സഹകരണ സംഘങ്ങളുടെ സബ്സിഡറി സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

moonamvazhi

സഹകരണ സംഘങ്ങള്‍ സബ്സിഡറി സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവരാന്‍ സഹകരണ വകുപ്പ് ആലോചിക്കുന്നു. ഉപ സ്ഥാപനങ്ങള്‍ തുടങ്ങുന്നത് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യവസ്ഥ കൊണ്ടുവരാനാണ് ധാരണ. മാത്രവുമല്ല, ഇങ്ങനെ തുടങ്ങുന്ന സ്ഥാപനങ്ങളില്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് ഓഡിറ്റ്, ഇന്‍സ്പെക്ഷന്‍ എന്നിവ നടത്താനുള്ള അധികാരം കൊണ്ടുവരും. ഏത് രേഖകള്‍ എപ്പോള്‍ വേണമെങ്കിലും രജിസ്ട്രാര്‍ക്കോ അദ്ദേഹം ചുമലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്താമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുന്നതും പരിഗണനയിലാണ്.

സഹകരണ നിയമം 14-എ വകുപ്പ് അനുസരിച്ച് സഹകരണ സംഘങ്ങളുടെ പൊതുയോഗത്തിന്റെ ഭൂരിപക്ഷ തീരുമാനം അനുസരിച്ച് ഉപസ്ഥാപനങ്ങള്‍ തുടങ്ങാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. പൊതുയോഗത്തിന്റെ തീരുമാനം നടപ്പാക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് പറയുന്നത്. ഇതിന് മാറ്റം വരുത്താനാണ് ആലോചിക്കുന്നത്. സഹകരണ സംഘങ്ങള്‍ തുടങ്ങുന്ന സബ്‌സിഡറി സ്ഥാപനങ്ങള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാകരുതെന്ന നിബന്ധന വെക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. സബ്‌സിഡിറി സ്ഥാപനങ്ങള്‍ സഹകരണ നിയമപ്രകാരമോ ചാരിറ്റബിള്‍ സൊസൈറ്റി നിയമപ്രകാരമോ ആകണമെന്ന അഭിപ്രായമാണ് കരട് നിയമഭേദഗതി ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്.

അംഗങ്ങളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിച്ചാകണം സബ്‌സിഡിറി സ്ഥാപനങ്ങള്‍ തുടങ്ങേണ്ടത്. ഇങ്ങനെ തുടങ്ങുന്ന സ്ഥാപനത്തെയും അതിന്റെ പ്രവര്‍ത്തനത്തെയും കുറിച്ച് വിശദമായ പദ്ധതി രേഖ തയ്യാറാക്കണം. ഈ പദ്ധതിരേഖയുള്‍പ്പടെയാണ് പൊതുയോഗത്തിന് മുമ്പാകെ വെക്കേണ്ടത്. പൊതുയോഗം അംഗീകരിച്ചാല്‍ സഹകരണ സംഘം രജിസ്ട്രാറുടെ അനുമതിക്കായി നല്‍കണം. രജിസ്ട്രാര്‍ അനുമതി നല്‍കുന്നതിന് മുമ്പ് സര്‍ക്കാരിനെ അറിയിച്ച് അനുകൂല തീരുമാനം വാങ്ങേണ്ടതുണ്ടെന്ന വ്യവസ്ഥയാകും പുതുതായി കൊണ്ടുവരിക.

ലാഭത്തിലുള്ള സംഘങ്ങള്‍ക്ക് മാത്രമേ സബ്‌സിഡിറി യൂണിറ്റുകള്‍ തുടങ്ങാന്‍ പാടുള്ളൂവെന്ന വ്യവസ്ഥയും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ട്. ലാഭത്തില്‍നിന്നുള്ള വിഹിതം മാത്രമാണ് സബ്‌സിഡറി സ്ഥാപനങ്ങള്‍ക്കുള്ള ഓഹരിയായി നല്‍കാന്‍ പാടുള്ളൂ. ആവര്‍ത്തിച്ച് സാമ്പത്തിക സഹായം നല്‍കേണ്ടതുണ്ടെങ്കില്‍ അത് രജിസ്ട്രാറുടെ അനുമതിയോടെ മാത്രമാകണം. ഇത്തരം സഹായം വായ്പയായി മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്നും നിയന്ത്രണം കൊണ്ടുവരും. ഏതെങ്കിലും സഹകരണ സംഘത്തിന്റെ സബ്‌സിഡിറി സ്ഥാപനത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കണമെങ്കില്‍, ആ സ്ഥാപനത്തിന്റെ ഭരണസമിതിയില്‍ സര്‍ക്കാര്‍ നോമിനിയെ ഉള്‍പ്പെടുത്തണമെന്ന ഉപാധിയും കൊണ്ടുവരും. സഹകരണ സംഘങ്ങളുടെ ഉപസ്ഥാപനങ്ങളിലും സര്‍ക്കാരിനും സഹകരണ വകുപ്പിനും നിയന്ത്രണം ലഭ്യമാകുന്ന വിധത്തിലാണ് നിര്‍ദ്ദേശിക്കപ്പെട്ട വ്യവസ്ഥകള്‍.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!