സുപ്രീംകോടതി വിധി സഹകരണസംഘങ്ങൾക്ക് അനുകൂലമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

[mbzauthor]

ആദായനികുതി (80)P യുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വിധി സംഘങ്ങൾക്ക് അനുകൂലമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ അവരുടെ ലാഭത്തിന്റെ മൂന്നിലൊന്ന് ആദായനികുതി നൽകണമെന്ന ആദായ നികുതി വകുപ്പിന്റെ നിലപാടിൽ സുപ്രീംകോടതി വിധി സംഘങ്ങൾക്ക് അനുകൂലമായതോടെ കോടിക്കണക്കിന് രൂപയുടെ നികുതി ബാധ്യതയിൽ നിന്ന് സംഘങ്ങൾക്ക് ആശ്വാസം ലഭിക്കുകയാണ്.

സംഘങ്ങളുടെ ലാഭം മുഴുവൻ ആദായനികുതി ഒടുക്കുന്നതിൽ നിന്ന് സെക്ഷൻ(80)P പ്രകാരം കുറവ് ചെയ്തുതന്നിരുന്നു. ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്ന സംഘങ്ങളുടെ ലാഭം മുഴുവനും ഇതുപ്രകാരം മുൻകാലങ്ങളിൽ ഒഴിവാക്കിത്തന്നിരുന്നു. എന്നാൽ സംഘങ്ങളുടെ പ്രവർത്തനം ബാങ്കുകളുടെ പ്രവർത്തനങ്ങൾക്ക് സമാനമാണ് എന്ന് വ്യാഖ്യാനിച്ചു കൊണ്ട് ആദായനികുതി വകുപ്പ് സംഘങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന (80)P ആനുകൂല്യം നിഷേധിക്കുകയും ഓരോ സംഘങ്ങൾക്കും കോടിക്കണക്കിന് രൂപയുടെ അസ്സസ്സ്മെൻറ് നടത്തി നോട്ടീസ് നൽകുകയും ചെയ്തു. ഇതിനെതിരെ കേരളത്തിലെ സഹകാരികൾ വലിയ നിയമപോരാട്ടമാണ് നടത്തിയത്. ഈ വിഷയത്തിൽ ബഹു.കേരള ഹൈക്കോടതിയുടെ വിധി സംഘങ്ങൾക്കെതിരായ സാഹചര്യം സഹകരണ മേഖലയിൽ വലിയ ആശങ്കയാണുണ്ടാക്കിയത്.

ഈ സാഹചര്യത്തിൽ സംഘങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് സർക്കാർ മുന്കൈയ്യെടുത്ത് സഹകാരികളുടെ യോഗം വിളിച്ചുചേർക്കുകയും വിദഗ്ദരായ അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവരുമായി ചർച്ച ചെയ്യുകയും ചെയ്തു. തുടർന്ന് ബഹു.കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ ബഹു.സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയും ചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ ശ്രീ.കോലിയക്കോട് കൃഷ്ണൻ നായർ അദ്ധ്യക്ഷനും ശ്രീ.കുഞ്ഞികൃഷ്ണൻ (കണ്ണൂർ) കൺവീനറുമായി ഒരു സമിതി രൂപീകരിക്കുകയും കേസുനടത്തിപ്പിന്റെ ചുമതല ഈ സമിതിയെ ഏൽപ്പിക്കുകയും ചെയ്തു. ശ്രീ. എം.പുരുഷോത്തമൻ (പാലക്കാട്), ശ്രീ.ദാമോദരൻ(കോഴിക്കോട്), ശ്രീ.ബേബി(എറണാകുളം), അഡ്വ. പ്രതാപചന്ദ്രൻ(തിരുവനന്തപുരം) എന്നിവരും സമിതിയിൽ അംഗങ്ങളായിരുന്നു. തുടർന്ന് ഈ സമിതിയുടെ മേൽനോട്ടത്തിൽ നടത്തിയ കേസിലാണ് സംഘങ്ങൾക്ക് അനുകൂലമായി ഇപ്പോൾ ബഹു.സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്. ജസ്റ്റിസ്. റോഹിൻടൺ നരിമാൻ, ജസ്റ്റിസ്,കെ.എം.ജോസഫ്, ജസ്റ്റിസ്.നവീൻ സിൻഹ എന്നിവരുടെ ബെഞ്ചിൽ കഴിഞ്ഞ ഡിസംബർ 2-നാണ് കേസിന്റെ വാദം പൂർത്തിയായത്. സംഘങ്ങൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ അഡ്വ.ശ്യാം ദിവാൻ, അഡ്വ.അരവിന്ദ് ഡറ്റാർ , അഡ്വ.രഞ്ജിത്ത് മാരാർ, അഡ്വ.ഗിരി എന്നിവർ ഹാജരായി കേസിന്റെ ഓരോ ഘട്ടങ്ങളിലും യോഗം വിളിച്ചു ചേർത്ത് ആവശ്യമായ നിർദേശങ്ങളും നൽകിയിരുന്നു.

വിവിധ ഘട്ടങ്ങളിൽ കേസിന്റെ നടത്തിപ്പുമായി സഹകരിച്ച അഡ്വ.അരുൺരാജ്, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ശ്രീ.മോഹനൻ(കണ്ണൂർ), ശ്രീ.ശിവദാസ് ചേറ്റൂർ(പാലക്കാട്) എന്നിവരെയും ഇതിനുവേണ്ടി പ്രയത്നിച്ച സഹകാരികൾക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു. കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.

കേരളത്തിന്റെ സഹകരണ മേഖലക്ക് വലിയ ആശ്വാസമാകുന്നതാണ് ഇന്നത്തെ ബഹു.സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധിയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

[mbzshare]

Leave a Reply

Your email address will not be published.