സൗജന്യ കിറ്റില്‍ പാല്‍പ്പൊടിയും നെയ്യും; മില്‍മയുടെ ശുപാര്‍ശ നടപ്പാക്കാന്‍ ആലോചന

Deepthi Vipin lal

റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സൗജന്യ കിറ്റില്‍ പാല്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന മില്‍മയുടെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. നെയ്യും പാല്‍പ്പൊടിയും കിറ്റില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. ലോക്ഡൗണ്‍ മൂലം ഉത്പന്നങ്ങളുടെ വില്‍പന കുറഞ്ഞതും അധികം വരുന്ന പാലില്‍ നിന്ന് മറ്റ് ഉത്പന്നങ്ങളുടെ നിര്‍മാണം വര്‍ധിച്ചതും മില്‍മയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.

അധികമായി സംഭരിക്കുന്ന പാല്‍ മുഴുവനായും വിതരണം ചെയ്യാനാവുന്നില്ല. അന്യസംസ്ഥാനങ്ങളിലേക്ക് അയച്ചാണ് പാല്‍, പാല്‍പ്പൊടിയാക്കുന്നത്. ഈ സാഹചര്യത്തില്‍ ക്ഷീരകര്‍ഷകരെ സഹായിക്കാനാണ് പുതിയ ശുപാര്‍ശ. 100 ഗ്രാം നെയ്യും 200 ഗ്രാം പാല്‍പ്പൊടിയും കിറ്റില്‍ ഉള്‍പ്പെടുത്തണം എന്നാണ് നിര്‍ദ്ദേശം. നിലവില്‍ പാല്‍ ഉത്പന്നങ്ങളൊന്നും സൗജന്യകിറ്റില്‍ ലഭ്യമല്ല. മില്‍മ ഉത്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതോടെ കിറ്റ് സമഗ്രമാവുമെന്ന് മില്‍മ ചെയര്‍മാന്‍ പി.എ.ബാലന്‍ മാസ്റ്റര്‍ പറഞ്ഞു.


മില്‍മ ടെട്രാപാക്ക് പാല്‍ വിതരണത്തിന് തയ്യാറായി കഴിഞ്ഞു. തുടക്കത്തില്‍ കസ്റ്റം പാക്ക് ആയാണ് വിതരണം. ആരോഗ്യപരിരക്ഷാ പദ്ധതി വഴി അങ്കണവാടികളിലേക്കും മില്‍മാ പാല്‍ നല്‍കുന്നുണ്ട്. 90 ദിവസം വരെ കേടുകൂടാതെ ഇരിക്കുന്ന രീതിയിലാണ് ഈ പാല്‍ തയ്യാറാക്കുന്നത്. ആദ്യ ഘട്ടത്തില്‍ മലബാര്‍ മേഖലയിലാണ് പദ്ധതി നടപ്പാക്കിയത്. ഇപ്പോള്‍ എറണാകുളം മേഖലയിലും നടപ്പാക്കി വരുന്നു.

കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കര കയറാനായിട്ടില്ലെങ്കിലും പുതിയ നിര്‍ദ്ദേശം ക്ഷീരകര്‍ഷകര്‍ക്ക് വലിയ ആശ്വാസമാവും. പാല്‍ ഉത്പാദനം വന്‍ തോതില്‍ വര്‍ധിച്ചതോടെ ഇടക്കാലത്ത് സംഭരണത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് കര്‍ഷകരെ ദുരിതത്തില്‍ ആക്കിയിരുന്നു. ലിറ്ററു കണക്കിന് പാല്‍ ഒഴുക്കി കളയേണ്ട അവസ്ഥയാണ് പലര്‍ക്കുമുണ്ടായത്. സര്‍ക്കാരിന്റെ അടിയന്തര ഇടപെടലിലൂടെ സംഭരണ നിയന്ത്രണം മില്‍മ നീക്കി. മലബാര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി. ഒന്നര ലക്ഷം ലിറ്ററിനടുത്ത് പാലാണ് മേഖലയില്‍ അധികമായി സംഭരിക്കുന്നത്. തിരുവനന്തപുരം മേഖല മലബാര്‍ മേഖലയില്‍ നിന്നും പാല്‍ വാങ്ങുന്നത് പുനരാരംഭിച്ചതും പ്രതിസന്ധിയുടെ ആക്കം കുറച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published.