സഹകരണ സംഘങ്ങളുടെവാര്‍ഷിക പൊതുയോഗം ചേരാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി
സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വാര്‍ഷിക പൊതുയോഗം വിളിച്ചു ചേര്‍ക്കുന്നതിനുള്ള സമയപരിധി മൂന്നു മാസത്തേക്കു നീട്ടി. 2021 ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സമയപരിധി നീട്ടിക്കൊണ്ടാണു സര്‍ക്കാര്‍ ഉത്തരവിട്ടത്. കോവിഡ് വ്യാപനത്തെത്തുടര്ന്നാണു ഈ നടപടി.
2013 ലെ കേരള സഹകരണ സംഘം ( ഭേദഗതി ) നിയമമനുസരിച്ച് സാമ്പത്തിക വര്‍ഷം അവസാനിച്ച തീയതി മുതല്‍ ആറു മാസത്തിനകം സംഘങ്ങള്‍ വാര്‍ഷിക പൊതുയോഗം നടത്തിയിരിക്കണം. ഇങ്ങനെ പൊതുയോഗം വിളിക്കാന്‍ ഭരണസമിതി മുതിരാത്ത പക്ഷം രജിസ്ട്രാറോ രജിസ്ട്രാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കാലാവധി കഴിഞ്ഞുള്ള 90 ദിവസത്തിനകം പൊതുയോഗം വിളിച്ചിരിക്കണം എന്നാണു വ്യവസ്ഥ. ഇതിനുള്ള ചെലവു സംഘം വഹിക്കണം. ഇപ്രകാരം പൊതുയോഗം വിളിക്കുന്നതില്‍ പരാജയപ്പെടുന്ന ഭരണസമിതിയംഗങ്ങള്‍ക്കു ഒരു തവണത്തേക്കു ഭരണസമിതിയംഗമായി തിരഞ്ഞെടുക്കപ്പെടാനുള്ള അര്‍ഹതയും നഷ്ടപ്പെടുമായിരുന്നു.
കോവിഡ് വ്യാപനം കാരണം സാമൂഹിക അകലം പോലുള്ള പ്രോട്ടോക്കോള്‍ പാലിക്കാന്‍ സംഘാംഗങ്ങള്‍ക്കും ഓഡിറ്റര്‍മാരെയോ ഓഡിറ്റിങ് സ്ഥാപനങ്ങളെയോ നിശ്ചിത സമയത്തിനകം നിയമിക്കാനായി വാര്‍ഷിക പൊതുയോഗം വിളിച്ചുചേര്‍ക്കാന്‍ സഹകരണ സംഘങ്ങള്‍ക്കും കഴിയാത്തതിനാല്‍ വാര്‍ഷിക പൊതുയോഗം വിളിക്കുന്നതില്‍ നിന്നു ഇളവു നല്‍കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. 2021 ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ഇളവു നല്‍കണം എന്നതായിരുന്നു ശുപാര്‍ശ. ഇത് അംഗീകരിച്ച സര്‍ക്കാര്‍ പൊതു താല്‍പ്പര്യം പരിഗണിച്ചാണു കാലാവധി നീട്ടിയത്.
2013 ല്‍ ഭേദഗതി ചെയ്ത കേരള സഹകരണ സംഘം ( ഭേദഗതി ) നിയമത്തിലെ സെക്ഷന്‍ 29 ലെ ഉപ സെക്ഷന്‍ 1, 3, 4 എന്നിവയുടെയും സെക്ഷന്‍ 63 ലെ ഉപസെക്ഷന്‍ 4, 8, 9, 10, 11, 12 എന്നിവയുടെയും സെക്ഷന്‍ 64, 66 സി. എന്നിവയിലെ ഉപസെക്ഷനുകളായ 4, 4 എ, 4 ബി, 5 എന്നിവയുടെയും വ്യവസ്ഥകളില്‍ നിന്നു എല്ലാ സംഘങ്ങളെയും മൂന്നു മാസത്തേക്കു ഒഴിവാക്കിക്കൊണ്ടാണു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.
[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/10/Annual-General-Body-Meeting.pdf” title=”Annual General Body Meeting”]