സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ ആപല്‍ബന്ധു: മുഖ്യമന്ത്രി
ഏതൊരു ഘട്ടത്തിലും തുണയായിനില്‍ക്കുന്ന ആപല്‍ബന്ധുവായാണ് സഹകരണ സ്ഥാപനങ്ങളെ ജനങ്ങള്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങളെ ചെറുക്കാന്‍ ബഹുജനങ്ങള്‍ അണിനിരന്നത് അതിനാലാണ്. പെരിന്തല്‍മണ്ണ അര്‍ബന്‍ കോ- ഓപറേറ്റീവ് ബാങ്കിന്റെ ശതാബ്ദിമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോടതിപ്പടിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി വി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
നൂറ്റാണ്ടിലെ മഹാപ്രളയം നേരിട്ടപ്പോള്‍ സഹകരണ മേഖല ഉണര്‍ന്നുപ്രവര്‍ത്തിച്ചു. കെയര്‍ഹോം പദ്ധതിയില്‍ രണ്ടായിരത്തിലധികം വീടുകള്‍ നിര്‍മിച്ചുനല്‍കി. സഹകരണ മേഖലയ്ക്ക് സംസ്ഥാനം എക്കാലവും മികച്ച പിന്തുണയാണ് നല്‍കുന്നത്. കേരള ബാങ്ക് കാര്യക്ഷമമായി മുന്നോട്ടുപോകുമ്പോള്‍ വിപുലീകൃത സംവിധാനം ആവശ്യമാണ്. ഇത്തരം സ്ഥാപനങ്ങളെയെല്ലാം ഏകീകൃത സോഫ്റ്റ്വെയര്‍വഴി ബന്ധിപ്പിക്കുന്ന നടപടി അവസാന ഘട്ടത്തിലാണ്. പട്ടികജാതി- വര്‍ഗ സംഘങ്ങളുടെ വിപുലീകരണത്തിന് 14 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് സ്വന്തം ബ്രാന്‍ഡ് സൃഷ്ടിച്ച് പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. ജില്ലകള്‍തോറും കോപ്മാര്‍ട്ടുകള്‍ വരും. ഓണ്‍ലൈന്‍ വിപണിയിലും വിദേശത്തുമെല്ലാം സഹകരണ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫ് കോ- ഓപറേറ്റീവ് പ്രൊഡക്ട്സ് പദ്ധതി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
1916 ല്‍ ഐക്യനാണയസംഘം എന്ന പേരില്‍ രൂപീകരിച്ച് 1940 ലാണ് അര്‍ബന്‍ ബാങ്കായി മാറിയത്. ജില്ലയുടെ സാമ്പത്തിക രംഗത്ത് ശക്തസാന്നിധ്യമാണ് ഇന്ന് ബാങ്ക്. മുന്‍മന്ത്രി പാലോളി മുഹമ്മദ്കുട്ടി, എം.എല്‍.എമാരായ നജീബ് കാന്തപുരം, പി. അബ്ദുള്‍ ഹമീദ്, ഇ. എന്‍ മോഹന്‍ദാസ്, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ പി.ഷാജി, അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. ഷംസുദ്ദീന്‍, വി. ശശികുമാര്‍, വി. രമേശന്‍, പി.പി. വാസുദേവന്‍, പറക്കോട്ടില്‍ ഉണ്ണി, കെ.പി.എം മുസ്തഫ എന്നിവര്‍ പങ്കെടുത്തു. സി.ഇ.ഒ സി. രവീന്ദ്രനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് ചെയര്‍മാന്‍ സി. ദിവാകരന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ എസ്.ആര്‍. രവിശങ്കര്‍ നന്ദിയും പറഞ്ഞു.