സഹകരണ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്താനുള്ള ധനകാര്യ വകുപ്പിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേരള സഹകരണ ഫെഡറേഷൻ: സഹകരണ വകുപ്പിനെ നോക്കുകുത്തിയാക്കുന്ന നടപടിക്കെതിരെ സഹകാരികൾ ശക്തമായി പ്രതികരിക്കണമെന്ന് സി.എൻ. വിജയകൃഷ്ണൻ.

adminmoonam

സഹകരണ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്താനുള്ള ധനകാര്യ വകുപ്പിന്റെ പുതിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേരള സഹകരണ ഫെഡറേഷൻ പറഞ്ഞു. സഹകരണ വകുപ്പിനെ നോക്കുകുത്തിയാക്കുന്ന നടപടിക്കെതിരെ സഹകാരികൾ ശക്തമായി പ്രതികരിക്കണമെന്ന് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. ധനകാര്യ വകുപ്പ് സഹകരണമേഖലയിൽ കടന്നുകയറ്റത്തിന് ശ്രമം നടത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും സർക്കാരിന്റെ പണമുണ്ട്. അത്തരം സ്ഥാപനങ്ങളിൽ വകുപ്പ് മിന്നൽ പരിശോധന നടത്തുന്നതിന് തടസ്സമില്ല. എന്നാൽ പോലും അതെല്ലാം സ്വതന്ത്ര സ്ഥാപനങ്ങളാണ്. സഹകരണ സ്ഥാപനങ്ങൾ സഹകരണ നിയമത്തിനും സഹകരണ രജിസ്ട്രാർക്കും കീഴിലാണ് പ്രവർത്തിക്കുന്നത്. ഓരോ സംഘങ്ങളും സ്വതന്ത്രമാണ്. അതുകൊണ്ടുതന്നെ സ്വതന്ത്രമായ ഭരണസമിതിയും ഉണ്ട്. അവിടേക്ക് എല്ലാവർക്കും വരാം എന്ന രീതി ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. സഹകരണ വകുപ്പിനെ നോക്കുകുത്തിയാക്കുന്ന സമീപനം തിരുത്താൻ തയ്യാറാകണം. ഇത് ഒരിക്കലും സഹകാരികൾക്ക് അംഗീകരിക്കാനാകില്ല ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും വിജയകൃഷ്ണൻ ആവശ്യപ്പെട്ടു.

ധനവകുപ്പിന്റെ ഉത്തരവിനെതിരെ രാഷ്ട്രീയഭേദമന്യേ സഹകാരികൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. കഴിഞ്ഞ കുറെ നാളുകളായി ഓരോ സമയത്തും ഇറക്കുന്ന സർക്കുലറുകളും ഉത്തരവുകളും സഹകരണമേഖലയെ നശിപ്പിക്കുകയാണ്. കോവിഡ് കാലത്തിന് ശേഷം ശക്തമായ പ്രതിഷേധം ഇതിനെതിരെ സഹകരണ ഫെഡറേഷൻ സംഘടിപ്പിക്കും. കോവിഡ് കാലത്ത് ഏതുതരത്തിലുള്ള ഉത്തരവും ഇറക്കാം എന്നാണ് ധനവകുപ്പും സർക്കാരും ഉദ്ദേശിക്കുന്നതെങ്കിൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ മുഴുവൻ സഹകാരികളും പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News