. ഒരുവര്‍ഷം 3000 രൂപ മെഡിക്കല്‍ അലവന്‍സായി നല്‍കാമെന്നും സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published.