സഹകരണ സ്വാശ്രയ സംഘം പരീക്ഷിക്കാവുന്ന മാതൃകയെന്ന് തമിഴ്‌നാട്

moonamvazhi

സഹകരണ മേഖലയിലൂടെ കര്‍ഷകരുടെയും സാധാരണക്കാരുടെയും കുടുംബ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിക്ക് സഹകരണ സ്വാശ്രയ സംഘം എന്ന രീതി പരീക്ഷിക്കാവുന്നതാണെന്ന് തമിഴ്‌നാട്. ഇത് ദേശീയ സഹകരണ നയത്തിന്റെ ഭാഗമാക്കണമെന്ന നിര്‍ദ്ദേശമാണ് 15 അംഗ ഉന്നത ഉദ്യോഗസ്ഥ സമിതി കേന്ദ്ര സഹകരണ മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സഹകരണ നയത്തില്‍ സംസ്ഥാനത്തിന്റെ അഭിപ്രായം നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാരാണ് പ്രത്യേക സമിതിയെ നിയോഗിച്ചത്. ഇത്തരമൊരു സമിതിയെ നിയോഗിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച ഏക സംസ്ഥാനവും തമിഴ്‌നാടാണ്.

ഗ്രാമീണ മേഖളയിലെ 75 ശതമാനം കുടുംബങ്ങളെയും പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ ഭാഗമാക്കാന്‍ തമിഴ്‌നാടിന് കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം കുടുംബങ്ങളില്‍ ഒരംഗമെങ്കിലും ഒരു കാര്‍ഷിക സംഘത്തില്‍ അംഗമാണ്. സഹകരണ കൂട്ടായ്മയുടെ ലക്ഷ്യവും നേട്ടവും സാധാരണക്കാരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ കൂടി ഫലമാണ് ഈ നേട്ടം. സഹകരണ സംഘങ്ങളില്‍ അംഗമാവരിലൂടെ ആ കുടുംബത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനാണ് സ്വാശ്രയ സംഘം എന്ന ആശയം തമിഴ്‌നാട് നടപ്പാക്കിയത്. സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ സ്വാശ്രയ ഗ്രൂപ്പുകളുണ്ടാക്കുകയാണ് ഇതിനായി ചെയ്തത്.

എല്ലാവര്‍ഷവും ജനുവരി ഒന്നിന് ഓരോ സഹകരണ സംഘവും അതിലെ അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന നിര്‍ദ്ദേശവും തമിഴ്‌നാട് നടപ്പാക്കിയിട്ടുണ്ട്. ഇത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നല്‍കുകയും വേണം. ഇതിലൂടെ ഓരോ സംഘങ്ങളിലും അംഗങ്ങളാകുന്നവരുടെ വളര്‍ച്ച സര്‍ക്കാരിന് മനസിലാക്കാനാകും. വ്യാജ അംഗങ്ങളെ ജനകീയമായിതന്നെ കണ്ടെത്തുന്നതിനും തിരുത്തുന്നതിനും ഈ നടപടി സഹായകമാണെന്നാണ് തമിഴ്‌നാടിന്റെ വിലയിരുത്തല്‍. രാജ്യത്തെ ചില സഹകരണ സംഘങ്ങള്‍ കുറച്ചുപേരുടെ അധികാര സ്ഥാപനമായി മാറുന്ന സ്ഥിതിയുണ്ടെന്ന കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അംഗങ്ങളുടെ ജനാധിപത്യ നിയന്ത്രണമെന്ന സഹകരണ തത്വം പാലിക്കപ്പെടുന്നില്ലെന്നാണ് കേന്ദ്രം പറഞ്ഞത്. ഇതിന് തമിഴ്‌നാട് നടപ്പാക്കുന്ന ശുദ്ധീകരണ നടപടി എന്ന നിലയിലാണ് അംഗങ്ങളുടെ പട്ടിക ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന രീതി കേന്ദ്രത്തെ അറിയിച്ചിട്ടുള്ളത്.

 

Leave a Reply

Your email address will not be published.